Follow KVARTHA on Google news Follow Us!
ad

''ഇനിയെങ്കിലും പറയൂ... സേ നോ ടു ടുബാക്കോ''; ചിരി പടര്‍ത്തേണ്ട ചുണ്ടില്‍ തിരി കൊളുത്തുമ്പോള്‍ ചിതയൊരുക്കുകയാണ് നമ്മള്‍, വീണ്ടുമൊരു ലോക പുകയില വിരുദ്ധ ദിനമെത്തുമ്പോള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന ഒരു ലഹരി വസ്തുവാണ് പുകയില. ചുറ്റുമുള്ളതിനെയൊക്കെ Article, Trending, Vijin Gopal Bepu, World, Drugs, May 31; World no tobacco day, say no to tobacco
വിജിന്‍ ഗോപാല്‍ ബേപ്പ് 

(www.kvartha.com 31.05.2019) ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന ഒരു ലഹരി വസ്തുവാണ് പുകയില. ചുറ്റുമുള്ളതിനെയൊക്കെ ഹൃദയം പോലെ സൂക്ഷിക്കുന്ന നമ്മുടെ സമൂഹം പുകയില ഉത്പന്നങ്ങളുടെ കാര്യമെത്തുമ്പോള്‍ ഹൃദയത്തെ പോലും തള്ളി കളയുന്നു എന്നതാണ് സത്യം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കഴിഞ്ഞാല്‍ പിന്നെ ഹൃദയ രോഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാരണമാകുന്നത് പുകവലിയാണ്. ഒരു രോഗാവസ്ഥയിലേക്ക് എത്തിക്കുന്നു എന്ന് മാത്രമല്ല, മരണം വരെ നമ്മെ പിന്തുടരുന്നു എന്നതിലാണ് പുകയില ഉത്പന്നങ്ങള്‍ സമൂഹത്തില്‍ വില്ലനാവുന്നത്. ചിരി പടര്‍ത്തേണ്ട ചുണ്ടില്‍ തിരി കൊളുത്തുമ്പോള്‍ സ്വയം ചിതയൊരുക്കുകയാണ് എന്ന് നമ്മള്‍ പാടിപഠിക്കേണ്ടിയിരിക്കുന്നു. പുകയില ഉപയോഗം അര്‍ബുദമുണ്ടാക്കുന്നു. ഹൃദ്രോഗത്തിന് കാരണമാവുന്നു. ശ്വാസകോശങ്ങളെ ബാധിക്കുന്നു. പക്ഷാഘാതത്തിന് വഴിവയ്ക്കുന്നു. നരവ് രോഗങ്ങള്‍ക്ക് ഇട നല്‍കുന്നു. ഇത്രയും ഭീകരമെങ്കിലും അത്രയേറെ ലഹരിയാണ് ഉപഭോക്താക്കള്‍ക്ക് പുകയില.

പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലോകാരോഗ്യ സംഘടന എല്ലാവര്‍ഷവും മെയ് 31 ന് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക, പുകയിലഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണു പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം.

നമ്മുടേതല്ലാത്ത കാരണത്താല്‍ നാം രോഗാവസ്ഥയിലേക്ക് എത്തിച്ചേരുക എന്ന ഭയാനകമായ സാഹചര്യമാണ് പുകയില ഉപയോഗത്തിന്റെ വലിയൊരു ദൂഷ്യവശം. പുകയിലയുടെ പുക ശ്വസിക്കുന്ന ഏതൊരാള്‍ക്കും പുകയിലജന്യ രോഗങ്ങള്‍ വരന്‍ സാധ്യതയുണ്ട്. ഇന്ന് ലോകത്ത് ഓരോ ദിവസവും പതിനായിരക്കണക്കിന് ആളുകളുടെ മരണകാരണം പുകയില ഉത്പന്നങ്ങളുടെ ഉപയോഗമാണ്. മറ്റൊരാള്‍ പുക വലിക്കുമ്പോള്‍ ആ പുക നമ്മള്‍ ശ്വസിക്കാന്‍ ഇട വരുന്നത് പോലും നമ്മെ രോഗിയാക്കിയേക്കാം. ഇത് തന്നെയാണ് പുകവലി കൊണ്ടുള്ള വലിയൊരു സാമൂഹിക പ്രശ്‌നം.

ഓരോ വര്‍ഷവും ഏഴു ദശലക്ഷം പേര്‍  പുകവലി കാരണം മരണപ്പെടുന്നു. ആറു ദശലക്ഷം പേര്‍  നേരിട്ടുള്ള പുകയില ഉപയോഗം മൂലമാണ് മരിക്കുന്നത്. മറ്റുള്ളവര്‍  പരോക്ഷ പുകവലി  മൂലം മരിക്കുന്നു എന്നത് ഇതിന്റെ വ്യാപ്തി കാണിച്ചു തരുന്നുണ്ട്. ഓഫീസിലും റസ്റ്റോറന്റിലും അടച്ചിട്ട മുറികളിലും സിനിമാ ശാലകളിലും ആളുകള്‍ പുക വലിക്കുന്നത് മൂലം അടുത്തുള്ളവര്‍ക്കും ഈ പുക ശ്വസിക്കേണ്ടി വരുന്നു. ഈ പുകയില്‍ 4000 രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ 250 എണ്ണം അപകടകാരികള്‍ ആണ്. അന്‍പതിലധികം രാസവസ്തുക്കള്‍ അര്‍ബുദത്തിന് കാരണമാകുന്നു. പുകയില ഉപയോഗം മൂലമുള്ള അര്‍ബുദം നമ്മെ മരണം വരെ  വേട്ടയാടും. മുതിര്‍ന്നവരില്‍ പരോക്ഷ പുകവലി ഹൃദയസംബന്ധവും ശ്വാസകോശ സംബന്ധവും ആയ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നു. കുട്ടികളില്‍ പെട്ടെന്നുള്ള മരണത്തിനും പരോക്ഷ പുകവലി കാരണമാകുന്നു. ഗര്‍ഭിണികളില്‍ ഭാരം കുറഞ്ഞ കുഞ്ഞു ജനിക്കാന്‍ ഇടയാകുന്നു.

