കത് വ കേസ്; പെണ്‍കുട്ടിയെ ക്രൂരമായി പിച്ചിച്ചീന്തിയ പിശാചുക്കളില്‍ 3 പേര്‍ക്ക് ജീവപര്യന്തം; ശിക്ഷയില്‍ തൃപ്തിയില്ലെന്ന് പ്രോസിക്യൂഷന്‍; വധശിക്ഷ ഒഴിവാക്കിയതിന് 2 കാരണങ്ങള്‍

 


പത്താന്‍കോട്ട്:  (www.kvartha.com 11.06.2019) രാജ്യത്തെ ഞെട്ടിച്ച കത്വ പീഡനക്കേസില്‍ രാജ്യം കാത്തുനിന്ന വിധി വന്നു. പത്താന്‍കോട്ട് പ്രത്യേക അതിവേഗ കോടതിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

എന്നാല്‍ രണ്ടു കാര്യങ്ങള്‍ പരിഗണിച്ച് കോടതി ആറ് പ്രതികളില്‍ മൂന്നുപേര്‍ക്കു ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. മൂന്നു പേരെ അഞ്ച് വര്‍ഷ തടവിനും ജഡ്ജി തേജ്വീന്ദര്‍ സിംഗ് ശിക്ഷിച്ചു. ഒരാളെ വെറുതേവിട്ടു. പ്രധാന പ്രതിയുടെ മരുമകനായ മറ്റൊരു പ്രതിയുടെ പ്രായത്തെ ചൊല്ലിയുള്ള തര്‍ക്കം ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കത് വ കേസ്; പെണ്‍കുട്ടിയെ ക്രൂരമായി പിച്ചിച്ചീന്തിയ പിശാചുക്കളില്‍ 3 പേര്‍ക്ക് ജീവപര്യന്തം; ശിക്ഷയില്‍ തൃപ്തിയില്ലെന്ന് പ്രോസിക്യൂഷന്‍; വധശിക്ഷ ഒഴിവാക്കിയതിന് 2 കാരണങ്ങള്‍

പ്രതികള്‍ ഇതിനു മുന്‍പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടില്ലെന്നും ഇതോടൊപ്പം ഇവര്‍ക്ക് മനംമാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തിയ കോടതി പരാമാവധി ശിക്ഷ നല്‍കാന്‍ മടിക്കുകയായിരുന്നു. അതേസമയം ശിക്ഷാവിധി തൃപ്തികരമല്ലെന്നും അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷനും വ്യക്തമാക്കി.

സംഭവത്തിന്റെ സൂത്രധാരനും ഗ്രാമ മുഖ്യനും പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച ക്ഷേത്രത്തിന്റെ മേല്‍നോട്ടക്കാരനുമായ സാഞ്ജി റാം, സുഹൃത്ത് പര്‍വേഷ് കുമാര്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ദീപക് ഖജൂരിയ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

സാഞ്ജി റാമില്‍ നിന്ന് നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് കേസ് ആദ്യം അന്വേഷിച്ച എസ്.ഐ ആനന്ദ് ദത്ത, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക്രാജ് എന്നിവര്‍ക്കാണ് അഞ്ചുവര്‍ഷം തടവ്. ഇവര്‍ക്ക് 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കേസില്‍ മുഖ്യ പ്രതിയും പെണ്‍കുട്ടിയെ പൂട്ടിയിട്ട ക്ഷേത്രത്തിലെ പൂജാരിയുമായ സാഞ്ജി റാമിന്റെ മകന്‍ വിശാലിനെയാണ് കോടതി വെറുതെ വിട്ടത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ പരീക്ഷയെഴുതുകയായിരുന്നുവെന്ന് വിശാല്‍ വാദിച്ചിരുന്നു. ഇതിന് തെളിവുകളും ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശാലിനെ വെറുതെ വിട്ടത്.

അതേസമയം വിധിയില്‍ തൃപ്തിയില്ലെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം അപ്പീല്‍ നല്‍കുന്നത് പരിഗണിക്കുമെന്ന് ഇവരുടെ അഭിഭാഷകര്‍ അറിയിച്ചു.

കത്വയില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടി ഏറെ ധൈര്യവതിയായിരുന്നുവെന്നു പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. മക്കള്‍ നഷ്ടപ്പെട്ട ഇദ്ദേഹത്തിനൊപ്പമായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടി താമസിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അപകടത്തിലാണ് പെണ്‍കുട്ടിയുടെ അമ്മാവന് കുടുംബത്തെ നഷ്ടപ്പെട്ടത്.

