Follow KVARTHA on Google news Follow Us!
ad

വിജയം കൊണ്ടൊന്നും അവസാനിപ്പിക്കുന്നില്ല; സി പി എമ്മിനെതിരെ കള്ളവോട്ട് പ്രചാരണവുമായി കോണ്‍ഗ്രസ്; ജില്ലയിലെ നിയമ പരിപാലന രംഗത്തും ഭരണനിര്‍വഹണ രംഗത്തും നീതിയും ന്യായവും നടപ്പിലാക്കുന്നതില്‍ ജില്ലാ കലക്ടറും പോലീസും പൂര്‍ണമായും പരാജയപ്പെട്ടെന്നും നിഷ്‌ക്രിയത്വവും അലസതയും മൂലം ജനാധിപത്യത്തിന്റെ മൂല്യം ഉള്‍ക്കൊള്ളാതെ ഗുരുതരമായ അലംഭാവം കാണിക്കുകയാണെന്നും ആരോപണം

പരാജയ ഭീതികൊണ്ടാണ് കള്ളവോട്ട് ആരോപണമുന്നയിച്ചതെന്ന Kannur, News, Allegation, Election, Corruption, Fake, K.Sudhakaran, Trending, Kerala,
സി കെ എ ജബ്ബാര്‍

കണ്ണൂര്‍: (www.kvartha.com 13.06.2019) പരാജയ ഭീതികൊണ്ടാണ് കള്ളവോട്ട് ആരോപണമുന്നയിച്ചതെന്ന ആക്ഷേപത്തിന് മറുപടി നല്‍കി കണ്ണൂരിലെ സി.പി.എമ്മിനെതിരായ തെരഞ്ഞെടുപ്പ് ക്രമക്കേടിനെതിരായ പ്രചാരണവുമായി യു.ഡി.എഫ്. സജീവമാവുന്നു.

കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലും കള്ളവോട്ട് ആരോപണവുമായി കെ.സുധാകരന്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും ഫലപ്രഖ്യാപനത്തിന് ശേഷം ആരോപണം തെളയിക്കാനുള്ള
നടപടി തുടരാനായിരുന്നില്ല. എന്നാല്‍, ഇക്കുറി തകര്‍പ്പന്‍ വിജയം നേടിയിട്ടും കള്ളവോട്ട് ആരോപണത്തിന്റെ പ്രചാരണവുമായി സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന തന്ത്രമാണ് യു.ഡി.എഫ്. ആവീഷ്‌കരിച്ചിരിക്കുന്നത്.

ജനവിധി അനുകൂലമാണെങ്കിലും കള്ളവോട്ട് കേസുമായി ബന്ധപ്പെട്ട നിയമനടപടി പൂര്‍വോപരി ശക്തമായി തുടരാനാണ് തീരുമാനം. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി സി.പി.എം നേതൃത്വത്തില്‍ കള്ളവോട്ട് ചെയ്തപ്പോള്‍, അതിനെതിരെ തെളിവുസഹിതം 199 പേര്‍ക്കെതിരെ ആദ്യഘട്ടത്തിലും 42 പേര്‍ക്കെതിരെ രണ്ടാം ഘട്ടത്തിലും രേഖാമൂലം പരാതി നല്‍കിയിരുന്നു.

പോളിംഗ് സ്റ്റേഷനുകളിലെ ക്യാമറദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്റ് കെ.സുരേന്ദ്രന്‍ പരാതി നല്‍കിയിരുന്നു. പക്ഷെ, നടപടി ഉണ്ടായില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

നിയമനടപടികളില്‍ നിഷ്‌ക്രിയത്വം കാണിക്കുന്ന ജില്ലാ ഭരണകൂടത്തിനെതിരെ, കോണ്‍ഗ്രസ് പ്രക്ഷോഭരംഗം ശക്തിപ്പെടുത്തുമെന്നാണ് ഡി.സി.സി.യുടെ തീരുമാനം. ജില്ലയിലെ നിയമ പരിപാലന രംഗത്തും ഭരണനിര്‍വഹണ രംഗത്തും നീതിയും ന്യായവും നടപ്പിലാക്കുന്നതില്‍ ജില്ലാ കലക്ടറും പോലീസും പൂര്‍ണമായും പരാജയപ്പെടുകയും നിഷ്‌ക്രിയത്വവും അലസതയും മൂലം ജനാധിപത്യത്തിന്റെ മൂല്യം ഉള്‍ക്കൊള്ളാതെ ഗുരുതരമായ അലംഭാവം കാണിക്കുകയുമാണെന്നാണ് ആരോപണം.

