ഇടയ്‌ക്കൊരു നിമിഷം അമ്മേ എന്നു വിളിച്ചാലോ...! അഭീലിന്റെ വിളികാത്ത് ബിനുവും ഡാര്‍ളിയും

 


കോട്ടയം: (www.kvartha.com 10.10.2019) കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആ ദുരന്ത വാര്‍ത്ത മാതാപിക്കളുടെ ചെവിയില്‍ എത്തിയത്. സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയിലിടിച്ചാണ് അഭീല്‍ ജോണ്‍സണ് പരിക്കേറ്റത്. അമ്മയുണ്ടാക്കിയ പ്രഭാതഭക്ഷണം കഴിച്ച് ആഹ്ളാദത്തോടെ പടിയിറങ്ങിപ്പോയതാണ് മകന്‍. പിന്നെയവര്‍ കേട്ടത് ഏക മകന്റെ അപകടവാര്‍ത്തയായിരുന്നു.

പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയ അഞ്ചുകുട്ടികളില്‍ ഒരാളായിരുന്നു അഭീല്‍. വ്യാഴാഴ്ചയായിരുന്നു സെലക്ഷന്‍. അതിന്റെ സന്തോഷത്തിലായിരുന്നു അവന്‍. അതിന്റെ പിറ്റേന്നായിരുന്നു അപകടം നടന്നത്. ബിനുവും ഡാര്‍ളിയും കോട്ടയം മെഡിക്കല്‍ കോളേജ് ട്രോമാകെയര്‍ തീവ്ര പരിചരണ വിഭാഗത്തിന്റെ മുന്നില്‍ പ്രാര്‍ഥനയോടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ബുധനാഴ്ചത്തേക്ക് ഏഴാം ദിവസമാവുന്നു.

ഇടയ്‌ക്കൊരു നിമിഷം അമ്മേ എന്നു വിളിച്ചാലോ...! അഭീലിന്റെ വിളികാത്ത് ബിനുവും ഡാര്‍ളിയും

'നാളെ അവന് ഡയാലിസിസ് നടത്തണമെന്ന് ഡോക്ടര്‍ പറഞ്ഞു. ക്രിയാറ്റിന്റെ അളവ് കൂടുതലാണ്'-തീവ്രപരിചരണവിഭാഗത്തില്‍ മകനെ കണ്ടിട്ട് ഇറങ്ങിവരുമ്പോള്‍ ബന്ധുക്കളോടായി ബിനു പറഞ്ഞു.

ഡാര്‍ളിയുടെയും കര്‍ഷകനായ ബിനുവിന്റെയും ഏക മകനാണ് 16-കാരനായ അഭീല്‍. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള അഭീല്‍ പള്ളിയിലെ ഗായകസംഘത്തിലും ആത്മീയകാര്യങ്ങളിലും സജീവമായിരുന്നു. 'അവന് ഫുട്ബോളിലായിരുന്നു കമ്പം. വോളിബോളും കളിക്കുമായിരുന്നു. നല്ല പാസും നീക്കങ്ങളുമായിരുന്നു. നല്ലൊരു സ്പോര്‍ട്സ് താരമാകണമെന്നായിരുന്നു ആഗ്രഹം'-ബിനു വിങ്ങലോടെ പറഞ്ഞു.

ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂരിലെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ അധ്വാനിച്ചാണ് അഭീലിന്റെ കുടുംബം കഴിയുന്നത്. അവനുവേണ്ടി ചൊവ്വൂര്‍ ഗ്രാമം മുഴുവന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുന്നു; ഒപ്പം സ്‌കൂളിലെ കുട്ടികളും അധ്യാപകരും കേട്ടറിഞ്ഞവരും. 'പ്രാര്‍ഥനയില്‍ മാത്രമാണ് ഞങ്ങളിപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. ദൈവഹിതമല്ലാതെ ജീവിതത്തില്‍ ഒന്നും സംഭവിക്കില്ലെന്നുറപ്പുണ്ട്. അവിടത്തെ ഇഷ്ടം നടക്കട്ടെ.'

പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ മൂന്നുകിലോയുടെ ഹാമര്‍ തലയിലിടിച്ചാണ് അഭീല്‍ ജോണ്‍സണ് പരിക്കേറ്റത്. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും അപകടനില തുടരുകയാണ്. ട്രോമാകെയര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ക്കഴിയുന്ന അഭീലിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറിന് ഇളക്കവും കണ്ണുകള്‍ക്ക് പരിക്കുമുണ്ട്. ചെലവുകളെല്ലാം സര്‍ക്കാറാണ് വഹിക്കുന്നത്.

'അവനെ തൊടുമ്പോള്‍ ഇപ്പോള്‍ അനങ്ങുന്നുണ്ട്. ഇപ്പോള്‍ ഞാനവനെ തൊട്ടപ്പോള്‍ ഞെട്ടുന്നതുപോലെ. പേരുവിളിക്കുമ്പോഴും അനക്കമുണ്ട്, മോന്‍ ഉള്ളില്‍ എല്ലാം അറിയുന്നുണ്ടാവും അല്ലേ?'-പിന്നാലെ വന്ന ഡാര്‍ളി പ്രതീക്ഷയോടെ പറഞ്ഞു.

അപ്രതീക്ഷിതമായി ജീവിതത്തിനേറ്റ കടുത്ത പ്രഹരത്തിലും പരസ്പരം ആശ്വസിപ്പിച്ച്, മകന്‍ കിടക്കുന്ന മുറിയുടെ വാതില്‍ക്കല്‍ ഉറക്കംപോലുമില്ലാതെ ഇവര്‍ കാത്തിരിക്കുന്നു. ഇടയ്ക്കൊരു നിമിഷം അമ്മേ എന്നു വിളിച്ചാലോ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Kottayam, school, Sports, Football, Parents, hospital, Accident, Student, Coma, Hamer, Teachers, Government, The Parents Waiting For Their Son,  Waking up  in Coma
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia