തട്ടമിട്ട് സ്‌കൂളില്‍ വന്നതിന് വിദ്യാര്‍ത്ഥിനിയെ അധികൃതര്‍ ടി സി നല്‍കി പറഞ്ഞുവിട്ടു

തട്ടമിട്ട് സ്‌കൂളില്‍ വന്നതിന് വിദ്യാര്‍ത്ഥിനിയെ അധികൃതര്‍ ടി സി നല്‍കി പറഞ്ഞുവിട്ടു

തിരുവനന്തപുരം: (www.kvartha.com 12.06.2019) തട്ടമിട്ട് സ്‌കൂളില്‍ വന്നതിന് വിദ്യാര്‍ത്ഥിനിയെ അധികൃതര്‍ ടി സി നല്‍കി പറഞ്ഞുവിട്ടതായി ആരോപണം. തിരുവനന്തപുരം മേനങ്കുളത്തുള്ള ജ്യോതി നിലയം പബ്ലിക് സ്‌കൂളിനെതിരെയാണ് ഇത്തരത്തില്‍ ഒരു ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷംഹാന ഷാജഹാനെയാണ് അധികൃതര്‍ ടിസി നല്‍കി പറഞ്ഞ് വിട്ടത്. തട്ടമിട്ട് ഈ കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു തന്നെ പുറത്താക്കിയതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു.

ഏഴാം ക്ലാസുവരെ കവടിയാറെ നിര്‍മലാ ഭവനില്‍ പഠിച്ച ഷംഹാന പിന്നീട് കുടുംബം കണിയാപുരത്തിനടുത്തുള്ള കഠിനംകുളത്തേക്ക് താമസം മാറിയതോടെയാണ് ജ്യോതി നിലയം സ്‌കൂളില്‍ ചേര്‍ന്നത്. പരീക്ഷയും ഇന്റര്‍വ്യൂവും പാസായ ശേഷമാണ് കുട്ടിക്ക് അഡ്മിഷന്‍ ലഭിച്ചത്. അഡ്മിഷനും ഇന്റര്‍വ്യൂവിനും പോയ സമയത്ത് കുട്ടി തലയില്‍ ഷാള്‍ ധരിച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും സ്‌കൂളില്‍ തട്ടമിടാന്‍ പാടില്ലെന്ന് തങ്ങളെ അറിയിച്ചില്ലെന്ന് മാതാവ് ഷാമില പറയുന്നു.

School girl suspended for sporting veil in school, Thiruvananthapuram, News, Local-News, Religion, Allegation, Student, Kerala

സ്‌കൂളിലെത്തിയ ആദ്യ ദിവസം തന്നെ ഷംഹാനയോട് തട്ടം മാറ്റാന്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ കുട്ടിക്ക് കാര്യം പിടികിട്ടിയിരുന്നില്ല. വെള്ളിയാഴ്ച വീണ്ടും സ്‌കൂളിലെത്തിയപ്പോള്‍ തട്ടമിട്ട് സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. തട്ടമിടാതെ പഠനം തുടരാന്‍ കഴിയില്ലെങ്കില്‍ ഫീസ് തിരികെ വാങ്ങി പൊയ്‌ക്കോളാനും അധികൃതര്‍ പറഞ്ഞുവെന്നും മാതാവ് പറഞ്ഞു.

എന്നാല്‍ വേറെ സ്‌കൂളിലൊന്നും അഡ്മിഷനായിട്ടില്ല, നാളെ വന്ന് ടി സി വാങ്ങാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ടിസി നല്‍കി പറഞ്ഞുവിടുകയായിരുന്നുവെന്നും മാതാവ് പറയുന്നു. സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതു പ്രകാരം ടിസിയ്ക്ക് അപേക്ഷ നല്‍കിയപ്പോള്‍ കാരണം എഴുതേണ്ട കോളത്തില്‍ എഴുതിയത് തട്ടമിട്ട് ക്ലാസില്‍ വരാന്‍ അനുവദിക്കാത്തതുകൊണ്ട് ഞങ്ങള്‍ പോകുന്നുവെന്നാണ്.

പക്ഷേ ടിസിയില്‍ അവര്‍ 'ബെറ്റര്‍ ഫെസിലിറ്റീസ്' എന്ന് തിരുത്തിയെന്നും മാതാവ് പറഞ്ഞു. എന്നാല്‍ സംഭവം വിവാദമായതോടെ കുട്ടിയുടെയും രക്ഷിതാക്കളുടെയും താത്പര്യപ്രകാരമാണ് ടിസി വാങ്ങിപ്പോയതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: School girl suspended for sporting veil in school, Thiruvananthapuram, News, Local-News, Religion, Allegation, Student, Kerala.
ad