» » » » » » » » » കൂടത്തായി കൂട്ടമരണത്തിന്റെ ചുരുള്‍ അഴിയുന്നു; ജോളിയും രണ്ടാംഭര്‍ത്താവും പിതാവുമടക്കം 4പേര്‍ പിടിയില്‍; മുന്‍ ഭര്‍ത്താവ് റോയിയുടെ സഹോദരിയെ കൂടി കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നുവെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍

വടകര: (www.kvartha.com 05.10.2019) കോഴിക്കോട് കൂടത്തായിയില്‍ അടുത്തബന്ധുക്കളായ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് പോലീസ് തുടരുന്നു. മരിച്ചവരുടെ അടുത്ത ബന്ധുവായ ജോളിയെയും ഇവര്‍ക്ക് സയനൈഡ് എത്തിച്ചുനല്‍കിയെന്ന് കരുതുന്ന ജ്വല്ലറി ജീവനക്കാരന്‍ മാത്യുവിനെയുമാണ് വടകര റൂറല്‍ എസ് പി ഓഫീസില്‍വെച്ച് ചോദ്യം ചെയ്യുന്നത്. 14വര്‍ഷത്തിന്റെ ഇടവേളകളിലാണ് ആറു മരണങ്ങള്‍ നടന്നിരിക്കുന്നത്.

അതിനിടെ, സംഭവത്തില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്‌കറിയയേയും, ഇയാളുടെ പിതാവിനെയും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. നേരത്തെ നടത്തിയ ചോദ്യംചെയ്യലില്‍ സംഭവത്തില്‍ പങ്കില്ലെന്നാണ് ഷാജു മൊഴിനല്‍കിയിരുന്നതെങ്കിലും ഇയാളെ വിശദമായി ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

Koodathayi murders daughter in law jolly and the person who lend poison also in custody,Vadakara, News, Trending, Murder, Police, Custody, Kerala

അതേസമയം, കേസില്‍ നിലവില്‍ കസ്റ്റഡിയിലായ ജോളിയും ജ്വല്ലറി ജീവനക്കാരനും കുറ്റസമ്മതം നടത്തിയെന്നും വിവരമുണ്ട്. അങ്ങനെയാണെങ്കില്‍ ശനിയാഴ്ച ഉച്ചയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. മരിച്ചവരുടെ മൃതദേഹം കല്ലറകളില്‍നിന്ന് പുറത്തെടുത്ത് കഴിഞ്ഞദിവസം പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ റിപ്പോര്‍ട്ട് ഫോറന്‍സിക് ലാബില്‍നിന്ന് ലഭിച്ചതിനുശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് നേരത്തെ തീരുമാനിച്ചതെങ്കിലും ഇവര്‍ കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ ശനിയാഴ്ച തന്നെ അറസ്റ്റ് രേഖപ്പെടുത്താമെന്നാണ് അന്വേഷണസംഘത്തിന് കിട്ടിയ നിയമോപദേശം.

അതേസമയം, ആറ് കൊലപാതകങ്ങള്‍ മാത്രമല്ല, ഏഴാമതൊരു കൊലപാതകത്തിന് കൂടി ശ്രമിച്ചിരുന്നുവെന്നാണ് ജോളി പോലീസിന് ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്. മുന്‍ ഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെന്‍ജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ആ പദ്ധതി പാളിപ്പോയി എന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നത്.

കൂടത്തായിയിലെ വീട്ടില്‍ നിന്നാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പിന് കൊണ്ടുപോയ ഓരോ ഇടത്തും ജോളി വിങ്ങിപ്പൊട്ടുന്നത് കാണാമായിരുന്നു. വെള്ളിയാഴ്ച വീട്ടിലെത്തിയ ബന്ധുവിനോട് തനിക്ക് തെറ്റ് പറ്റിയെന്ന് കരഞ്ഞുകൊണ്ട് ജോളി സമ്മതിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇതോടെ, ജോളിയെ കസ്റ്റഡിയിലെടുക്കാതെ, വീട്ടിലെത്തി വിശദമായ മൊഴിയെടുത്ത്, പിന്നീട് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയെത്തി ചോദ്യം ചെയ്ത ശേഷമാണ് രാവിലെ കസ്റ്റഡിയിലെടുക്കുകയും, പിന്നീട് തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്തത്.

2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ഒരേസാഹചര്യത്തില്‍ മരിച്ചത്. കൂടത്തായിയിലെ റിട്ട.അധ്യാപികയായ അന്നമ്മ തോമസാണ് 2002 ഓഗസ്റ്റ് 22-ന് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിന് പിന്നാലെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും ഇതിനു മൂന്നുവര്‍ഷത്തിന് ശേഷം ഇവരുടെ മകന്‍ റോയ് തോമസും മരിച്ചു.

2014 ഏപ്രില്‍ 24-ന് അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എം എം മാത്യുവും സമാനസാഹചര്യത്തില്‍ മരിച്ചു. ഇതേവര്‍ഷം മെയ് ഒന്നിന് ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ അല്‍ഫൈനയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. 2016 ജനുവരി 11-നാണ് അവസാനമരണം സംഭവിക്കുന്നത്. ഷാജുവിന്റെ ഭാര്യ സിലിയാണ് അന്ന് സമാനസാഹചര്യത്തില്‍ മരിച്ചത്. ഇതിനു പിന്നാലെ റോയ് തോമസിന്റെ ഭാര്യ ജോളിയും ഷാജുവും വിവാഹിതരായി. അതായത് ഭാര്യയും പത്ത് മാസം പ്രായമുള്ള കുഞ്ഞും മരിച്ച് ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞ ശേഷം 2017-ല്‍ ഷാജുവും ജോളിയും വിവാഹിതരായി.

കൊലപാതകങ്ങളെല്ലാം താന്‍ മാത്രമാണ് ചെയ്തതെന്നാണ് തുടര്‍ച്ചയായി ജോളി പോലീസിനോട് പറയുന്നത്. തന്റെ ഇപ്പോഴത്തെ ഭര്‍ത്താവായ ഷാജു സ്‌കറിയയ്ക്ക് ഇതില്‍ പങ്കില്ലെന്ന് ജോളി ആവര്‍ത്തിക്കുന്നു. ജോളിയുടെ ഭര്‍തൃ പിതാവ് ടോം തോമസിന്റെ സഹോദരന്റെ മകനാണ് ഷാജു സ്‌കറിയ. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചിരുന്നു.

അതിനിടെ ജോളിയ്ക്ക് സയനൈഡ് നല്‍കിയ ജ്വല്ലറി ജീവനക്കാരന്‍ മാത്യു അകന്ന ബന്ധുവാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ കൊലപാതകങ്ങളെക്കുറിച്ച് ഇയാള്‍ക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വിശദമായ വിവരങ്ങള്‍ ഇനിയും പോലീസ് പുറത്തുവിട്ടിട്ടില്ല. താമരശ്ശേരിയില്‍ നിന്ന് വടകര റൂറല്‍ എസ്പി ഓഫീസില്‍ ജോളിയ്ക്ക് പിന്നാലെ ജ്വല്ലറി ജീവനക്കാരനെയും പോലീസ് എത്തിച്ചു. ''നിങ്ങള്‍ പറഞ്ഞ ആ അയാള്‍ ഇത് തന്നെയാണോ'' എന്ന് ജോളിയോട് പോലീസ് ചോദിച്ചു. ''അതെ'' എന്ന് മാത്രം ഒറ്റ വാക്കില്‍ മറുപടി.

ഇതിന് പിന്നാലെ ജോളിയെയും ജ്വല്ലറി ജീവനക്കാരനെയും വെവ്വേറെ ചോദ്യം ചെയ്യുകയാണ് പോലീസ് ഇപ്പോള്‍. വെവ്വേറെ ചോദ്യം ചെയ്ത് മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം, ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. വൈരുധ്യങ്ങള്‍ കണ്ടെത്തി അതുവച്ച് കൂടുതല്‍ കുരുക്ക് മുറുക്കാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്.

ഇയാളെ മാപ്പ് സാക്ഷിയാക്കണോ, ഇയാള്‍ക്ക് അതിനെക്കുറിച്ച് അറിവുണ്ടോ എന്നതിലൊന്നും പോലീസ് ഇപ്പോഴൊരു വിശദീകരണം നല്‍കുന്നില്ല. ജോളിയ്ക്ക് വില്‍പത്രമുണ്ടാക്കി നല്‍കിയ ആളെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Koodathayi murders daughter in law jolly and the person who lend poison also in custody,Vadakara, News, Trending, Murder, Police, Custody, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal