യുഎഇയിലെ ആദ്യ പെര്‍മെനന്റ് റെസിഡന്‍സി ഗോള്‍ഡ് കാര്‍ഡ് എം എ യൂസുഫലിക്ക്, തനിക്ക് ലഭിച്ചത് ആഗോള നിക്ഷേപക സമൂഹത്തിനുള്ള ആദരവാണെന്ന് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍

യുഎഇയിലെ ആദ്യ പെര്‍മെനന്റ് റെസിഡന്‍സി ഗോള്‍ഡ് കാര്‍ഡ് എം എ യൂസുഫലിക്ക്, തനിക്ക് ലഭിച്ചത് ആഗോള നിക്ഷേപക സമൂഹത്തിനുള്ള ആദരവാണെന്ന് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍

അബൂദാബി: (www.kvartha.com 03.06.2019) ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് തിങ്കളാഴ്ച ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് ആദ്യ ഗോള്‍ഡ് റസിഡന്‍സ് കാര്‍ഡ് വിതരണം ചെയ്തു. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ ദീര്‍ഘകാല വിസ പ്രഖ്യാപനത്തിനു പുറമെയാണ് ബിസിനസുകാര്‍ക്കും പ്രതിഭാധനരായ വ്യക്തികള്‍ക്കും ഗോള്‍ഡ് കാര്‍ഡ് സമ്മാനിച്ച് സ്ഥിര താമസസ്ഥലം നല്‍കുന്നത്.

അബുദാബിയില്‍ വെച്ചുനടന്ന ചടങ്ങില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് സലീം അല്‍ ഷംസിയാണ് ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും ഡയറക്ടറുമായ യൂസുഫലിക്ക് ഗോള്‍ഡ് കാര്‍ഡ് കൈമാറ്റം ചെയ്തത്. മൊത്തം 6,800 പേര്‍ക്ക് വിതരണം ചെയ്യാനുദ്ദേശിക്കുന്ന സ്ഥിരം റെസിഡന്‍സി ഗോള്‍ഡ് കാര്‍ഡിന്റെ ആദ്യത്തെ ബാച്ച് ഗുണഭോക്താക്കള്‍ 100 ബില്യന്‍ ദിര്‍ഹമിന് മുകളില്‍ നിക്ഷേപമുള്ള നിക്ഷേപകരാണ്.


അതേസമയം യുഎഇയുടെ പ്രഥമ ഗോള്‍ഡ് കാര്‍ഡ് തനിക്ക് ലഭിച്ചത് ആഗോള നിക്ഷേപക സമൂഹത്തിനുള്ള ആദരവായി കാണുന്നുവെന്ന് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി പ്രതികരിച്ചു. യുഎഇ ഭരണകൂടം തനിക്ക് പെര്‍മനെന്റ് റെസിഡന്‍സി ഗോള്‍ഡ് കാര്‍ഡ് നല്‍കിയ, ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിനമായ ഇന്ന്, താന്‍ അഭിമാനിതനും വിനയാന്വിതനും ആവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജീവിതത്തിലെ ശരിയായ ഒരു നാഴികക്കല്ലെന്നാണ് അദ്ദേഹം ഗോള്‍ഡ് കാര്‍ഡ് ലബ്ധിയെ വിശേഷിപ്പിച്ചത്. ആദ്യമായി ഇവിടെ കാലുകുത്തിയ 1973 മുതല്‍ ഇക്കണ്ട നാലര പതിറ്റാണ്ടിലധികം യുഎഇയില്‍ ജീവിക്കുന്ന തനിക്ക് ഇപ്പോഴും യുഎഇ തന്നെയാണ് ഏറ്റവും ആശ്രയമായി മാറിയ അഭയ സ്ഥാനം. താന്‍ സ്വപ്‌നം കണ്ടതിലധികം നല്‍കി യുഎഇ തന്നെ സ്വീകരിക്കുകയായിരുന്നെന്നും യൂസുഫലി പറഞ്ഞു.

സ്ഥിര താമസത്തിനായുള്ള ഗോള്‍ഡ് കാര്‍ഡ് സമ്പ്രദായം സംബന്ധിച്ച് ആലോചന വന്നപ്പോള്‍ അതില്‍ പ്രഥമ സ്ഥാനീയനായി തന്നെ പരിഗണിച്ചതില്‍ താന്‍ അങ്ങേയറ്റം നന്ദിയുള്ളവനും വിനയാന്വിതനും ആയി മാറുന്നു. യുഎഇ ഭരണാധികാരികളുടെ ഹൃദയ വിശാലതയും മഹാമനസ്‌കതയും വിശാലമായ സഹോദര സ്‌നേഹവും പ്രകടമാകുന്ന ഒരു സമീപനമാണ് വിദേശികള്‍ക്ക് ഗോള്‍ഡ് കാര്‍ഡ് നല്‍കാനുള്ള തീരുമാനമെന്ന് അദ്ദേഹം പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതവും, സഹിഷ്ണുതയുള്ളതും വികസനോന്മുഖവുമായ രാജ്യമായി യുഎഇ വളര്‍ന്നത് ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണപാടവം കൊണ്ടാണെന്നും യൂസുഫലി അഭിപ്രായപ്പെട്ടു.

ഈ പുതിയ 'ഗോള്‍ഡ് കാര്‍ഡ് സ്ഥിര താമസ സൗകര്യം' വഴി ഇവിടുത്തെ വന്‍കിട നിക്ഷേപകര്‍ രാജ്യത്തിന്റെ ഇമേജ് കൂടുതല്‍ വര്‍ധിപ്പിക്കുന്ന രീതിയില്‍ സഹകരിക്കുകയും ഇടപെടുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യമായി യുഎഇ നിലനില്‍ക്കുമെന്നതിന്റെ അടയാളമാണ് ഈ സംവിധാനമെന്നും യൂസഫലി പറഞ്ഞു. തനിക്ക് കിട്ടിയ ഈ ആദരവും അവസരവും, യുഎഇയെ രണ്ടാം ഭവനം ആയി കാണുന്ന 200ല്‍ അധികം മറ്റ് രാജ്യക്കാര്‍ക്ക് ഒരു പുരസ്‌കാരം ആയി മാറുകയാണെന്ന് വിശ്വസിക്കാനാണ് കൂടുതല്‍ ഇഷ്ടമെന്നും യൂസുഫലി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: World, News, UAE, M.A.Yusafali, Business Man, Indian, Business, Chairman, Indian businessman Yousuf Ali gets first Gold Card in UAE.
< !- START disable copy paste -->
ad