ആര് മരിച്ചാലും ശമ്പളം കിട്ടുമല്ലോ; പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ ക്ഷോഭിച്ച് മന്ത്രി എ സി മൊയ്തീന്‍; ഉദ്യോഗസ്ഥരെ മുറിയില്‍ നിന്നും ഇറക്കിവിട്ടു; പിന്നാലെ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും

ആര് മരിച്ചാലും ശമ്പളം കിട്ടുമല്ലോ; പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ ക്ഷോഭിച്ച് മന്ത്രി എ സി മൊയ്തീന്‍; ഉദ്യോഗസ്ഥരെ മുറിയില്‍ നിന്നും ഇറക്കിവിട്ടു; പിന്നാലെ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും

കണ്ണൂര്‍: (www.kvartha.com 20.06.2019) ആന്തൂര്‍ നഗരസഭാ പരിധിയില്‍ നിര്‍മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കലേഷ്, ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ ബി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ വ്യാഴാഴ്ച ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയ തദ്ദേശ സ്വയംഭരണമന്ത്രി എ സി മൊയ്തീന്‍ ക്ഷോഭിച്ചാണ് പ്രതികരിച്ചത്. ആര് മരിച്ചാലും ശമ്പളം കിട്ടുമല്ലോ എന്ന് പറഞ്ഞ മന്ത്രി ഉദ്യോഗസ്ഥരെ മുറിയില്‍ നിന്നും ഇറക്കിവിടുകയും ചെയ്തു.

ചില കുറവുകള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അനാവശ്യ കാലതാമസം വന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നത് എന്ന് തദ്ദേശവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കുറ്റവാളികളെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു.

കെട്ടിട നിര്‍മാണ ചടങ്ങളില്‍ വീഴ്ച ഉണ്ടോ അനാവശ്യ കാലതാമസം വരുത്തിയോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ട് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സമഗ്രമായി പഠിച്ച ശേഷം പത്ത് ദിവസത്തിനകം റിപോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.

പ്രവാസി സംരഭങ്ങള്‍ക്കടക്കം മികച്ച പരിഗണന നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. അനാവശ്യ കാലതാമസം അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. തദ്ദേശ മന്ത്രി തന്നെ നഗരസഭകളില്‍ നടക്കുന്ന അദാലത്തുകളില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.

15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ രണ്ട് ദിവസം മുമ്പ് ആത്മഹത്യ ചെയ്തത്. നൈജീരിയയില്‍ ജോലി ചെയ്ത് സാജന്‍ മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജന്‍ ഓഡിറ്റോറിയം നിര്‍മാണം തുടങ്ങിയത്.

തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Trending, Death, Gulf, Business Man, Suicide, Suspension, Sajan death: Suspension for 4 officers . 
ad