അറബ് വിപ്ലവത്തിന്റെ വസന്തം; ഏകാധിപത്യവും അടിയന്തരാവസ്ഥയും കൊണ്ട് കലുഷിതമായ ഈജിപ്തിനെ ജനാധിപത്യത്തിലേക്ക് നയിക്കാന്‍ ജീവിതം സമര്‍പ്പിച്ച വ്യക്തിത്വം മുഹമ്മദ് മുര്‍സി വിടപറയുമ്പോള്‍...

 


വിജിന്‍ ഗോപാല്‍ ബേപ്പ്

(www.kvartha.com 18.06.2019)  
ഏകാധിപത്യവും അടിയന്തരാവസ്ഥയും കൊണ്ട് കലുഷിതമായ ജന്മനാടിനെ ജനാധിപത്യത്തിന്റെ വിശുദ്ധ വെളിച്ചത്തിലേക്ക് നയിക്കാന്‍ ജീവന്‍ ബലിനല്‍കിയ വീരനായകന്‍ എന്നായിരിക്കാം ചരിത്രത്തിലിനി മുഹമ്മദ് മുര്‍സിയുടെ സ്ഥാനം. ഈജിപ്തിലെ പട്ടാള അട്ടിമറിയും തുടര്‍ന്ന് നേരിടേണ്ടി വന്ന പീഡനങ്ങളേയും സധൈര്യം നേരിട്ട മുഹമ്മദ് മുര്‍സി വിചാരണ തടവുകാരനായിരിക്കെ കോടതിമുറിയിലാണ് മരണത്തിന് കീഴടങ്ങിയത്. ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം ഒരിക്കലും കെട്ടുപോകില്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ച വീരോചിത പുരുഷന്‍ തന്നെയാണ് മുഹമ്മദ് മുര്‍സി.

മുഹമ്മദ് മുര്‍സി ഈസാ അല്‍ ഇയ്യാഥ് എന്നാണ് പൂര്‍ണമായ പേര്. 1951 ആഗസ്റ്റ് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുര്‍സി ജനിച്ചത്. കൈറോ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു. 1982ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ശേഷം അവിടെ മൂന്നുവര്‍ഷം പ്രഫസറായി സേവനമനുഷ്ഠിച്ചു. 1985ല്‍ ജന്മനാട്ടിലേക്ക് മടങ്ങിയശേഷമാണ് മുര്‍സി ബ്രദര്‍ഹുഡ് നേതൃത്വവുമായി അടുക്കുന്നതും പ്രസ്ഥാനത്തില്‍ സജീവമാകുന്നതും. പിന്നീടങ്ങോട്ട് മുസ്ലീം ബ്രദര്‍ഹുഡിന്റെ ജീവനാടിയാവുകയായിരുന്നു മുഹമ്മദ് മുര്‍സി.

അറബ് വിപ്ലവത്തിന്റെ വസന്തം; ഏകാധിപത്യവും അടിയന്തരാവസ്ഥയും കൊണ്ട് കലുഷിതമായ ഈജിപ്തിനെ ജനാധിപത്യത്തിലേക്ക് നയിക്കാന്‍ ജീവിതം സമര്‍പ്പിച്ച വ്യക്തിത്വം മുഹമ്മദ് മുര്‍സി വിടപറയുമ്പോള്‍...

2000ല്‍ ബ്രദര്‍ഹുഡ് പിന്തുണയോടെ മുര്‍സി പാര്‍ലമെന്റിലേക്ക് മത്സരിച്ച് വിജയിച്ചിരുന്നു. ഇക്കാലയളവിനുള്ളില്‍ മുര്‍സി നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2010 വരെ നാട്ടിലെ സാഗാസിഗ് യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിങ് വകുപ്പ് തലവനായി സേവനമനുഷ്ഠിച്ചിരുന്നു. 2011ല്‍ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി രൂപവത്കരിക്കുന്നതുവരെ ബ്രദര്‍ഹുഡിന്റെ നേതൃസ്ഥാനത്തായിരുന്നു മുര്‍സി. വര്‍ഷങ്ങള്‍ നീണ്ട സ്വേച്ഛാധിപത്യത്തിന് അന്ത്യംകുറിച്ച ജനമുന്നേറ്റത്തിന്റെ മുന്നില്‍നിന്ന ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റായിരുന്നു.

