തൃശൂരിലേക്ക് വരൂ... പൂരത്തിലലിയാം, ദേശവും ഭാഷയും അതിരിടാത്ത താളമേള വര്‍ണ വിസ്മയ കാഴ്ചകള്‍ക്ക് സാംസ്‌കാരിക നഗരി ഒരുങ്ങി

 


വിജിന്‍ ഗോപാല്‍ ബേപ്പ്

(www.kvartha.com 11.05.2019)
സംസ്‌കാരവും വിശുദ്ധിയും സാമൂഹികമായ മുന്നേറ്റങ്ങളും കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന പേര് ചാര്‍ത്തികിട്ടിയ മണ്ണാണ് തൃശൂരിന്റേത്. തൃശൂര്‍ പട്ടണം പണി കഴിപ്പിച്ച ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പിതൃത്വത്തില്‍ ആരംഭിച്ച ഒരു താളമേള വര്‍ണ വിസ്മയ കാഴ്ചയുണ്ട്, അതാണ് തൃശൂര്‍ പൂരം. പോയ കാലത്തിന്റെ കഷ്ടതകളും പരാധീനതകളുമെല്ലാം മേട മാസത്തിലെ ഉരുകിയൊലിക്കുന്ന വേനലില്‍ ആര്‍ത്തിരമ്പുന്ന പതിനായിരങ്ങള്‍ക്കടയില്‍ വീണുടയുകയും പുതിയ കാലത്തിലെ വസന്തത്തെ ഇട നെഞ്ചേറ്റുവാന്‍ ഭക്തി സാന്ദ്രമായ ദിനരാവുകള്‍ മലയാളിക്ക് സമ്മാനിക്കുകയും ചെയ്ത തൃശൂര്‍ പൂരം. ജാതിയുടെയും മതത്തിന്റെയും അതിര്‍ വരമ്പുകള്‍ കോട്ടകൊത്തളങ്ങള്‍ ആയിരുന്ന കാലഘട്ടത്തിലും പൂര ലഹരിയില്‍ അലിഞ്ഞു ചേര്‍ന്നിരുന്നത് മാനവികതയുടെ മന്ത്രങ്ങള്‍ മാത്രമായിരുന്നു എന്നതും തൃശൂര്‍ പൂരത്തെ ജനകീയമാക്കുന്ന വസ്തുതയാണ്.

വീണ്ടുമൊരു പൂരത്തിനായി കേരളം ഒരുങ്ങി കഴിഞ്ഞു. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ മണ്ണിലേക്ക് സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നും ആളുകള്‍ ഒഴുകുകയാണ്. വൈദേശികരായ പൂര പ്രേമികള്‍ വേറെയും. പൂരത്തിന്റെ ആകര്‍ഷണം പലര്‍ക്കും പല രീതിയിലാണ്. ചിലര്‍ ആന പ്രേമികള്‍, തിടമ്പേറ്റി തലഉയര്‍പ്പോടെ നില്‍ക്കുന്ന ഗജകേസരികളെ കാണാനെത്തുന്നവര്‍. കണ്ണഞ്ചിപ്പിക്കുന്ന, വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന വെടിക്കെട്ടിന്റെ ആരാധകര്‍, കുടമാറ്റവും നെറ്റിപ്പട്ടവും വെഞ്ചാമരവുമെല്ലാം സ്‌നേഹിക്കുന്നവര്‍, പൂരലഹരിയുടെ കാഴ്ചകളില്‍ മെയ്യും മനസ്സും ചേര്‍ത്ത്  വയ്ക്കുന്നവര്‍. ജനനിബിഡമായ പൂരപ്പറമ്പിനെ സ്‌നേഹിക്കുന്നവര്‍. ഇതിനെല്ലാം പുറമെ വടക്കുംനാഥന്റെ മക്കള്‍ വേറെയും.

തൃശൂരിലേക്ക് വരൂ... പൂരത്തിലലിയാം, ദേശവും ഭാഷയും അതിരിടാത്ത താളമേള വര്‍ണ വിസ്മയ കാഴ്ചകള്‍ക്ക് സാംസ്‌കാരിക നഗരി ഒരുങ്ങി