''അവളെ കിട്ടിയപ്പോള്‍ എനിക്ക് കിട്ടിയത് ഒരു പുതിയ ജീവിതമായിരുന്നു. ജീവിതത്തിനൊരു അര്‍ത്ഥം കൈവന്നതായിരുന്നു. ഒരുപക്ഷേ അവള്‍ അവരുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നെങ്കില്‍ ഈ ഭീകരവിധി അനുഭവിക്കേണ്ടി വരില്ലായിരുന്നു''എന്നും പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛനായ അമ്മാവന്‍ പറയുന്നു.

''നഷ്ടപ്പെട്ട കുട്ടികളെക്കുറിച്ച് സഹോദരന്‍ എപ്പോഴും സംസാരിക്കുമായിരുന്നു. ആ വേദന കാണാന്‍ കഴിയാത്തതു കൊണ്ടാണ് എന്റെ മകളെ അദ്ദേഹത്തെ എല്‍പ്പിച്ചത്''കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.

2018 ജനുവരി 10 നാണ് എട്ടുവയസുകാരിയെ കത്‌വയില്‍ നിന്ന് കാണാതാവുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കിയ ശേഷം കല്ലുകൊണ്ട് തല തകര്‍ത്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കാണാതായി ഒരാഴ്ചക്ക് ശേഷം ജനുവരി പതിനേഴിനാണ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ജനുവരി 23 ന് കേസ് സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറി. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരക്രൃത്യത്തിന്റെ ചുരുളഴിയുന്നത്.

എട്ടുപേരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് ഏപ്രില്‍ ഒമ്പതിന് കുറ്റപത്രം സമര്‍പ്പിച്ചു. ഏപ്രില്‍ പതിനാറിന് വിചാരണ ആരംഭിച്ചുവെങ്കിലും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ ക്രൈംബ്രാഞ്ച് അധികൃതരെ അഭിഭാഷകര്‍ കോടതി പരിസരത്തു വച്ച് തടഞ്ഞു. തുടര്‍ന്ന് വിചാരണ ജമ്മു കശ്മീരിനു പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചു.

ഇതോടെ കേസ് പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റി മേയ് ഏഴിന് സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീം കോടതി ഉത്തരവ് വന്നതിന് ശേഷം കഴിഞ്ഞ ജൂണ്‍ മുതല്‍ അതിവേഗതയിലാണ് വിചാരണ നടപടികള്‍ കോടതി പൂര്‍ത്തിയാക്കിയത്. 275 തവണ കോടതിയില്‍ വാദം നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു. കോടതിയുത്തരവ് പ്രകാരം രഹസ്യ വിചാരണയാണ് നടന്നത്.

2019 ജൂണ്‍ മൂന്നിന് കേസില്‍ വാദം പൂര്‍ത്തിയായി. കശ്മീരില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കും കേസ് കാരണമായി. കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹിന്ദു ഏകതാ മഞ്ച് നടത്തിയ റാലിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ചൗധരിലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നീ രണ്ട് മന്ത്രിമാരെ ബിജെപി പുറത്താക്കിയിരുന്നു.

കൊലയ്ക്ക് കാരണം

പെണ്‍കുട്ടിയുള്‍പ്പെട്ട ബേക്കര്‍വാള്‍ മുസ്ലിം നാടോടി സമുദായത്തെ ഗ്രാമത്തില്‍ നിന്ന് ഓടിക്കുകയെന്ന ലക്ഷ്യത്തോടെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ സാഞ്ജി റാം ആസൂത്രിതമായി തയ്യാറാക്കിയ പദ്ധതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കൊടുംക്രൂരത ഇങ്ങനെ;


2018 ജനുവരി 10നാണ് എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. ഗ്രാമക്ഷേത്രത്തില്‍ ദിവസങ്ങളോളം മയക്കിക്കിടത്തി പീഡിപ്പിച്ചും ക്രൂരമായി മര്‍ദിച്ചും കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊല്ലുകയായിരുന്നു. കുതിരകളെ മേയ്ക്കുകയായിരുന്നു കുട്ടി. കാണാതായ കുതിരയെ കണ്ടെത്താന്‍ സഹായിക്കാമെന്ന വ്യാജേന സാഞ്ജിറാമിന്റെ അനന്തരവന്‍ സൂത്രത്തില്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നു.

തുടര്‍ന്ന് ക്ഷേത്രത്തില്‍ തടവിലിട്ട് ബലമായി മയക്കുമരുന്ന് നല്‍കിയും മറ്റും പ്രതികള്‍ പലതവണ മാനഭംഗപ്പെടുത്തി. കല്ലുകൊണ്ടിടിച്ച് കൊല്ലും മുമ്പ് ദീപക് ഖജൂരിയ വീണ്ടും മാനഭംഗത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ വാദം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kathua molest-murder case: Mastermind Sanji Ram, 2 others given life sentence, 5-year jail term for 3 cops, News, Trending, Molestation, Crime, Criminal Case, Court, National, Life Imprisonment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia