Follow KVARTHA on Google news Follow Us!
ad

എല്‍ ഡി എഫ് പരാജയം: ഭരണത്തെ പ്രതിഫലിപ്പിക്കുന്നതില്‍ 'ശരീരഭാഷ' തടസമായെന്നും പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വമുള്‍പ്പെടെ തെറ്റ് പറ്റിയെന്നും സി പി ഐ

കനത്ത പരാജയത്തിന് കാരണമായ ന്യൂനപക്ഷ ഏകീകരണമുണ്ടായത് മുന്നണിയുടെ പ്രചാരണത്തിന്റെ വ്യതിയാനമായിരുന്നുവെന്ന് സി പി ഐ Kerala, News, Kannur, Trending, Politics, Election, CPI, CPM, Congress, P Jayarajan, LDF's loss; CPI's election Review is here
സി കെ എ ജബ്ബാര്‍

കണ്ണൂര്‍: (www.kvartha.com 31.05.2019) കനത്ത പരാജയത്തിന് കാരണമായ ന്യൂനപക്ഷ ഏകീകരണമുണ്ടായത് മുന്നണിയുടെ പ്രചാരണത്തിന്റെ വ്യതിയാനമായിരുന്നുവെന്ന് സി പി ഐ ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നേട്ടം ഉയര്‍ത്തിപ്പിടിക്കാനായില്ലെന്ന് മാത്രമല്ല, സര്‍ക്കാറിനെ നയിക്കുന്ന ഒന്നാമന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് വേദികളില്‍ വലിയ ഗ്ലാമറായി അവതരിപ്പിക്കാനും കഴിഞ്ഞില്ല. കേന്ദ്രത്തില്‍ മോദിക്കെതിരായ ബദല്‍ ശക്തി തങ്ങളാണെന്ന് സ്ഥാപിക്കാനുള്ള ദുരഭിമാനവും അതിനനുസരിച്ച ബി ജെ പി വിരുദ്ധ നിലപാടുമാണ് ഉയര്‍ത്തിപ്പിടിച്ചത്. സ്വാഭാവികമായും ഈ വികാരം താരതമ്യേന കോണ്‍ഗ്രസിനാണ് സാധ്യതയെന്ന ചിന്ത വോട്ടര്‍മാരില്‍ വളര്‍ത്താനേ ഉപയോഗപ്പെട്ടുള്ളൂ. ഇടത് മുന്നണി ഉയര്‍ത്തിപ്പിടിച്ച ബി ജെ പി വിരുദ്ധ മുദ്രാവാക്യത്തിന്റെ ഗുണഭോക്താക്കളായി യു ഡി എഫ് മാറുകയായിരുന്നുവെന്നും സി പി ഐ വിലയിരുത്തുന്നു.

മുഖ്യമന്ത്രിയുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും ഭരണ നേതൃത്വത്തില്‍ ചിലരുടെ ശരീരഭാഷയെ പരോക്ഷമായി പരിഹസിക്കുന്ന രീതിയിലാണ് സി പി ഐ ജില്ലാ കമ്മിറ്റികളില്‍ ചിലത് തെരഞ്ഞെടുപ്പ് അവലോകനം പൂര്‍ത്തീകരിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ നല്ല മുഖം പ്രതിഫലിപ്പിക്കുന്നതില്‍ 'ശരീര ഭാഷ' തടസ്സമായി.

ബി ജെ പി ക്ക് എതിരായ ശക്തിയെന്ന നിലയില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കാനാവില്ല എന്ന രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരിക്കെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേരളത്തിലെ മുന്നണിയെ നേരിടാന്‍ പ്രത്യേക അടവ് നയം വേണ്ടിയിരുന്നു. അത് പ്രയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് സി പി ഐ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഒരു സര്‍ക്കാറിനെ നയിക്കുന്ന മുന്നണി എന്ന നിലയില്‍ കേരളീയ രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കണമായിരുന്നു. നിര്‍ഭാഗ്യവശാല്‍ മലബാര്‍ മേഖലയില്‍ സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയവും, മറ്റിടങ്ങളില്‍ ശബരിമല വിഷയത്തിലെ അന്ധമായ പിടിവാശിയും എതിരാളികള്‍ ഉപയോഗിച്ചു. അത് പ്രതിരോധിക്കും വിധം ഭരണത്തെ ഉയര്‍ത്തിക്കാട്ടാനായില്ല. യു ഡി എഫിനെ പോലെ മോദി ഭയം തന്നെ ഇടത് മുന്നണിയും ഉയര്‍ത്തി. താരതമ്യത്തില്‍ ജനം യു ഡി എഫിനെ സഹായിച്ചു. അസാധാരണമായ തരംഗം ഉണ്ടായത് ഇത് കൊണ്ടാണ്.

ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും തുടക്കത്തില്‍ രണ്ടു സ്വരത്തില്‍ സംസാരിച്ച് ബി ജെ പിക്ക് മുതലെടുക്കാന്‍ അവസരം നല്‍കി. ശബരിമല വിഷയം നിര്‍ണായക വഴിത്തിരിവിലാകുന്ന ഘട്ടത്തില്‍ മന്ത്രിസഭക്ക് നാഥനില്ലെന്ന നില വന്നു. ജില്ലാ റാലികളില്‍ ഒരുമിച്ചു കൂടിയ വന്‍ ജനാവലി ശബരിമല വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാടിനോടൊപ്പമാണ് ജനമെന്ന ധാരണയുണ്ടാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ മറിച്ചാണ് സംഭവിച്ചത്. ന്യൂനപക്ഷ ഏകീകരണത്തെക്കാള്‍ ഗൗരവമായി കാണേണ്ടത് ഇടത് മുന്നണിക്ക് അടിത്തറയുള്ള മേഖലയിലെ വോട്ട് ചോര്‍ച്ചയാണെന്നാണ് സി പി ഐയുടെ വിലയിരുത്തല്‍. വടകരയില്‍ പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം മുന്നണിക്ക് വലിയ ഇമേജല്ല നല്‍കിയത്. വിജയ സാധ്യതയുള്ള വടകരയിലും സി പി എമ്മിന്റെ വോട്ട് ചോര്‍ന്നത് ഗൗരവമുള്ളതാണ്.

ശബരിമല വിഷയത്തില്‍ മുതലെടുക്കുന്നുവെന്ന ഘട്ടം വരികയും ബി ജെ പി മുന്നേറുകയുമാണെന്ന തോന്നലും സി പി എം അണികളില്‍ തന്നെ വ്യാപകമായി ഉണ്ടായി എന്ന് സി പി ഐ കുറ്റപ്പെടുത്തുന്നു. തിരുവനന്തപുരത്ത് വന്‍ തോതില്‍ സി പി എം വോട്ട് യു ഡി എഫിലേക്ക് ചോര്‍ന്നത് അങ്ങിനെയാണ്. സി പി എം വോട്ട് ചോര്‍ച്ചയുടെ വ്യക്തമായ കണക്കാണ് സി പി ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അവലോകനത്തില്‍ നിരത്തുന്നത്.

ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാവുകയാണെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിട്ടും അത് മറികടക്കാനുള്ള പ്രചാരണ തന്ത്രം ആവിഷ്‌കരിക്കപ്പെട്ടില്ല. മുന്നണിയോടൊപ്പം ഉള്ള ഐ എന്‍ എല്ലിനും മറ്റും ന്യൂനപക്ഷ ഏകീകരണം തടയാന്‍ ഒന്നും ചെയ്യാനായില്ല എന്നും സി പി ഐ വിലയിരുത്തുന്നു. മുന്നണിയില്‍ പുതുതായി അംഗത്വം നല്‍കിയ ഐ എന്‍ എല്ലിനെ കൊണ്ട് മുസ്ലിംകളില്‍ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചില്ല. തെരഞ്ഞെടുപ്പ് വേദികളില്‍ മുസ് ലിം പ്രാതിനിധ്യത്തില്‍ വലിയ വ്യക്തിത്വങ്ങളെ അവതരിപ്പിക്കേണ്ട ഇവരുടെ റോള്‍ ദുര്‍ബലമായിരുന്നു. കാന്തപുരം സുന്നികള്‍ പൊതുവെ ഇടത് പക്ഷത്തോടൊപ്പമാണെന്നാണ് കരുതുന്നത്. പക്ഷെ, പരസ്യമായി രംഗത്ത് വരാത്ത അവരെ അന്ധമായി വിശ്വസിച്ചു. ദേശീയ തലത്തില്‍ ഇടത് മുന്നണിയെക്കാള്‍ കോണ്‍ഗ്രസിനാണ് സാധ്യതയെന്ന വാദം മുസ്ലിംകളില്‍ വ്യാപകമായി പ്രചരിച്ചപ്പോള്‍ പോലും കാന്തപുരം സുന്നികള്‍ മൗനം പാലിച്ചു. ബൂത്ത്തലം മുതലുള്ള വോട്ട് കണക്ക് 2016ലെ ജനവിധിയോട് താരതമ്യം ചെയ്ത് കൊണ്ടാണ് സി പി ഐ നിരൂപണം തയ്യാറായി വരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kannur, Trending, Politics, Election, CPI, CPM, Congress, P Jayarajan, LDF's loss; This is the CPI's election Review