9 വര്‍ഷം ആത്മാര്‍ത്ഥ സുഹൃത്തായി ഒപ്പം നടന്നവള്‍ ഗള്‍ഫിലെ പണം കായ്ക്കുന്ന മരത്തെ കുറിച്ച് പറഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ചിന്തിച്ചില്ല, ഉള്ളതെല്ലാം വിറ്റുപെറുക്കി ഞാനും സ്വപ്‌നം കണ്ടു, പക്ഷേ... ദുബൈയിലെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പില്‍ ഇരയായ യുവതിയുടെ വെളിപ്പെടുത്തല്‍ കെവാര്‍ത്തയോട്

9 വര്‍ഷം ആത്മാര്‍ത്ഥ സുഹൃത്തായി ഒപ്പം നടന്നവള്‍ ഗള്‍ഫിലെ പണം കായ്ക്കുന്ന മരത്തെ കുറിച്ച് പറഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ചിന്തിച്ചില്ല, ഉള്ളതെല്ലാം വിറ്റുപെറുക്കി ഞാനും സ്വപ്‌നം കണ്ടു, പക്ഷേ... ദുബൈയിലെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പില്‍ ഇരയായ യുവതിയുടെ വെളിപ്പെടുത്തല്‍ കെവാര്‍ത്തയോട്

ദുബൈ: (www.kvartha.com 17.06.2019) കെവാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവിട്ട ദുബൈയിലെ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. തട്ടിപ്പിന് ഇരയായ ഒരു യുവതിയാണ് ഇതേകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി രംഗത്തുവന്നത്.

ജീവിതത്തില്‍ ആത്മാര്‍ത്ഥ സുഹൃത്തായി ഒമ്പത് വര്‍ഷത്തോളം കൂടെ നിന്നവളാണ് തന്നെ ഈ തട്ടിപ്പ് സംഘത്തിലെത്തിച്ചതെന്നും തനിക്കുണ്ടായ ഈ ദുരനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നും യുവതി കെവാര്‍ത്തയോട് വ്യക്തമാക്കി. ദുബൈ ബുര്‍ജുമാന്‍ മാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്പനിയിലാണ് യുവതിയെ ചേര്‍ത്തത്. സന്തോഷവും സമാധാനവും നിറഞ്ഞ തന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറിയതും ഇതോടെയാണ്. നാട്ടിലെ കഷ്ടപ്പാട് കൊണ്ട് മാത്രമാണ് എങ്ങനെയെങ്കിലും ജോലി ചെയ്തു പണമുണ്ടാക്കാമെന്ന ആഗ്രഹത്തോടെ ദുബൈയിലേക്ക് വിമാനം കയറിയത്. ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു ഇവിടെ വന്നിറങ്ങുമ്പോള്‍. അതിനിടയ്ക്കാണ് ആത്മാര്‍ത്ഥ സുഹൃത്ത് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് എന്ന ബിസിനസിനെ പരിചയപ്പെടുത്തുന്നത്. പെട്ടെന്ന് പണം സമ്പാദിക്കാം എന്ന ഒറ്റ വാക്കില്‍ ഞാനും വീണുപോയി.

ബുര്‍ജുമാന്‍ മാളിലെ കോഫി ഷോപ്പുകളില്‍ ഇരുന്നുകൊണ്ടാണ് പണം കായ്ക്കുന്ന ആ മരത്തിന് അവര്‍ വളം ഇട്ടുപോന്നത്. സത്യം പറഞ്ഞാല്‍ ഒരു പ്രത്യേക തരം പ്രവര്‍ത്തന രീതി. പകല്‍ മുഴുവന്‍ കിടന്നുറങ്ങാം. രാത്രിയായാല്‍ പുറത്തുവരും. പിന്നെ പിറ്റേദിവസം നോക്കിയാല്‍ മതി. ആഹാ എന്ത് സുഖമുള്ള ജോലി അല്ലെ... കയ്യില്‍ പണമെന്നും ഇല്ലായിരുന്നുവെങ്കിലും എവിടുന്നൊക്കെയോ കടം വാങ്ങിച്ച പണം കൊടുത്ത് ഞാനും കമ്പനിയിലെ ഒരംഗമായി മാറി. അവരെപ്പോലെ സോഷ്യല്‍ മീഡിയ വഴി ഇരകളെ പിടിക്കാന്‍ വലവീശിത്തുടങ്ങി.