2013 മാര്‍ച്ച് 18ന് മുഹമ്മദ് മുര്‍സി ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. മൂന്ന് ദിവസത്തെ സൗഹൃദ സന്ദര്‍ശത്തിനിടിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമിദ് അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ്, ഇ അഹ്മദ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാമ്പത്തിക ബന്ധവും ഇന്ത്യ ഈജിപ്ത് സഖ്യവും ശക്തിപ്പെടുത്തുന്നത് ലക്ഷ്യമാക്കി ഏഴ് കരാറുകളിലാണ് അന്ന് ഒപ്പിട്ടത്. പ്രതിരോധ രംഗത്തും യുഎന്‍ അടക്കമുള്ള രാജ്യാന്തരവേദികളും സഹകരണം വര്‍ധിപ്പിക്കാന്‍ അന്ന് നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു.

നീണ്ട 60 വര്‍ഷത്തെ ഏകാധിപത്യത്തിനൊടുവില്‍ ഈജിപ്ത് സ്വതന്ത്രമായത് 2012ലാണ്. തെരഞ്ഞെടുപ്പിലൂടെ 2012 ജൂലൈ 25ന് മുഹമ്മദ് മുര്‍സി ഈജിപ്തിന്റെ പ്രസിഡന്റായി അധികാരമേറ്റു. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ കക്ഷിയായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തായിരുന്നു അദ്ദേഹം. കടുത്ത സാമ്പത്തിക പ്രതിസന്ധിയും സാമൂഹിക അരാജകത്വങ്ങളും വേട്ടയാടിയ രാജ്യത്തെ പുതിയ വെളിച്ചത്തിലേക്ക് നയിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ക്ക് രാജ്യം അംഗീകാരം നല്‍കി. എന്നാല്‍ രാഷ്ട്രീയ പ്രതിയോഗികളും എതിര്‍ ശക്തികളും നടത്തിയ വിമത നീക്കം തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. മുര്‍സി തന്നെ നിയമിച്ച സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് സീസി നയിച്ച സൈനിക അട്ടിമറിക്കൊടുവി ഒരു വര്‍ഷം പൂര്‍ത്തിയാക്കുംമുമ്പ് 2013 ജൂലൈ 4 ന് മുര്‍സി അധികാര ഭ്രഷ്ടനായി. പുറത്താക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇദ്ദേഹം ജയിലിലടക്കപ്പെട്ടു. അട്ടിമറിയെ തുടര്‍ന്ന് ആഫ്രിക്കന്‍ യൂണിയന്‍ ഈജിപ്തിന്റെ അംഗത്വം റദ്ദാക്കുകയുണ്ടായി. ജനാധിപത്യരീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ സൈന്യം ഇടപെട്ട് പുറത്താകിയതിനെതിരെ ഈജിപ്തില്‍ ഇന്നും സമരം തുടര്‍ന്നുവരുകയാണ്.

തടവില്‍ അതിക്രൂരമായ പീഡനങ്ങളാണ് മുര്‍സി ഏറ്റ് വാങ്ങിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില അപകടകരമാംവിധം മോശമായതായി ഒരു വര്‍ഷം മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മൂന്നു വര്‍ഷത്തില്‍ ഒറ്റത്തവണ മാത്രമാണ് കുടുംബവുമായി സംസാരിക്കാന്‍ പട്ടാള ഭരണകൂടം അനുവാദം നല്‍കിയത്. ശാരീരികവും മാനസികവുമായി നിരന്തരം പീഡനങ്ങള്‍ നിരവധി രോഗങ്ങളാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. തോറ ജയിലില്‍ അദ്ദേഹത്തിന് ഒരുക്കിയ ഇടം ഇനി ജീവനോടെ പുറത്തുവരാന്‍ കഴിയാത്ത വിധം ഭീകരമായിട്ടായിരുന്നുവെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റഗം ക്രിസ്പിന്‍ ബ്ലണ്ട് നയിച്ച വസ്തുതാന്വേഷണ സമിതി ഒരു വര്‍ഷം മുേമ്പ റിപ്പോര്‍ട്ട് ചെയ്തതാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഹമാസുമായും ഖത്തറുമായും ഗൂഢാലോചന നടത്തിയെന്നു വരെയുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, World, Egypt, President,  Vijin Gopal Bepu,  Egypt political leader Muhammed Mursi no more
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia