ചെറുചിരിയൊളിപ്പിച്ച് ഷെരിന്‍ ഇനി വരില്ല; കണ്ണീരോര്‍മയില്‍ കുടുംബം

ചെറുചിരിയൊളിപ്പിച്ച് ഷെരിന്‍ ഇനി വരില്ല; കണ്ണീരോര്‍മയില്‍ കുടുംബം

കണ്ണൂര്‍: (www.kvartha.com 14.06.2019) അരുണാചല്‍ പ്രദേശില്‍ നിന്നു കാണാതായ വ്യോമസേനാ വിമാനത്തിലെ യാത്രക്കാരാരും ജീവനോടെയില്ലെന്ന് വ്യോമസേന സ്ഥിരീകരിച്ചതോടെ അഞ്ചരക്കണ്ടിയിലെ ഷരിന്റെ വീട്ടില്‍ പ്രതീക്ഷകളുടെ കാത്തിരിപ്പ് അസ്തമിച്ചു. വ്യോമസേനാ വിമാനം കാണാതായ വിവരമറിഞ്ഞതുമുതല്‍ ശുഭവാര്‍ത്തയ്ക്കായി കാത്തിരുന്ന വ്യോമസേനാ ഉദ്യോഗസ്ഥനായ ഷരിന്റെ വീട്ടിലേക്ക് വെള്ളിയാഴ്ചയാണ് സങ്കടപ്പെരുമഴയായി ഷരിനടക്കമുള്ള വിമാനത്തിലെ യാത്രക്കാരെല്ലാം മരണപ്പെട്ടതായി വ്യോമസേനയുടെ അറിയിപ്പ് എത്തിയത്.

അഞ്ചരക്കണ്ടി കുഴിമ്പാലോട്ടെ കോറോത്ത് വീട്ടില്‍ പി കെ പവിത്രന്റെ മകന്‍ എന്‍ കെ ഷരിന്‍ എട്ടുവര്‍ഷമായി വ്യോമസേനയില്‍ ജോലി ചെയ്തുവരികയാണ്. വിമാനത്തിലുണ്ടായിരുന്ന ഷരിന്‍ ഉള്‍പ്പെടെയുള്ള 13 പേര്‍ മരിച്ചുവെന്നു സ്ഥിരീകരിച്ചതോടെ അഞ്ചരക്കണ്ടിയിലെ വീട്ടില്‍ സങ്കടം അണപൊട്ടി. ഷരിന്റെ ഭാര്യ അഷിതയുടെയും സഹോദരി ഷാനിയുടെയും അമ്മ ശ്രീജയുടെയും സങ്കടക്കണ്ണീര്‍ കാഴ്ചക്കാരെ നൊമ്പരപ്പെടുത്തുന്നു. ദുഃഖം കടിച്ചമര്‍ത്തി ഷരിന്റെ പിതാവ് വീട്ടിലെത്തിയവരോടു സംസാരിച്ചു.

ഇക്കഴിഞ്ഞ മൂന്നിനാണ് ഇരട്ട എഞ്ചിനുള്ള റഷ്യന്‍ നിര്‍മിത എ എന്‍ 32 വിമാനം കാണാതായത്. പറന്നുയര്‍ന്ന് അരമണിക്കൂറിനു ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. എട്ടുസേനാംഗങ്ങളും അഞ്ചു യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം കാണാതാവുന്ന ദിവസം വിമാനത്തില്‍ കയറുന്നതിനു തൊട്ടുമുമ്പ് ഷരിന്‍ ഭാര്യയെ വിളിച്ച് സംസാരിച്ചിരുന്നു. വിമാനം കാണാതായെങ്കിലും അശുഭകരമായതൊന്നും സംഭവിക്കില്ലെന്നായിരുന്നു ഷരിന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രതീക്ഷ. നാട്ടിലെത്തിയാല്‍ സുഹൃത്തുക്കള്‍ക്കൊപ്പവും വീട്ടുകാരോടുമൊപ്പം സമയം ചെലവഴിക്കുന്ന ഷരിന്‍ നാട്ടുകാര്‍ക്കു പ്രിയങ്കരനായിരുന്നു.

ഒരു സാധാരണ കുടുംബത്തില്‍ നിന്നു വ്യോമസേനാ ഉദ്യോഗസ്ഥനായി മാറിയ ഷരിന്‍ പഠനത്തിലും മിടുക്കനായിരുന്നു. എഡിഎം ഇ മുഹമ്മദ് യൂസഫ് ഷരിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.Keywords: Kerala, Kannur, News, Navy, Flight, Death, 13 people on board missing AN-32 dead: officials

ad