പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കല്‍: സര്‍ക്കാരിന് ലഭിക്കുന്നത് കോടികള്‍; നിര്‍മാണ മേഖലയ്ക്ക് ആശ്വാസം

 


കണ്ണൂര്‍: (www.kvartha.com 12.10.2019) പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ നടപടി നിര്‍മാണ മേഖലയ്ക്കു പ്രതീക്ഷയേകുന്നു. 'നദീതട പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ടോക്കണ്‍ പ്രകാരം ഈ മണല്‍ പദ്ധതി പ്രകാരം മണല്‍ വിതരണം ചെയ്യുമെന്നാണ് സര്‍കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

2018-ലെ മഹാപ്രളയത്തിലും ഈ വര്‍ഷത്തെ തീവ്രമഴയിലും പുഴകളിലും നദികളിലും അടിഞ്ഞുകൂടിയ മണലും എക്കല്‍ മണ്ണും നീക്കം ചെയ്യാന്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. പുഴകളുടെയും നദികളുടെയും സംരക്ഷണ ത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും ഈ നടപടി അനിവാര്യമാണെന്നാണ് വിലയിരുത്തല്‍.

പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കല്‍: സര്‍ക്കാരിന് ലഭിക്കുന്നത് കോടികള്‍; നിര്‍മാണ മേഖലയ്ക്ക് ആശ്വാസം

മണല്‍ നീക്കല്‍ സംബന്ധിച്ച നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. ജലവിഭവം, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ എന്നിവര്‍ അടങ്ങുന്നതാണ് കമ്മിറ്റി.

പ്രളയകാലത്ത് അടിഞ്ഞുകൂടിയ അധിക മണലും എക്കലും അടിയന്തരമായി നീക്കുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം കലക്ടര്‍മാര്‍ക്ക് അധികാരമുണ്ട്. ഈ അധികാരം ഉപയോഗിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മണല്‍ നീക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേര്‍ഡ് കമ്മിറ്റിയുടെ അംഗീകാരത്തോടെ മംഗളം, ചുള്ളിയാര്‍ ഡാമുകളില്‍ നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ മണല്‍ നീക്കാന്‍ ജലവിഭവ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. ജലസേചന വകുപ്പിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും കീഴിലുള്ള ഡാമുകളില്‍ നിന്നും മണല്‍ നീക്കേണ്ടതുണ്ട്. ജലവിഭവം, വൈദ്യുതി, വനം വകുപ്പുകളെ ഏകോപിപ്പിച്ച് ഇതും സമയബന്ധിതമായി ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കാലവര്‍ഷത്തിനു ശേഷം ലഭിക്കുന്ന മഴവെള്ളം ഫലപ്രദമായി സംഭരിക്കുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിയാവുന്നത്ര സ്ഥലങ്ങളില്‍ പരമാവധി മഴവെള്ളം സംഭരിക്കണം. അതോടൊപ്പം കുളങ്ങളും മറ്റു ജലസ്രോതസ്സുകളും ശുദ്ധീകരിക്കാനും നടപടി വേണം. തദ്ദേശസ്വയംഭരണ, ജലവിഭവ വകുപ്പുകളും ഹരിതകേരള മിഷനും യോജിച്ച് നവംബര്‍ മുതല്‍ തന്നെ ഈ പ്രവൃത്തി ആരംഭിക്കണം.

ജില്ലാതലത്തില്‍ ഏകോപനത്തിന് സംവിധാനം ഉണ്ടാകണം. ഓരോ പഞ്ചായത്തിലും ഈ പരിപാടി കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്തണം. എല്ലാ മാസവും ഇക്കാര്യം അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിക്കുകയുണ്ടായി. നീക്കം ചെയ്യുന്ന ടണ്‍കണക്കിന് മണല്‍ വിതരണം ചെയ്താല്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് 200 കോടി രൂപയെങ്കിലുമെത്തും.

സര്‍ക്കാര്‍ പൊതുമരാമത്ത് പദ്ധതികള്‍ക്ക് ചുരുക്കിയ ചെലവില്‍ ഈ മണല്‍ ഉപയോഗിക്കുകയും ചെയ്യാം. കഴിഞ്ഞ തവണ പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ അടുത്ത പ്രളയത്തോടെ ഒലിച്ചുപോയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തിരമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Removal of accumulated sand in rivers, Kannur, News, River, Conference, District Collector, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia