സാജന് ഒരു നീതി, സി പി എമ്മിന് മറ്റൊരു നീതി: ബക്കളത്തെ കാഴ്ചകളിങ്ങനെ...

സാജന് ഒരു നീതി, സി പി എമ്മിന് മറ്റൊരു നീതി: ബക്കളത്തെ കാഴ്ചകളിങ്ങനെ...

കണ്ണൂര്‍: (www.kvartha.com 22.10.2019) കെട്ടിട നിര്‍മാണ ചട്ടത്തിന്റെ മുട്ടാപ്പോക്ക് പറഞ്ഞ് പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയ്ക്കിടയാക്കിയ ആന്തൂര്‍ നഗരസഭ ഭരണസമിതി സ്വന്തം പാര്‍ട്ടിയുടെ നിയമലംഘനത്തിന് കുടപിടിക്കുന്നു.

പുറമ്പോക്ക് സ്ഥലം കൈയേറി നിര്‍മിച്ചുവെന്നു നിര്‍മാണ വേളയില്‍തന്നെ ആരോപണമുയര്‍ന്ന സി പി എം ബക്കളം നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫീസിനായി വീണ്ടും പുറമ്പോക്ക് സ്ഥലം കൈയേറി. കൈയേറിയ ഭൂമിയിലാണ് നിലവില്‍ റോഡിനോട് ചേര്‍ന്ന് ഇന്റര്‍ലോക് പാകിയ മുറ്റവും ബാഡ്മിന്റണ്‍ കോര്‍ട്ടും നിര്‍മിച്ച് മതില്‍ കെട്ടിയത്. ഇതോടെ കെട്ടിടം ഉള്‍ക്കൊള്ളുന്ന സ്ഥലത്തിന്റെ മുക്കാല്‍ ഭാഗവും സര്‍ക്കാര്‍ ഭൂമിയിലായി.

നേരത്തെ രണ്ട് സെന്റ് ഭൂമിയൊഴിച്ച് ബാക്കിയുള്ള സ്ഥലമെല്ലാം പുറമ്പോക്ക് കൈയേറി നിര്‍മിച്ചതാണെന്ന ആരോപണം ബലപ്പെടുകയാണ്.

ഈ രണ്ട് സെന്റ് ഭൂമിയാകട്ടെ സ്വകാര്യവ്യക്തി സൗജന്യമായി നല്‍കിയതും. ഇതിനുപുറമേയാണ് വീണ്ടും പുറമ്പോക്ക് ഭൂമി കൈയേറിയിരിക്കുന്നത്.

ബക്കളം പഴയ ദേശീയപാതയോട് ചേര്‍ന്ന് വിവാദമായ പാര്‍ത്ഥാസ് ഓഡിറ്റോറിയത്തിന്റെ അമ്പതു മീറ്ററോളം അകലെയായിട്ടാണ് സി പി എം ഓഫീസ് കെട്ടിടം. രാത്രിയില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. റോഡിനു ഏതാനും മീറ്റര്‍ മാറിയാണ് കോര്‍ട്ടിനായി ചുറ്റുമതില്‍ നിര്‍മഢിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെയായി ആന്തൂര്‍ നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പുറമ്പോക്കില്‍ നിര്‍മിച്ച മൂന്നു നിലകളിലായി കടമുറി ഉള്‍പ്പെടെയുള്ള ഓഫീസ് കെട്ടിടത്തിന് അനുമതിയും കെട്ടിട നമ്പര്‍ നല്‍കിയതും വിവാദമായിരുന്നു.

ഏകദേശം രണ്ടുവര്‍ഷമായി പണി പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നേരത്തെ സംഘാടക സമിതി ചേര്‍ന്ന് തീരുമാനിച്ച് നോട്ടീസ് വരെ വിതരണം നടത്തിയെങ്കിലും ഇതുവരെ നടന്നിട്ടില്ല. പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത ഘട്ടത്തില്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഏറെ വിവാദമുണ്ടായിരുന്നു. സാജന്റെ സഹായത്തോടെയാണ് അന്ന് കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂര നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

കെട്ടിട നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ പുറമ്പോക്ക് ഭൂമിയാണെന്ന് വിമര്‍ശനമുണ്ടായിരുന്നെങ്കിലും സി പി എം നേതൃത്വം ഇടപെട്ട് മൂടി വെക്കുകയായിരുന്നു. ആന്തൂര്‍ നഗരസഭയുടെ കീഴിലായതിനാല്‍ മറ്റ് അനുമതിയും വേഗത്തില്‍ നേടിയെടുത്തു. കെട്ടിടത്തിനു പെര്‍മിറ്റും ലൈസന്‍സും നല്‍കിയതുപോലും യാതൊരു മാനദണ്ഡവും പാലിക്കാതെയാണ്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kannur, CPM, Death, Land Issue, Different types of justice for Sajan and CPM: the  situation in bakalam is like this
ad