ഇന്ന് കാണുന്ന പൂരം കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ക്ക് വിധേയമായി കാച്ചി മിനുക്കിയെടുത്ത മലയാളിയുടെ പ്രൗഢിയുടെ നേര്‍ സാക്ഷ്യമാണ്. ചരിത്രമിങ്ങനെയാണ്, ശക്തന്‍ തമ്പുരാന്റെ കാലത്ത് ആറാട്ടുപുഴ പൂരമായിരുന്നു കേരളത്തിലെ ഏറ്റവും പ്രശസ്തമായ പൂരകാഴ്ച. പല ദേശങ്ങളില്‍ നിന്നുള്ള ഘോഷയാത്രകള്‍ ആറാട്ടുപുഴ പൂരത്തിനെത്തുമായിരുന്നു. ലോകത്തിലെ മുഴുവന്‍ ദേവീ ദേവന്മാരും ആറാട്ടുപുഴ പൂരത്തില്‍ സംഗമിക്കുന്നു എന്നായിരുന്നു വിശ്വാസം. 1796 ല്‍ നടന്ന പൂരമാണ് തൃശൂര്‍ പൂരത്തിന്റെ ചരിത്രവുമായി ബന്ധമുള്ളത്. അന്ന് ആറാട്ടുപുഴ പൂര ദിനത്തില്‍ പ്രകൃതി ക്ഷോഭിക്കുകയും, അതിശക്തമായ കാറ്റും മഴയും പേമാരിയും കാരണം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട്ക്കാവ്, നെയ്തലക്കാവ്, കണിമംഗലം എന്നിവടങ്ങളിലെ സംഘങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ കഴിഞ്ഞില്ല. പൂരത്തിനെത്താത്ത ക്ഷേത്രങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു. സന്നിഗ്ധ ഘട്ടങ്ങളില്‍ ശരിയുടെ പക്ഷം മാത്രം ചേരുന്ന ശക്തന്‍ തമ്പുരാനെ ഈ സംഭവം ഏറെ ചൊടിപ്പിക്കുകയും വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍, 1797 മെയ്മാസത്തില്‍ തൃശൂര്‍ പൂരം ആരംഭിക്കുകയുമായിരുന്നു. ഇന്ന് തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകളുമായി ബന്ധപ്പെട്ട  പ്രധാന ക്ഷേത്രങ്ങളാണ് പാറമേക്കാവും തിരുവമ്പാടിയും.

തൃശൂര്‍ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. പൂരത്തിന്റെ മുഖ്യ പങ്കാളിത്തം തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്കാണ്. ഈ ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്. തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ കൃഷ്ണനാണ്. എന്നാല്‍ ഉപദേവതയായ ഭഗവതിയാണ് പൂരത്തില്‍ പങ്കെടുക്കുന്നത്. എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴിയില്‍ ഇവര്‍ക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്. ഇലഞ്ഞിത്തറ മേളമാണ് പൂരത്തിന്റെ മറ്റൊരു ആകര്‍ഷണം. നാല് മണിക്കൂറില്‍ കൂടുതല്‍ സമയം നീണ്ട് നില്‍ക്കുന്ന വാദ്യമേളമാണത്. ആരാധകര്‍ ഏറെ ഉള്ള ഇലഞ്ഞിത്തറമേളത്തില്‍ വാദ്യകലാരംഗത്തെ കുലപതികളാണ് പങ്കെടുക്കാറുള്ളത്. കൂത്തമ്പലത്തിന് മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതുകൊണ്ടാണ് ഈ കലാ വൈഭവത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്. 2001 ഇല്‍ ഇലഞ്ഞി മരം കടപുഴകിയതിനെ തുടര്‍ന്ന് അതേ വര്‍ഷം വച്ചു പിടിപ്പിച്ച ഇലഞ്ഞിയാണ് ഇപ്പോള്‍ മേളത്തിന് സാക്ഷിയാവുന്നത്.

 ശക്തന്‍ തമ്പുരാന്‍ തുടങ്ങിവെച്ച തൃശൂര്‍പൂരം തലമുറകളിലൂടെ കൈമാറി ആഘോഷത്തിന്റെ മുഴുവന്‍ പ്രൗഢിയും നെഞ്ചിലേറ്റി വീണ്ടും നമുക്ക് മുന്നില്‍ എത്തി നില്‍ക്കുകയാണ്. ഒപ്പം ഒട്ടേറെ വിവാദങ്ങളും. തിടമ്പേറ്റുന്ന ഗജരാജനില്‍ തുടങ്ങി പൂരത്തിന്റെ ഏറ്റവും പ്രധാനമായ വെടിക്കെട്ടില്‍ വരെ വിവാദങ്ങളും ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. കഴിഞ്ഞ കാലത്തിന്റെ നോവുകളെല്ലാം മറന്ന് വടക്കുംനാഥന്റെ മടിത്തട്ടില്‍ ഒരുമയുടെ വിശാല ഹൃദയം പൂത്ത് തളിര്‍ത്ത് തുടങ്ങുമ്പോള്‍ ഓരോ പൂരകാലവും നവ്യാനുഭൂതിയാണ്. ഒരു ദേശത്തിന്റെ പേരില്‍ നിന്നുത്ഭവിച്ച് മലയാളിയുടെ സാംസ്‌കാരിക മൂല്യങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്ന ആഘോഷമായി മാറിയ തൃശൂര്‍ പൂരത്തെ ഏറ്റവും മഹത്തരമായ ഉത്സവമെന്നാണ് യുനെസ്‌കോ വിശേഷിപ്പിച്ചിരിക്കുന്നത്. കാലവും ദേശവും ഭാഷയും വര്‍ണവും ജാതിമത ചിന്തകളും അതിരിടാത്ത ആഘോഷങ്ങളുടെ മഹത്തായ പട്ടികയിലേക്ക് നമുക്ക് നമ്മുടെ സ്വന്തം തൃശൂര്‍ പൂരത്തേയും അഭിമാന പുരസ്സരം ചേര്‍ത്ത് വയ്ക്കാം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Thrissur, Article, Vijin Gopal Bepu, Kerala, Story Behind Thrissur pooram. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia