ഷംസീറിന്റെ ഇന്നോവ ഇനിയും പൊലിസ് പിടിച്ചില്ലെങ്കില്‍ ഞങ്ങള്‍ പിടിക്കുമെന്ന് പാച്ചേനി, എംഎല്‍എയുടെ വീടിനുസമീപത്തുനിന്നും കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തും

കണ്ണൂര്‍: (www.kvartha.com 30.07.2019) സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച ഷംസീറിന്റെ ഇന്നോവ കാര്‍ പൊലിസിന് പിടികൂടാനായില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി ഏല്‍പ്പിക്കാന്‍ തയാറാണെന്നു ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നസീര്‍ വധശ്രമക്കേസില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ സഞ്ചരിക്കുന്ന ഇന്നോവയില്‍വെച്ചാണ് വധ ഗൂഢാലോചന നടന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ നാല് പ്രാവശ്യം നസീറിന്റെ മൊഴി രേഖപ്പെടുത്തിയപ്പോഴും ഷംസീറിന്റെ പങ്കിനെ കുറിച്ചു മൊഴിനല്‍കിയിട്ടുണ്ട്. ഈ കേസില്‍ ഇതുവരെ അറസ്റ്റിലായ പത്തോളം സിപിഎം പ്രവര്‍ത്തകരില്‍ ഷംസീര്‍ എംഎല്‍എയുടെ സന്തത സഹചാരി സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറിയായ രാഗേഷിന്റെയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കൂടിയായ പൊട്ടി സന്തോഷിന്റെ മൊഴികളിലും വധ ഗൂഢാലോചനയില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ പങ്ക് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്.

എംഎല്‍എ സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന കെ എല്‍ 07 സി ഡി 6887 ഇന്നോവ വാഹനത്തിലാണ് നസീറിനെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടും ഷംസീറിനെ അറസ്റ്റ് ചെയ്യാനോ വാഹനം കസ്റ്റഡിയിലെടുക്കാനോ പോലീസ് തയ്യാറായിട്ടില്ല. ഒരാഴ്ചമുമ്പ് തളാപ്പ് അഴീക്കോടന്‍ മന്ദിരത്തില്‍ നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ പോലീസ് അന്വേഷിക്കുന്ന ഈ വാഹനത്തില്‍ എംഎല്‍എ പോലീസിന്റെ കണ്‍മുന്നിലൂടെ യാത്ര നടത്തിയിട്ട് പോലും കസ്റ്റഡിയിലെടുത്തില്ല.

ഭരിക്കുന്നവരുടെ വിനീതഭൃത്യരായി ഭാവിക്കുന്ന പോലീസ് നിയമ സംവിധാനങ്ങള്‍ക്ക് അപമാനമായി നോക്കി നില്‍ക്കുകയാണ് ചെയ്യുന്നത്. ധരിക്കുന്ന യൂണിഫോമിന്റെ മാന്യതയെങ്കിലും കാത്ത് സൂക്ഷിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകേണ്ടതായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ വീടിന്റെ മുന്‍പിലൂടെ കസ്റ്റഡിയിലെടുക്കേണ്ട വാഹനം കടന്ന് പോകുമ്പോള്‍ പോലും അനങ്ങാപ്പാറ നയം സ്വീകരിച്ച പോലീസിന് വാഹനം കണ്ടുകിട്ടുന്നില്ലെങ്കില്‍ വാഹനം പിടിച്ചെടുത്ത് പോലീസിന് നല്കുന്ന ജോലി നിര്‍വഹിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിബന്ധിതരാകുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഓര്‍മിക്കണം. സിഒടി നസീര്‍ വധശ്രമക്കേസില്‍ ഗൂഢാലോചനയില്‍ പ്രതിസ്ഥാനത്തുള്ള എ എന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാതെ അന്വേഷണം പൂര്‍ത്തിയാവില്ലെന്ന് അറിഞ്ഞിട്ടും പോലീസ് നിസംഗത തുടരുന്നത് സേനയുടെ അന്തസ്സ് കളയുന്ന നടപടി കൂടിയാണ്. പാച്ചേനി പറഞ്ഞു.

ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീട് സ്ഥിതി ചെയ്യുന്ന മാടപ്പീടികയില്‍ നിന്നും തലശ്ശേരിയിലേക്ക് ആഗസ്ത് ഒന്നിന് ഉച്ചക്ക് 2.30ന് പ്രതിഷേധ മാര്‍ച്ച് നടത്തും. വൈകുന്നേരം അഞ്ചു മണിക്ക് തലശ്ശേരി ടൗണില്‍ നടക്കുന്ന സമാപന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എംപിമാരായ കെ മുരളീധരന്‍, കെ സുധാകരന്‍ എന്നിവര്‍  സമാപന പരിപാടിയില്‍ പ്രസംഗിക്കും.

വാര്‍ത്താസമ്മേളനത്തില്‍ വി രാധാകൃഷ്ണന്‍, അഡ്വ. സി ടി സജിത്ത് എന്നിവരും പങ്കെടുത്തു.Keywords: Kerala, Kannur, News, MLA, Police, Murder Attempt, Car, Congress, CPM, Politics, No acation against AN Shamseer MLA: Satheeshan Pacheni against Police

Previous Post Next Post