അബ്ദുല്ലക്കുട്ടിയെ സ്വീകരിക്കാന്‍ ബിജെപി തയ്യാര്‍; ഡല്‍ഹിയില്‍ കരുനീക്കുന്നത് കേന്ദ്രമന്ത്രി വി മുരളീധരന്‍

അബ്ദുല്ലക്കുട്ടിയെ സ്വീകരിക്കാന്‍ ബിജെപി തയ്യാര്‍; ഡല്‍ഹിയില്‍ കരുനീക്കുന്നത് കേന്ദ്രമന്ത്രി വി മുരളീധരന്‍

കണ്ണൂര്‍: (www.kvartha.com 03.06.2019) പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ചതിന് കോണ്‍ഗ്രസ് പുറത്താക്കിയ മുന്‍ എംപിയും എംഎല്‍എയുമായ എ പി അബ്ദുല്ലക്കുട്ടിയെ പാര്‍ട്ടിയിലെടുക്കാന്‍ ബിജെപി നേതൃത്വത്തിന് താല്‍പര്യം. ഡല്‍ഹിയില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരനാണ് അബ്ദുല്ലക്കുട്ടിയെ ബിജെപിയിലേക്കു കൊണ്ടുവരുന്നതിനായി ഇടപെടല്‍ നടത്തിന്നത്. ഇതിനായി അടുത്ത ദിവസം തന്നെ മുരളീധരന്‍ അബ്ദുല്ലക്കുട്ടിയുമായി രഹസ്യകൂടിക്കാഴ്ച്ച നടത്തും.

അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചാല്‍ അബ്ദുല്ലക്കുട്ടിയുടെ ആരാധ്യപുരുഷനായ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും അംഗത്വം സ്വീകരിക്കാമെന്ന വാഗ്ദാനമാണ് മുരളീധരന്‍ നല്‍കിയത്. മോദിയെ സ്തുതിച്ചതിന് കോണ്‍ഗ്രസ് ന്യൂനപക്ഷക്കാരനായ ഒരു മുന്‍ എംപിയെ പുറത്താക്കിയത് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസഹമന്ത്രി വി മുരളീധരനില്‍ നിന്നും കേന്ദ്ര നേതൃത്വം വിശദീകരണം തേടിയത്.

കേരളത്തില്‍ അബ്ദുല്ലക്കുട്ടി പാര്‍ട്ടിയിലേക്കുവരുന്നത് ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ മുഖം മാറ്റാന്‍ സഹായിക്കുമെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. അബ്ദുല്ലക്കുട്ടി തയാറാവുകയാണെങ്കില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന നേതൃസ്ഥാനം നല്‍കാനും ധാരണയായിട്ടുണ്ട്. അബ്ദുല്ലക്കുട്ടിക്ക് അനുകൂലമായി ബിജെപി നേതാക്കള്‍ ഒരേ മനസോടെയാണ് രംഗത്തു വന്നിരിക്കുന്നത്.

അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്തെത്തി. മോദിയെപ്പറ്റി നല്ലതു പറഞ്ഞാല്‍ പുറത്ത്. ഇമ്രാന്‍ ഖാനെ പുകഴ്ത്തിയാല്‍ അകത്തുമെന്നതാണ് സ്ഥിതിയെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു.


കോണ്‍ഗ്രസ് ഇനി നൂറുവര്‍ഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന് ഉറപ്പായി എന്നാണ് ഈ വിഷയത്തില്‍ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പ്രതികരണം ആരംഭിക്കുന്നത്. അബ്ദുല്ലക്കുട്ടി ഇങ്ങോട്ട് വരണമെന്നാവശ്യപ്പെട്ട് അബ്ദുല്ലകുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യാനും കെ സുരേന്ദ്രന്‍ തയ്യാറാകുന്നുണ്ട്. അബ്ദുല്ലക്കുട്ടിക്ക് ഇങ്ങോട്ടുവരാം. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. തരാനുള്ളത് മുസ്ലീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പുമാത്രം, എന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

നേരത്തെ അബ്ദുല്ലക്കുട്ടിയെ പുറത്താക്കിയതില്‍ അഭിപ്രായം രേഖപ്പെടുത്തിയ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയെന്നത് ഒട്ടകപ്പക്ഷിയുടേതിന് സമാനമായ പ്രവൃത്തിയാണ്. തല മൂടി വെച്ചാല്‍ യാഥാര്‍ഥ്യം, യാഥാര്‍ഥ്യമല്ലാതാവുന്നില്ല എന്ന് പ്രസ്താവിച്ചിരുന്നു.

അതേസമയം നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ പി അബ്ദുല്ലക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും രംഗത്തെത്തി. മറ്റ് പാര്‍ട്ടികളിലെ പല നേതാക്കളും ബിജെപിയില്‍ വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശ്രീധരന്‍പിള്ള ഇന്ന് അബ്ദുള്ളക്കുട്ടിക്കും നാളെ കെ സുധാകരനും സ്വാഗതമെന്നുമാണ് പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, A.P Abdullakutty, V.Muraleedaran, BJP, Narendra Modi, Politics, Trending, Congress, Preparation started in BJP for accepting Abdullakkutty.
< !- START disable copy paste -->
ad