Follow KVARTHA on Google news Follow Us!
ad

സൗമ്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ നിര്‍ണായക മൊഴി പുറത്ത്; കൊലയ്ക്ക് കാരണം പ്രണയ പരാജയം; ഭര്‍ത്താവിനേയും കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു; കൊലയില്‍ മറ്റാര്‍ക്കും പങ്കില്ല; കൊല ചെയ്ത ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും അജാസ്

ശനിയാഴ്ച കൊല്ലപ്പെട്ട വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് Alappuzha, News, Trending, Murder, Crime, Criminal Case, Police, Injured, hospital, Treatment, Kerala,
ആലപ്പുഴ: (www.kvartha.com 17.06.2019) ശനിയാഴ്ച കൊല്ലപ്പെട്ട വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്പാകരന്റെ (34) കൊലയില്‍ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു തന്റെ ലക്ഷ്യമെന്നും പ്രണയപരാജയമാണ് കൊലയ്ക്കു കാരണമെന്നും പ്രതി അജാസിന്റെ മൊഴി. തന്നെ സൗമ്യ നിരന്തരം അവഗണിച്ചു. സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോളൊഴിച്ചു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് പോലീസിന് മൊഴി നല്‍കി.

ശനിയാഴ്ച വൈകിട്ടാണു നാടിനെ നടുക്കിയ ദുരന്തം നടന്നത്. കായംകുളത്തിനടുത്ത് വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്പാകരനെ (34) സ്‌കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും പരിക്കേല്‍പിച്ചശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

 Kerala constable hacks, sets afire woman colleague, Alappuzha, News, Trending, Murder, Crime, Criminal Case, Police, Injured, Hospital, Treatment, Kerala

വള്ളികുന്നം തെക്കേമുറി ഉപ്പന്‍വിളയില്‍ സജീവിന്റെ ഭാര്യയാണു സൗമ്യ. ആലുവ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്‌തേലില്‍ എന്‍.എ.അജാസ് (33) ആണു പ്രതി. 50% പൊള്ളലേറ്റ ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സൗമ്യയെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അജാസ് എത്തിയത്. സൗമ്യ വീട്ടിലേക്ക് വരുന്നതു കണ്ട് അജാസും എത്തി. എന്നാല്‍ പെട്ടെന്നുതന്നെ സൗമ്യ സ്‌കൂട്ടറില്‍ പുറത്തേക്കു പോയി. ഇതോടെയാണ് കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് വീഴ്ത്തിയത്.

ഇതിനിടെ പ്രാണരക്ഷാര്‍ത്ഥം സമീപത്തെ കാന ചാടിക്കടന്ന് ഓടിയ സൗമ്യ പടിഞ്ഞാറു വശത്തുള്ള വീട്ടിലേക്ക് എത്തിച്ചേരുന്നതിനിടെ പിന്നാലെയെത്തിയ അജാസ് കൊടുവാള്‍ കൊണ്ട് കഴുത്തിലും നെഞ്ചിലും വെട്ടി പരിക്കേല്‍പ്പിച്ചു. കാറില്‍ രണ്ടു കുപ്പികളിലായി കൊണ്ടുവന്ന പെട്രോള്‍ സ്വന്തം ശരീരത്തില്‍ ഒഴിച്ച ശേഷം സൗമ്യയുടെ ദേഹത്തും ഒഴിച്ച് കത്തിക്കുകയായിരുന്നു.

കേസില്‍ സൗമ്യയുടെ മകന്റെയും അമ്മയുടെയും നിര്‍ണായക മൊഴികളും പുറത്തു വന്നിരുന്നു. ഒരു വര്‍ഷമായി അജാസില്‍ നിന്നു സൗമ്യ ആക്രമണം ഭയപ്പെട്ടിരുന്നതായി അമ്മ ഇന്ദിര പറഞ്ഞു. മുന്‍പും മകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇക്കാര്യം വള്ളികുന്നം എസ് ഐയെ അറിയിച്ചിരുന്നു.

അമ്മ കൊല്ലപ്പെട്ടാല്‍ അജാസ് ആയിരിക്കും ഉത്തരവാദി എന്ന് പറഞ്ഞിരുന്നതായി മകനും പോലീസിന് മൊഴി നല്‍കി. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇക്കാര്യം പോലീസിനോട് പറയണമെന്നും അമ്മ പറഞ്ഞിരുന്നതായി സൗമ്യയുടെ മകന്‍ പറഞ്ഞു. അതേസമയം സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അന്തിമ ഘട്ടത്തില്‍ ആണ്.

വിവാഹം കഴിക്കണം എന്ന അജാസിന്റെ നിരന്തരമായ ആവശ്യം നിഷേധിച്ചതാണ് സൗമ്യയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് കുടുംബം നല്‍കുന്ന മൊഴി. ഭര്‍ത്താവും മൂന്നു കുട്ടികളുമുള്ള സൗമ്യ മറ്റൊരു വിവാഹത്തിന് ഒരുക്കമായിരുന്നില്ല. കടമായി വാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ നല്‍കി സൗഹൃദം പൂര്‍ണമായും ഉപേക്ഷിക്കാന്‍ ആണ് സൗമ്യ തീരുമാനിച്ചത്.

രണ്ടാഴ്ച മുമ്പ് സൗമ്യയും അമ്മയും കൊച്ചിയില്‍ പോയി അജാസിന് പണം നല്‍കി. പക്ഷെ വാങ്ങാന്‍ പ്രതി കൂട്ടാക്കിയില്ല. ഇരുവരെയും അജാസ് തന്നെയാണ് കാറില്‍ വള്ളികുന്നത്തെ വീട്ടില്‍ തിരികെ എത്തിച്ചത്. ഈ സമയങ്ങളില്‍ എല്ലാം നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി അമ്മ പറഞ്ഞു.

സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും അജാസില്‍നിന്നു ഭീഷണി ഉണ്ടായിരുന്നു. ശല്യം സഹിക്കാതെ വന്നതോടെ സൗമ്യ ഫോണ്‍ ബ്ലോക്ക് ചെയ്തു. മറ്റു നമ്പരില്‍ നിന്ന് വിളിച്ച് വീണ്ടും ഭീഷണിപ്പെടുത്തി. എന്നാല്‍ ഭീഷണി ഉള്ള കാര്യം പോലീസില്‍ അറിയിച്ചിരുന്നില്ലെന്ന് വള്ളികുന്നം എസ്‌ഐ പറഞ്ഞു.

ഇരുവരുടെയും ഫോണ്‍വിളികള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. വിവരങ്ങള്‍ പോലീസ് പുറത്തുവിടുന്നില്ല. അതിനിടെ ഇയാളൊടൊപ്പം മറ്റാരോ ഉണ്ടായിരുന്നെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് പോലീസ് പറഞ്ഞു.

എറണാകുളത്ത് നിന്നെടുത്ത വാടക കാറിലാണ് അജാസ് എത്തിയത്. കാറിന്റെ ഉടമയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാറും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പെട്രോള്‍ കുപ്പികളും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച രക്തസാമ്പിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala constable hacks, sets afire woman colleague, Alappuzha, News, Trending, Murder, Crime, Criminal Case, Police, Injured, Hospital, Treatment, Kerala.