അബുദാബി റോയല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയിലേക്ക് ഒരു പുതിയ ബിസിനസ് അവസരം ഉണ്ടെന്നും, ബുര്‍ജുമാന്‍ മാളിലെ കോഫി ഷോപ്പില്‍ നടക്കുന്ന യോഗത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുമെന്നുമാണ് തന്നെ ചേര്‍ത്തയാള്‍ പറഞ്ഞത്. എന്നാല്‍ ഒരു ഘട്ടത്തില്‍ പോലും ഇവര്‍ നേരിട്ടോ, പരോക്ഷമായോ ഇത് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ആണെന്നും പറഞ്ഞിട്ടില്ല. ആരോടും ഈ ബിസിനസിനെ കുറിച്ച് പറയരുതെന്ന നിര്‍ദേശവും നല്‍കി. വിസിറ്റിങ് വിസയിലെത്തിയവരും ഇവരുടെ ചതിയില്‍ പെടുന്നു. ആളുകളെ പറഞ്ഞ് പറ്റിക്കുന്നവര്‍ക്ക് മാത്രമുള്ള ബിസിനസ് ആശയമാണ് ഇത്. കുടുതല്‍ പാവങ്ങളെ പറ്റിച്ചാല്‍ പെട്ടെന്ന് കോടീശ്വരന്‍മാരാകാം. വിസിറ്റിങ് വിസയിലുള്ളവര്‍ക്ക് ബിരിയാണി വരെ നല്‍കും. കയ്യില്‍ വരാന്‍ പോകുന്നത് ആയിരങ്ങളല്ലേ...


ഏറ്റവും ഒടുവിലാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യമായത്. താന്‍ ഈ തട്ടിപ്പിന്റെ ഇര മാത്രമാണ്. തന്റെ തലപ്പത്തിരിക്കുന്നവരാണ് കോടികള്‍ കൊണ്ട് അമ്മാനമാടുന്നത്. ആത്മാര്‍ത്ഥ സുഹൃത്ത് തന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത 82000 രൂപയ്ക്കായി വിളിക്കുമ്പോള്‍ തോപ്പുംപടിയില്‍ ഉള്ള അവരുടെ വീട്ടില്‍ കടക്കാരെ കൊണ്ട് പൊറുതിമുട്ടിയിരുന്നു. പണത്തിന് വേണ്ടി മനുഷ്യന്‍ ഭ്രാന്ത് പിടിച്ചു ഓടുമ്പോള്‍ ഒരുമിച്ച് ഒരുമുറിയില്‍ കൂടപ്പിറപ്പുകളെ പോലെ കഴിഞ്ഞിരുന്ന ഒരു സുഹൃത്ത് തനിക്കെതിരെ ക്വട്ടേഷന്‍ കൊടുത്തു എന്നായിരുന്നു അവളുടെ അവസാനത്തെ വോയിസ് മെസേജ്. ഇവരുടെ തട്ടിപ്പ് നാലുപേരോട് പറഞ്ഞതുകൊണ്ട് കമ്പനിയുടെ വക വധഭീഷണിയും തനിക്ക് ലഭിച്ചു. ഒരു തലശ്ശേരിക്കാരന്റെ വക മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചും തന്നെ വിടാതെ പിന്തുടര്‍ന്നു. എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളുകളാണ് ഇവര്‍. കഷ്ടപ്പെട്ട് പണിയെടുത്ത് പണം സമ്പാദിക്കാന്‍ അന്യനാട്ടിലെത്തിയ സ്വന്തക്കാരുടെ ജീവിതം പോലും കുട്ടിച്ചോറാക്കിക്കൊണ്ടിരിക്കുകയാണ് ഇവര്‍.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട, ഇത്തരത്തിലുള്ളവരോടൊപ്പം കൂട്ടുകൂടാതിരിക്കുകയാണ് ചെയ്യേണ്ടത്. തന്റെ കേസ് നാട്ടിലെ സൈബര്‍ സെല്ലിന് കൈമാറായെന്നും യുവതി വെളിപ്പെടുത്തി.

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് എന്ന ആശയം തന്നെ വേഗത്തില്‍ പണം ഉണ്ടാക്കാവുന്ന കുറുക്കുവഴിയായാണ് പലരും കാണുന്നത്. എന്നാല്‍ ഇത് സാധാരണക്കാരന് നടപ്പിലാക്കാന്‍ പ്രയാസമുള്ള കാര്യമാണ്. പണത്തിന്റെ ആവശ്യകതയില്‍ ആദ്യം ഈ ചതിക്കുഴിയില്‍ വീഴുന്നതും അവര്‍ തന്നെ. ഇടത്തരക്കാരും സാമ്പത്തികമായി ഉന്നതിയിലുള്ളവര്‍ക്കും ഇക്കാര്യത്തില്‍ നഷ്ടത്തിന്റെ കണക്ക് മാത്രമേ പറയാനുള്ളൂ. ഇവരെയെല്ലാവരേയും വഞ്ചിച്ച് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് പണം സമ്പാദിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ, നിയമത്തിന്റെ സംരക്ഷണം നല്‍കാതെ സ്വകാര്യ താല്‍പര്യങ്ങളാല്‍ മാത്രം പ്രവര്‍ത്തിക്കുന്നതും നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികളുടെ മറവില്‍ ആളുകളെ വഞ്ചിക്കുന്ന സംഘങ്ങളുടെ വലയില്‍ നിന്ന് രക്ഷപ്പെടാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai, Gulf, News, Cheating, Women, Story, Friends, Fake money, Social Network, story from a victim of multilevel marketing cheating
ad