Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ സിപിഎമ്മിന്റെ അടിവേരിളകിയതിന് പിന്നില്‍ ഈ 6 കാരണങ്ങള്‍ സുപ്രധാനം

ഏപ്രില്‍ 11ന് ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചു. രാജ്യ Kerala, News, Lok Sabha, Election, Result, Politics, Trending, LDF, LS Election 2019: Reasons for LDF's Utter Failure.
തിരുവനന്തപുരം: (www.kvartha.com 23.05.2019) ഏപ്രില്‍ 11ന് ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചു. രാജ്യത്ത് ബിജെപി പ്രതിനിധീകരിക്കുന്ന എന്‍ഡിഎ മുന്നണി സംഹാരതാണ്ഡവമാടിയ കാഴ്ചയായിരുന്നു കണ്ടത്. കോണ്‍ഗ്രസ് അപ്പാടെ തകര്‍ന്നടിഞ്ഞു. അതേസമയം കേരളത്തില്‍ കോണ്‍ഗ്രസ് വമ്പന്‍ ജയം സ്വന്തമാക്കി. ഇവിടെ ചരിത്രത്തിലാദ്യമായി സിപിഎം ഇല്ലാണ്ടായി എന്നുതന്നെ പറയാം. 20ല്‍ ഒരു സീറ്റ് മാത്രമാണ് അവര്‍ക്കുനോടാനായത്. കാസര്‍കോട്, ആലത്തൂര്‍, പാലക്കാട്, ആറ്റിങ്ങല്‍ തുടങ്ങി സിപിഎമ്മിന്റെ ഉറച്ച കോട്ടയെന്ന് പറയപ്പെടുന്ന മണ്ഡലങ്ങളില്‍ പോലും അപ്രതീക്ഷിത തിരിച്ചടി നേരിട്ടപ്പോള്‍ ആലപ്പുഴയില്‍ മത്സരിച്ച എ എം ആരിഫ് മാത്രമാണ് ആശ്വാസ ജയം നേടിയത്.

ഇരുപതില്‍ 20 എണ്ണവും വിജയിക്കുമെന്നാണ് നേതൃയോഗത്തിന് ശേഷം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. പലത് തരംഗത്തിനിടയിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി ജയിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്.


അതേസമയം തന്റെ മണ്ഡലത്തില്‍ തിരിച്ചടി നേരിടുമെന്ന് നേതൃയോഗത്തിനിടെ തുറന്നുപറഞ്ഞ തൃശൂരിലെ സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ ജയിച്ചതും യുഡിഎഫ് പോലും പ്രതീക്ഷ വെക്കാത്ത പാലക്കാട്ട് വി കെ ശ്രീകണ്ഠന്‍ അപ്രതീക്ഷിത വിജയം നേടിയതും ഇതുവരെ ഞെട്ടല്‍ മാറിയിട്ടില്ല. അതേസമയം കേരളത്തില്‍ യുഡിഎഫിന്റെ വിജയത്തിനും എല്‍ഡിഎഫിന്റെ പരാജയത്തിനും കാരണമായ ചില സുപ്രധാന കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

മികച്ച പ്രവര്‍ത്തനം
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തന്നെ താഴെ തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനം യുഡിഎഫിന്റെ വിജയത്തിന് സഹായകമായിട്ടുണ്ട്. ഇരുപത് മണ്ഡലങ്ങളിലും പരമാവധി പഴുതുകളടച്ചുള്ള പ്രവര്‍ത്തനമായിരുന്നു യുഡിഎഫിന്റേത്. ഇതുവരെ കാണാത്ത ഐക്യത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തവണ പ്രവര്‍ത്തനത്തില്‍ മുഴുകിയത്.

പ്രവര്‍ത്തകര്‍ സഹകരിക്കുന്നില്ലെന്ന പരാതി എവിടെയും ഉണ്ടായില്ല. തിരുവനന്തപുരത്ത് വി എസ് ശിവകുമാറിന്റെ നേതൃത്വത്തില്‍ കാലുവാരുന്നുവെന്ന പ്രചരണം ഉണ്ടായിരുന്നെങ്കിലും അതെല്ലാം വെറും പ്രചരണം മാത്രമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് അന്തിമ ഫലം.

മുസ്ലിം ലീഗിന്റെ പിന്തുണ
വടക്കന്‍ കേരളത്തില്‍ തൂത്തുവാരിയ യുഡിഎഫ് വിജയത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത വസ്തുതയാണ് മുസ്ലിം ലീഗിന്റെ പിന്തുണ. പാലക്കാട് മുതല്‍ കാസര്‍കോട് വരെ അവര്‍ അവരുടെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിച്ചിട്ടുണ്ട്. വടകരയില്‍ പി ജയരാജനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയാണ് ലീഗ് പ്രവര്‍ത്തകര്‍ ഇറങ്ങിയത്. അതുപോലെ കാസര്‍കോട്ടും ഉണ്ണിത്താന്റെ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ലീഗിന് സാധിച്ചിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം
കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ പ്രത്യേകിച്ച് മുസ്ലിം വോട്ടുകള്‍ പരമാവധി പെട്ടിയിലെത്തിക്കാന്‍ ലീഗിനും യുഡിഎഫിനും സാധിച്ചു. മോദി സര്‍ക്കാരിന്റെ മുസ്ലിം-ദളിത് വിരുദ്ധ നിലപാടുകളും പിണറായി സര്‍ക്കാരിന്റെ ഭരണവിരുദ്ധ വികാരവുമെല്ലാം ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി. കൂടാതെ യുഡിഎഫിന് വോട്ട് ചെയ്തില്ലെങ്കില്‍ മോദി വീണ്ടും വരുമെന്നുള്ള പ്രചരണം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ ഭയം ഇടതുവിരുദ്ധ വോട്ടായി മാറിയെന്നതും വസ്തുതയാണ്.

പൊതുവെ വോട്ട് ചെയ്യാന്‍ പോലും വിമുഖത കാണിക്കാറുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ അതിരാവിലെ തന്നെ എത്തി ക്യൂ നിന്ന് വോട്ടു രേഖപ്പെടുത്തിയിരുന്നു. മോദി വരുമെന്ന ഭയത്താല്‍ ഈ വോട്ടുകളെല്ലാം യുഡിഎഫിന് അനുകൂലമായി മാറുകയായിരുന്നു. പരമ്പരാഗതമായി യുഡിഎഫിന് വോട്ടു ചെയ്യാത്ത ആളുകള്‍ വരെ ഇക്കാരണത്താല്‍ യുഡിഎഫിന് വോട്ടു ചെയ്തു.

ശബരിമല
ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് ശബരിമല. സന്നിധാനത്ത യുവതീപ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ തിരക്കിട്ട ശ്രമം നടത്തിയത് ഈ തെരഞ്ഞെടുപ്പില്‍ ബാധിച്ചിട്ടുണ്ടെന്ന് വിലയിരുത്താവുന്നതാണ്. അപ്പോഴും ഇടതുപക്ഷത്തിന് ലഭിച്ച ഏകസീറ്റ് തെക്കന്‍ കേരളത്തില്‍ നിന്നാണെന്നതും ശബരിമല വികാരം ഏറ്റവും കൂടുതല്‍ ആഞ്ഞടിക്കേണ്ട പത്തനംതിട്ടയില്‍ എല്‍ഡിഎഫ് രണ്ടാമത് എത്തിയെന്നതും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നിരുന്നാലും ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഒരുപക്ഷം വിശ്വാസികള്‍ക്കിടയില്‍ ഇടതുവിരുദ്ധ ചിന്ത രൂപപ്പെടാന്‍ കാരണമായി എന്നത് വസ്തുതയാണ്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ബിജെപി സമരവുമായി മുന്നിലുണ്ടായിരുന്നെങ്കിലും ഈ വിഷയത്തില്‍ ഇടതുവിരുദ്ധമായി മാറിയ വോട്ടുകള്‍ ലഭിച്ചത് യുഡിഎഫിനാണെന്നാണ് വിലയിരുത്തല്‍.

രാഹുല്‍ തരംഗം
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനെത്തിയത് പ്രവര്‍ത്തകരെ ആവേശത്തിലാക്കി. രാഹുലിന്റെ വരവോടെയാണ് യുഡിഎഫ് ക്യാമ്പുകള്‍ കുറച്ചുകൂടി ഉണര്‍ന്നതെന്ന് വേണമെങ്കില്‍ പറയാം. വടക്കന്‍ കേരളത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ചേര്‍ന്നുള്ള പ്രവര്‍ത്തനത്തോടൊപ്പം പ്രധാനമന്ത്രിപദത്തിലേക്ക് സാധ്യത കല്‍പ്പിച്ചിരുന്ന രാഹുല്‍ മത്സരിക്കാനെത്തിയതോടെ രാഹുല്‍ തരംഗം തന്നെ ഉണ്ടായി. ഇത് ആഞ്ഞടിച്ചതോടെ ഇടതുപക്ഷം നിലംതൊട്ടില്ല.

അടിയൊഴുക്കുകള്‍
കോണ്‍ഗ്രസിനെതിരായ അടിയൊഴുക്ക് എവിടെയുമുണ്ടായിട്ടില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതേസമയം സിപിഎമ്മിനുള്ളില്‍ അടിയൊഴുക്കുകളുണ്ടായിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരിനെതിരെ കാര്യമായ ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നില്ലെങ്കിലും കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വികാരം കേരളത്തില്‍ നിലനിന്നിരുന്നു. ബിജെപിക്കിടയില്‍ സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപ്രഭാവവും സ്വാധീനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ചില സ്ഥാനാര്‍ത്ഥികള്‍ക്കെതിരായി വന്ന വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചുവെന്നാണ് കരുതുന്നത്.


Keywords: Kerala, News, Lok Sabha, Election, Result, Politics, Trending, LDF, LS Election 2019: Reasons for LDF's Utter Failure.