റാസല്‍ ഖൈമയില്‍ സൈക്കിള്‍ സ്വിമ്മിംഗ് പൂളിലേക്ക് വീണ് ഇരട്ടക്കുട്ടികള്‍ മുങ്ങിമരിച്ചു

റാസല്‍ ഖൈമയില്‍ സൈക്കിള്‍ സ്വിമ്മിംഗ് പൂളിലേക്ക് വീണ് ഇരട്ടക്കുട്ടികള്‍ മുങ്ങിമരിച്ചു

റാസല്‍ഖൈമ: (www.kvartha.com 10.06.2019) സൈക്കിള്‍ സ്വിമ്മിംഗ് പൂളിലേക്ക് വീണ് ഇരട്ടക്കുട്ടികള്‍ മുങ്ങിമരിച്ചു. റാസല്‍ ഖൈമയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. സ്വദേശി കുടുംബത്തിലെ രണ്ടര വയസ്സുള്ള അബ്ദുല്ല, സഈദ് എന്നീ ഇരട്ടക്കുട്ടികളാണ് അയല്‍വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചത്.

രാത്രി കുട്ടികളെല്ലാം വീട്ടുമുറ്റത്ത് ഒരുമിച്ച് കളിക്കുകയായിരുന്നു. പെട്ടെന്നാണ് രണ്ട് പേരെയും കാണാതായത്. എല്ലായിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് റാസല്‍ ഖൈമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രാത്രി 10.10 മണിയോടെ രണ്ട് കുട്ടികള്‍ കാണാതായതായുള്ള റിപോര്‍ട്ട് ലഭിച്ചതായി റാസല്‍ഖൈമ പോലീസിലെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു. രാത്രി 11.33 മണിയോടെ കുട്ടികളെ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി മറ്റൊരു റിപോര്‍ട്ട് കൂടി ലഭിച്ചതായി റാസല്‍ ഖൈമ പോലീസിലെ ആംബുലന്‍സ് ആന്‍ഡ് റെസ്‌ക്യു സെക്ഷന്‍ ചീഫ് മേജര്‍ താരിഖ് അല്‍ ശര്‍ഹാന്‍ വ്യക്തമാക്കി.

അവരുടെ വീടിന്റെ ഗേറ്റ് അടച്ചിടണമെന്ന് അയല്‍വീട്ടുകാരെ നിര്‍ബന്ധിപ്പിക്കാനാവില്ല. എങ്കിലും സ്വിമ്മിംഗ് പൂള്‍ അടച്ചുവെക്കുകയോ സുരക്ഷിതമായി സൂക്ഷിക്കുകയോ ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. കുട്ടികളുടെ പിതാവ് മന്‍സൂര്‍ അല്‍ അവാദി പറഞ്ഞു. ഇതിന്റെ പേരില്‍ അയല്‍വാസികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും മൂന്ന് വീടുകള്‍ അകലെയുള്ള വീട്ടില്‍ അവര്‍ പോകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീടുകളിലെ നീന്തല്‍ക്കുളത്തിലേക്കുള്ള വാതിലുകളും മറ്റു വഴികളും കോറിഡോറുമെല്ലാം ഭദ്രമായി അടച്ചിടുകയും കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ബ്രിഗേഡിയര്‍ മുഹമ്മദ് സഈദ് അല്‍ ഹുമൈദി അഭ്യര്‍ഥിച്ചു. തങ്ങളുടെ കുട്ടികളില്‍ എപ്പോഴും ഒരു കണ്ണ് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം റാസല്‍ ഖൈമയിലെ ശൈഖ് സാഇദ് പള്ളിയില്‍ ജനാസ നിസ്‌കരിച്ച ശേഷം ഹുദൈബ ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Courtesy: khaleejtimes.com

Keywords: World, News, Gulf, Death, Drowned, UAE, Twins drowned in UAE pool as their bicycles fell on them.

ad