കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ല; വൃദ്ധയെ കൊച്ചുമകന്‍ തലയ്ക്കടിച്ച് കൊന്നു; ഭാരമുള്ള ഉപകരണം കൊണ്ടുള്ള അടിയേറ്റ് തലയോട്ടിയും കഴുത്തിന് പിന്‍ഭാഗവും തകര്‍ന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ 26കാരന്‍ അറസ്റ്റില്‍

കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ല; വൃദ്ധയെ കൊച്ചുമകന്‍ തലയ്ക്കടിച്ച് കൊന്നു; ഭാരമുള്ള ഉപകരണം കൊണ്ടുള്ള അടിയേറ്റ് തലയോട്ടിയും കഴുത്തിന് പിന്‍ഭാഗവും തകര്‍ന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ 26കാരന്‍ അറസ്റ്റില്‍

ചേര്‍ത്തല: (www.kvartha.com 11.06.2019) കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ലെന്ന് പറഞ്ഞ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്ന കേസില്‍ പ്രതി പിടിയില്‍. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് കോളനിയില്‍ വെളുത്തേടത്തുവെളി വീട്ടില്‍ പരേതനായ പ്രഭാകരന്റെ ഭാര്യ ശാന്തയാണ് (72) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് കൊല നടന്നത്.

സംഭവത്തില്‍ ചെറുമകന്‍ അരൂര്‍ അക്ഷയനിവാസില്‍ ഉത്തമന്റെ മകന്‍ അനന്തു (26) വിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ശേഷം ശനിയാഴ്ച രാത്രിതന്നെ പ്രതി പട്ടണക്കാട് പോലീസില്‍ കീഴടങ്ങിയിരുന്നു. ശാന്തയുടെ മകള്‍ ഷീലയുടെ പുത്രനാണ് അനന്തു. മരിച്ചില്ലെങ്കില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനും പ്രതി പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു.

Grand son arrested murder case, News, Local-News, Murder, Crime, Criminal Case, Arrested, Police, Court, Kerala

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ നാലു ദിവസമായി അനന്തു മുത്തശ്ശിയോടൊപ്പമാണ് താമസിക്കുന്നത്. ശനിയാഴ്ച രാത്രി അനന്തു കഞ്ചാവ് വാങ്ങാന്‍ പണം ആവശ്യപ്പെട്ടെങ്കിലും ശാന്ത നല്‍കിയില്ല. ഇതോടെ പ്രകോപിതനായ അനന്തു വീട്ടിലുണ്ടായിരുന്ന, വ്യായാമത്തിന് ഉപയോഗിക്കുന്ന ഭാരമേറിയ ഉപകരണം കൊണ്ട് ശാന്തയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വലത് ചെവിയുടെ ഭാഗത്ത് മൂന്നു തവണ അടിയേറ്റു. ശാന്തയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും മരണം ഉറപ്പായതോടെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷനില്‍ നടന്നെത്തിയാണ് ഇയാള്‍ കൊലപാതക വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഘം വീട്ടിലെത്തി മരണം സ്ഥിരീകരിക്കുകയും വിടിന് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി തെളിവുകളും രക്ത സാമ്പിളും ശേഖരിച്ചു. മൃതദേഹത്തില്‍ മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം ഉണ്ടായിരുന്നു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

അടിയേറ്റ് തലയോട്ടിയും കഴുത്തിന് പിന്‍ഭാഗവും തകര്‍ന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ശാന്തയുടെ മറ്റു മക്കള്‍: ഹരിദാസ്, ചന്ദ്രബോസ് (കാമറൂണ്‍), സുമ. കാപ്പ കേസില്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാണ് ചന്ദ്രബോസ്.

കഞ്ചാവ് കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അനന്തു. ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എ.എസ്.പി ബി.വിശ്വനാഥ്, പട്ടണക്കാട് എസ്.ഐ അമൃതരംഗന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Grand son arrested murder case, News, Local-News, Murder, Crime, Criminal Case, Arrested, Police, Court, Kerala.
ad