Follow KVARTHA on Google news Follow Us!
ad

ക്യാപ്റ്റന്റെയും കോച്ചിന്റെയും താത്പര്യങ്ങള്‍ക്ക് വഴങ്ങുന്നു, കോഹ്‌ലിയുടെയും ശാസ്ത്രിയുടെയും ഇഷ്ടങ്ങളാണ് ഇന്ത്യന്‍ ടീമില്‍ നടക്കുന്നത്; പ്രതികരണവുമായി മുഖ്യസെലക്ടര്‍

ക്യാപ്റ്റന്റെയും കോച്ചിന്റെയും താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് ടീം ഇന്ത്യ മുന്നോട്ടുപോകുന്നതെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യസെലക്ടര്‍ എം എസ് കെ പ്രസാദ്. സെലക്ഷന്‍ കമ്മിറ്റിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുംMumbai, News, National, Sports, Virat Kohli, Report, Press meet
മുംബൈ: (www.kvartha.com 31.07.2019) ക്യാപ്റ്റന്റെയും കോച്ചിന്റെയും താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് ടീം ഇന്ത്യ മുന്നോട്ടുപോകുന്നതെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യസെലക്ടര്‍ എം എസ് കെ പ്രസാദ്. സെലക്ഷന്‍ കമ്മിറ്റിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സെലക്ഷന്‍ കമ്മിറ്റി എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് ടീം തെരഞ്ഞെടുക്കുന്നതെന്നും എം എസ് കെ പ്രസാദ് പറഞ്ഞു.

നായകന്‍ വിരാട് കോഹ്‌ലിയുടെയും പരിശീലകന്‍ രവി ശാസ്ത്രിയുടെയും താത്പര്യങ്ങളാണ് ടീം തെരഞ്ഞെടുപ്പിലടക്കം നടക്കുന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കോഹ്ലക്ക് വേണ്ടപ്പെട്ടവരെ ടീമില്‍ തിരുകിക്കയറ്റുന്നുവെന്നും ശാസ്ത്രി ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നും സെലക്ഷന്‍ കമ്മിറ്റി പാവയായി മാറിയെന്നുമായിരുന്നു പ്രധാന ആരോപണം.

Mumbai, News, National, Sports, Virat Kohli, Report, Press meet, We're not being bullied by Virat Kohli and Ravi Shastri: MSK Prasad

ഇതിനെതിരെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും രംഗത്തെത്തിയിരുന്നു. ലോകകപ്പ് സെമിഫൈനലിലെ തോല്‍വിക്ക് ശേഷവും വിരാട് കോഹ്‌ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തുന്നതെന്തിനെന്നായിരുന്നു ഗാവസ്‌കറിന്റെ പ്രധാന ചോദ്യം. കോഹ്‌ലിയുടെയും ശാസ്ത്രിയുടെയും താളത്തിന് തുള്ളുകയാണ് സെലക്ഷന്‍ കമ്മിറ്റി എന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. ഇതിന് പിന്നാലെയാണ് മുഖ്യസെലക്ടര്‍ തന്നെ രംഗത്തെത്തിയത്.

സുനില്‍ ഗാവസ്‌കറിന്റെ പ്രതികരണം വളരെ നിര്‍ഭാഗ്യകരമാണ്. ഇതിഹാസ താരങ്ങളോട് സെലക്ഷന്‍ കമ്മിറ്റിക്ക് ബഹുമാനമുണ്ട്. വിമര്‍ശനങ്ങള്‍ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളും. അവര്‍ക്ക് എല്ലാ വിഷയത്തിലും അഭിപ്രായം കാണും. ഇത്തരം ആരോപണങ്ങള്‍ സെലക്ഷന്‍ കമ്മിറ്റിയെ തളര്‍ത്തുന്നില്ല. എന്നായിരുന്നു എം എസ് കെ പ്രസാദിന്റെ മറുപടി.

സുനില്‍ ഗാവസ്‌കറിന്റെ പ്രസ്താവനയ്‌ക്കെതിരേ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലോകകപ്പ് സെമിഫൈനല്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോഹ്‌ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ഗാവസ്‌കറുടെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നായിരുന്നു മഞ്ജരേക്കറുടെ വാദം. ലോകകപ്പില്‍ ഏഴ് ജയവും രണ്ടു തോല്‍വിയും നേടിയാണ് ടീം ഇന്ത്യ മടങ്ങിയതെന്നും സെമിയിലേത് പൊരുതിയുള്ള തോല്‍വിയല്ലേ എന്നുമായിരുന്നു മഞ്ജരേക്കറുടെ ചോദ്യം.

അതേസമയം കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റി രോഹിതിന് ഏകദിന - ടി20 നായകപദവി നല്‍കണമെന്ന മുറവിളി മുന്‍ താരങ്ങളും ആരാധകരും ഉയര്‍ത്തുന്നുണ്ട്. ലോകകപ്പില്‍ നിന്ന് പുറത്തായ ഉടനെ വസീം ജാഫര്‍ ആണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. കോഹ്ലിയില്‍ നിന്ന് പദവി തിരിച്ചെടുക്കാന്‍ സമയമായെന്നും 2023 ലോകകപ്പിലും അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിലും രോഹിത് ടീമിനെ നയിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ടീമില്‍ ക്യാപ്റ്റന്‍ കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിതും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും ഇരുവരുടെയും നേതൃത്വത്തില്‍ രണ്ട് ഗ്രൂപ്പുകള്‍ ഉടലെടുത്തിട്ടുണ്ടെന്നും ടീമിലെ തന്നെ ഒരു താരത്തെ ഉദ്ദരിച്ച് പ്രമുഖ മാധ്യമങ്ങളെല്ലാം നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കോഹ്ലി തന്നെ ഇതിന് മറുപടി പറഞ്ഞു. താനും രോഹിതും തമ്മില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും ടീമിനകത്ത് അസ്വാരസ്യങ്ങളുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നുമായിരുന്നു കോഹ്ലിയുടെ മറുപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai, News, National, Sports, Virat Kohli, Report, Press meet, We're not being bullied by Virat Kohli and Ravi Shastri: MSK Prasad