പിലാത്തറയില്‍ റീ പോളിംഗിന് ശേഷം ബൂത്ത് ഏജന്റ് വി.ടി.വി.പത്മനാഭന്റെയും ഷാലറ്റ് സെബാസ്റ്റ്യന്റെയും വീടിന് നേരെ ബോംബെറിഞ്ഞിരുന്നു. ഇതിനെതിരായി പിലാത്തറയില്‍ നടന്ന പ്രതിഷേധം അഭൂതപൂര്‍വമായ ജനാവലിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പ്രവര്‍ത്തകര്‍ക്ക് ആവേശം വിതറി കെ.സുധാകരന്‍ ആണ് പ്രതിഷേധ പരിപാടി ഉദ്ഘാനം ചെയ്തത്.

ജനാധിപത്യ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് നടത്തുന്നതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും നിയുക്ത എം പിയുമായ കെ സുധാകരന് പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഉന്മൂലനം ചെയ്തും സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടയിട്ടും സി പി എം ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. കണ്ണൂര്‍ ജില്ലാ കലക്ടറും പോലീസ് മേധാവിയുമൊക്കെ സി പി എം നേതൃത്വത്തിന്റെ ആഞ്ജാനുവര്‍ത്തികളായി അവരുടെ ആത്മാഭിമാനം പണയം വെച്ചാണ് ജോലി ചെയ്യുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

സി പി എമ്മിന്റെ പോക്ക് സര്‍വനാശത്തിലേക്കാണ്. കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന് പിണറായി വിജയന്‍ ആവര്‍ത്തിച്ചു തെളിയിക്കുകയാണ്. വിയോജിപ്പുള്ളവരെ പൈശാചികമായി വെട്ടിക്കൊലപ്പെടുത്തിക്കൊണ്ട് ഭയപ്പാടിന്റെ അന്തരീക്ഷം സൃഷ്ടിച്ച് എതിരാളികളെ നിശബ്ദരാക്കാനാണ് പിണറായിയും കൂട്ടരും ശ്രമിക്കുന്നത്. പ്രാകൃതമായ ഈ രാഷ്ട്രീയ ശൈലിക്കെതിരായ വികാരമാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്.

19 സീറ്റ് കിട്ടിയതിലല്ല, യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച മഹാഭൂരിപക്ഷത്തിലാണ് ജനങ്ങളുടെ വികാരം പ്രകടമാകുന്നത്. സി പി എമ്മിന് കാലാകാലങ്ങളായി വോട്ടു ചെയ്തവര്‍ പോലും ആ പാര്‍ട്ടിയെ വെറുക്കുകയാണ്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലാണ് വോട്ടു ചോര്‍ച്ചയുണ്ടായത്.

സി പി എമ്മിന്റെ അടിത്തറ ഇളകിക്കഴിഞ്ഞു. എന്തുകൊണ്ട് ഇത്തരത്തില്‍ പുറകോട്ടു പോകുന്നുവെന്ന് ആത്മപരിശോധന നടത്താന്‍ സി പി എം നേതൃത്വം തയ്യാറാകണം. സുധാകരന്‍ പറഞ്ഞു. കള്ളവോട്ടു ചെയ്തവരെയും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും അഴി എണ്ണിക്കും വരെ കോണ്‍ഗ്രസ്സ് പോരാടുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചു.

കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എം പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ഐഎന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സുമാ ബാലകൃഷ്ണന്‍, വി എ നാരായണന്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ എ ഡി മുസ്തഫ, എം.നാരായണന്‍കുട്ടി, കെ പ്രമോദ്, അഡ്വ ടി ഒ മോഹനന്‍, ഒ നാരായണന്‍, എം പി മുരളി, റിജില്‍ മാക്കുറ്റി, രജനി രമാനന്ദ്, ടി ജയകൃഷ്ണന്‍, കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ.കെ.ബ്രിജേഷ് കുമാര്‍, അഡ്വ.റഷീദ് കവ്വായി, ഇ.ടി.രാജീവന്‍, സുരേഷ് ബാബു എളയാവൂര്‍, എ.പി.നാരായണന്‍, ജോഷി കണ്ടത്തില്‍, വി.പി.അബ്ദുര്‍ റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

അതിനിടെ തലശ്ശേരിയിലെ സി.ഒ.ടി നസീര്‍ വധശ്രമ സംഭവവും യു.ഡി.എഫിന് വീണു കിട്ടിയ അവസരമായി. ഡി.സി.സി.പ്രസിഡന്റ് സതീശന്‍ പാച്ചേനി ഈ വിഷയമുന്നയിച്ച് തലശ്ശേരിയില്‍ ഏകദിന ഉപവാസം വ്യാഴാഴ്ച രാവിലെ തുടങ്ങിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress Complaints galore against bogus voting in Kannur, Kannur, News, Allegation, Election, Corruption, Fake, K. Sudhakaran, Trending, Kerala.