പുകയിലയുടെ ഉപയോഗത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സാമൂഹികമായ എതിര്‍പ്പുകള്‍ ഇല്ലാതിരുന്നതും പുകയിലയെ കുറിച്ചുള്ള അജ്ഞതയും ഇതിന്റെ ഉപയോഗത്തെ ജനകീയമാക്കി എന്ന് വേണം കരുതാന്‍. പുകയിലയിലെ ലഹരി അതില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ ആണ്. മറ്റു ലഹരി വസ്തുക്കളെ പോലെ ഉപയോഗിക്കുന്നവരെ പുകയില ഉപയോഗത്തിന്റെ അടിമയാക്കി മാറ്റുന്നതും ഇതേ ലഹരി വസ്തുവാണ്. പുകയില ഉപയോഗിച്ച് നിര്‍മിക്കുന്ന സിഗററ്റ്, സിഗാര്‍, ബീഡി എന്നിവയിലൂടെ ഉപയോഗം വ്യാപിക്കുന്നു. എന്നാല്‍  ഇന്ന് പലതരം പാന്‍ മസാലകള്‍ വീര്യം കൂടിയ ലഹരികളായി പ്രത്യക്ഷപ്പെടുകയും പുകയില ഉപയോഗം എന്നത് മരണത്തിന് തുല്യമെന്ന സന്ദേശത്തെ അര്‍ത്ഥവത്താക്കുകയും ചെയ്യുന്നു.

കൊളംബസ്  അമേരിക്കന്‍ വന്‍കരയിലേക്ക് എത്തുന്നതോടെയാണു പുകയിലയെക്കുറിച്ച് പുറംലോകം അറിഞ്ഞുതുടങ്ങിയത്. ക്യൂബയിലെത്തിയ കൊളംബസ്  അവിടത്തെ ആളുകള്‍ ഒരു ചെടിയുടെ ഇല ചുരുട്ടി കത്തിച്ച് അതിന്റെ പുക ശ്വസിച്ചു നടക്കുന്നതും അതില്‍ ലഹരി കണ്ടെത്തുന്നു എന്നും മനസ്സിലാക്കി. ചെറിയ സമയത്തേക്ക് ലഹരിയും ഉന്മാദാവസ്ഥയും പകര്‍ന്നു നല്‍കുവാന്‍ കഴിയുന്നു എന്ന് കണ്ടെത്തിയതോടെ അവര്‍ അതിനെ യൂറോപ്പിലേക്ക് കൊണ്ട് വരാന്‍ തയ്യാറായി. പതിനാറാം നൂറ്റാണ്ടോടെ ഇത് ലോകമെമ്പാടും പ്രചാരത്തിലായി. പുകവലിക്കാനും ചവച്ചും പൊടിരൂപത്തില്‍ മൂക്കിലേക്കു വലിച്ചും പുകയില ഉപയോഗിക്കുന്ന രീതി നിലവില്‍ വന്നു. പതിനേഴാം നൂറ്റാണ്ടോടെ ഇന്ത്യയിലും പുകയില കൃഷി ചെയ്യാന്‍ തുടങ്ങി. ഇതിന്റെ ഉപഭോഗം കാന്‍സറിനും ഹൃദ്രോഗത്തിനും കാരണമാകുന്നുവെന്ന്  കണ്ടെത്തുന്നത്  1990-കളോടെ മാത്രമാണ്. ഇതോടെ  പുകയില വ്യാപാരം സര്‍ക്കാര്‍ തലത്തില്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ജനങ്ങളുടെ ഹൃദയവുമായി ചേര്‍ന്ന് നിന്നിരുന്നു ആ ലഹരി.

പുകയിലയുടെ മരണ കെണിയില്‍ നിന്നും  ആളുകളെ സംരക്ഷിക്കുക, പുകയില ഉത്പന്നങ്ങളുടെ പരസ്യം നിരോധിക്കുകയും അതിന്റെ വ്യാപനം തടയുകയും ചെയ്യുക, പ്രായപൂര്‍ത്തി ആകാത്തവര്‍ക്ക് വില്‍പന നടത്തുന്നത് തടയുക, പുകയില പാക്കറ്റ്കളില്‍ ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കുക, പുകയില നികുതി കൂട്ടുക തുടങ്ങിയവ ആണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍  ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ലോകം നമുക്ക് നിര്‍മിക്കാന്‍ കഴിയും. ആരോഗ്യമുള്ള ഒരു സമൂഹത്തിനായി പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് പങ്കാളികളാകാം. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാം.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Trending, Vijin Gopal Bepu, World, Drugs, May 31; World no tobacco day, say no to tobacco
  < !- START disable copy paste -->