പി കെ ശശിയുടെ ലൈംഗീകാരോപണം തിരിച്ചടിയായോ എന്ന് പറയാനാകില്ലെന്ന് എം ബി രാജേഷ്; അപ്രതീക്ഷിത തോല്‍വിയില്‍ തനിക്ക് പങ്കില്ലെന്ന് പി കെ ശശി

പാലക്കാട്: (www.kvartha.com 24.05.2019) കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 20ല്‍ 19ലും എല്‍ഡിഎഫ് തോറ്റെന്ന് അറിഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ ഞെട്ടിയത് പാലക്കാടിനിതെന്തുപറ്റി എന്നാണ്. ഇടതുപക്ഷത്തിന്റെ തകര്‍ക്കാനാവാത്ത കോട്ടയെന്ന് ഖ്യാതിയുള്ള മണ്ഡലം, മത്സരിക്കുന്നത് പാര്‍ലമെന്റില്‍ മോദിയെ പോലും വിറപ്പിക്കാന്‍ കെല്‍പ്പുള്ള അജയ്യനായ എം ബി രാജേഷ്, പോരാത്തതിന് മറുപക്ഷത്ത് പാര്‍ട്ടിപോലും പ്രതീക്ഷ വെക്കാത്ത ഡിസിസി പ്രസിഡന്റ് എന്നതിലപ്പുറം മറ്റൊരു ഇമേജ് ഇല്ലാത്ത വി കെ ശ്രീകണ്ഠന്‍. എന്നിട്ടും പാര്‍ട്ടി അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി.


തോല്‍വിക്ക് പിന്നാലെ സ്ഥാനാര്‍ത്ഥി എം ബി രാജേഷ് പറഞ്ഞത് ന്യൂനപക്ഷ വോട്ടുകളുടെ ചോര്‍ച്ചയാണ് തോല്‍വിക്ക് കാരണമെന്നാണ്. അതോടൊപ്പം പി കെ ശശി വിഷയം തിരിച്ചടിയായോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയ്‌ക്കെതിരായ ലൈംഗീകാരോപണം. സംഭവം പാര്‍ട്ടിതല അന്വേഷണം നടത്തി തെറ്റില്ലെന്ന് പാര്‍ട്ടി കണ്ടെത്തിയെങ്കിലും പൊതുജനങ്ങള്‍ അത് വിശ്വസിച്ചിരുന്നോയെന്ന കാര്യം വ്യക്തമല്ലെന്ന സൂചനയാണ് രാജേഷിന്റെ വാക്കുകളില്‍ നിന്ന് മനസിലാകുന്നത്. കൂടാതെ വിഷയത്തില്‍ പി കെ ശശിയെ പ്രതിക്കൂട്ടിലാക്കുന്നതിന് വേണ്ടി എം ബി രാജേഷ് തന്ത്രങ്ങള്‍ മെനഞ്ഞിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഇതിന് പകരമായി പി കെ ശശി പിന്നില്‍ നിന്ന് കളിച്ചിരുന്നോ എന്ന കാര്യവും വ്യക്തമല്ല.

ഈ സാഹചര്യത്തില്‍ തോല്‍വിയില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശശി. എം ബി രാജേഷിന്റെ തോല്‍വിക്ക് പിന്നില്‍ തന്റെ കരങ്ങളല്ല. മണ്ണാര്‍ക്കാട്ടെ നിയോജക മണ്ഡലത്തില്‍ എം ബി രാജേഷിന് വോട്ട് കുറഞ്ഞതെങ്ങനെയെന്ന് അറിയില്ലെന്നും മണ്ണാര്‍ക്കാട്ടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല തനിക്കായിരുന്നില്ലെന്നും പി കെ ശശി പറഞ്ഞു.

തന്റെ മണ്ഡലമായ ഷൊര്‍ണൂരില്‍ രാജേഷിനായി പ്രവര്‍ത്തിച്ചുവെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. ശക്തമായ അടിത്തറയുള്ള പാലക്കാട്ടെ അപ്രതീക്ഷിത തോല്‍വിയെക്കുറിച്ച് പാര്‍ട്ടി വിശദമായ പരിശോധന നടത്തുമെന്നും പി കെ ശശി അഭിപ്രായപ്പെട്ടു.

ശശിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതി കേന്ദ്രനേതൃത്വത്തിന് മുന്നില്‍ എത്തിക്കുന്നതില്‍ എം ബി രാജേഷിന്റെ ഇടപെടലാണെന്നാണ് ശശിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് പല വിഷയങ്ങളിലും പി കെ ശശിയും എം ബി രാജേഷും രണ്ട് ചേരിയിലായിരുന്നു. ജില്ലയിലെ ശക്തരായ രണ്ട് നേതാക്കള്‍ തമ്മിലുളള അഭിപ്രായ ഭിന്നതകളും വിയോജിപ്പുകളും ജില്ലാ ഘടകത്തെ പലപ്പോഴും പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ നഷ്ടമായതാണ് തോല്‍വിക്ക് കാരണമെന്ന് പറയുമ്പോഴും ശക്തികേന്ദ്രമായ ഒറ്റപ്പാലത്തും ഷൊര്‍ണൂരും കോങ്ങാടും പോലും തിരിച്ചടിയുണ്ടായതിന്റെ ഞെട്ടലിലാലണ് പ്രവര്‍ത്തകരും നേതാക്കളും.


Keywords: Kerala, News, Politics, Trending, Lok Sabha, Election, Result, Failed, Palakkad, PK Shashi on LS Result of Palakad.
Previous Post Next Post