വിശുദ്ധ ഖുര്‍ആനിന്റെ ഓരോ പേജുകള്‍ക്കും പ്രത്യേകം വീഡിയോകളുമായി കാസര്‍കോട് സ്വദേശി; ഓണ്‍ലൈനായി ഖുര്‍ആന്‍ മനഃപ്പാഠമാക്കാന്‍ ആഗോള കര്‍മ്മ പദ്ധതിയും ഉള്‍പ്പെടുന്ന വെബ്‌സൈറ്റ് ശ്രദ്ധേയമാവുന്നു

കാസര്‍കോട്: (www.kvartha.com 18.05.2019) ഖുര്‍ആനിന്റെ ഓരോ പേജുകള്‍ക്കും പ്രത്യേകം വീഡിയോകളുള്ള വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുകയാണ് കാസര്‍കോട് സ്വദേശി ഖലീല്‍ ദേളി. ലോകപ്രശസ്ത ഖുര്‍ആന്‍ പാരായണക്കാരുടെ ഹൃദയ ഹാരിയായ പാരായണത്തിനൊപ്പം ഖുര്‍ആന്‍ ഭാഗം ഹൈലൈറ്റ് ചെയ്ത് കാണിക്കുന്ന ഹൈ ഡെഫിനിഷന്‍ വീഡിയോകളുടെ ശൃംഖലയാണിത്. മൊബൈല്‍ സ്‌ക്രീന്‍ മുതല്‍ വലിയ പ്രൊജക്ടര്‍ സ്‌ക്രീനില്‍ വരെ ഫുള്‍സ്‌ക്രീനില്‍ വീഡിയോകള്‍ വീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും.

Quran.surf (ഖുര്‍ആന്‍ ഡോട്ട് സര്‍ഫ്) എന്ന പേരിലുള്ള വെബ്‌സൈറ്റ്, യൂട്യൂബ് ചാനല്‍, ആന്‍ഡ്രോയ്ഡ് ആപ്പ് എന്നിവകളിലൂടെ ഇത് ലഭ്യമാണ്. www.quran.surf/app/ എന്ന ലിങ്കിലൂടെ ആപ് ഡൗണ്‍ലോഡ് ചെയ്യാനാവും.

ഖുര്‍ആനിലെ ഓരോ അധ്യായങ്ങള്‍ക്കും പ്രത്യേകം വീഡിയോകള്‍ ആദ്യഘട്ടത്തില്‍ തന്നെ തയ്യാറാക്കിയിരുന്നു. വീഡിയോകളിലെ ഓരോ സ്‌ക്രീനിലും സൂറത്തിന്റെ പേരും ക്രമ നമ്പറും മുസ്ഹഫിലെ പേജ് നമ്പറും ജുസ്ഹ് നമ്പറും ഉള്‍പ്പെടുത്തിയിരിക്കുന്നു. റസ്മ് ഉസ്മാനി ലിപിയനുസരിച്ചുള്ള മുസ്ഹഫ് പ്രകാരം അഞ്ച് ലൈന്‍ മാത്രം ഒരു സ്‌ക്രീനില്‍ വരുന്നതിനാല്‍ വീഡിയോയ്ക്ക് വ്യക്തത കൂടുന്നു.

പേജ് വീഡിയോകള്‍ ഉപയോഗപ്പെടുത്തി വാട്‌സ്ആപ് ഗ്രൂപ്പ് ശൃംഘലകള്‍ വഴി ആയിരങ്ങളെ ഖുര്‍ആന്‍ മനഃപ്പാഠമുള്ളവരാക്കാന്‍ ബൃഹത്തായൊരു ആഗോള കര്‍മ പദ്ധതിയും '(WORLD WIDE ONLINE QUR'AN HIFZ PROGRAM - WWOQHP)' ഖുര്‍ആന്‍ ഡോട്ട് സര്‍ഫ് മുന്നോട്ട് വെക്കുന്നു. ജോയിന്‍ രജിഷ്ട്രേഷന്‍ സമര്‍പ്പിച്ച് ഇതില്‍ അസോസിയേറ്റുകളാകുന്നവര്‍ക്ക് 604 പേജുകളുടെയും ലൈറ്റ് വേര്‍ഷന്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും.

ഹൈ ഡെഫിനിഷന്‍ വീഡിയോകളെക്കാള്‍ ഫയല്‍ സൈസില്‍ പതിനൊന്നു മടങ്ങ് വരെ ചെറുതായതാണ് ലൈറ്റ് വേര്‍ഷന്‍ വീഡിയോകള്‍. മൊബൈല്‍/ടാബ് സ്‌കീനില്‍ വ്യക്തതക്ക് വളരെ കുറവില്ലാതെ തന്നെ ഇത് ദൃശ്യമാവും. ശരാശരി മൂന്ന് മിനുട്ട് ദൈര്‍ഘ്യം വരുന്ന ഒരു പേജ് വീഡിയോക്ക് ഏകദേശം ഏഴ് എംബി മാത്രം സൈസ് വരുന്നതിനാല്‍ അനായസേന വാട്‌സ്ആപിലൂടെ ഇവ അയക്കാനുമാവും. ഒരു സെറ്റിലെ മൊത്തം പേജ് വീഡിയോകള്‍ക്കുമായി 4 ജിബി വരെ സൈസ് വരുന്നതിനാല്‍ ഇവ സ്‌റ്റോര്‍ ചെയ്യാന്‍ എസ് ഡി കാര്‍ഡിലെ സ്‌പേസ് ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. ഏകദേശം ഇത്ര തന്നെ ഫയല്‍ സൈസില്‍ രണ്ട് സെറ്റുകളിലെയും അധ്യായങ്ങളുടെയും ലൈറ്റ് വേര്‍ഷന്‍ വീഡിയോകളും ലഭ്യമാണ്.

WWOQHP നടത്തിപ്പ് വിശദീകരിക്കുന്ന 56 പേജ് വരുന്ന ഹാന്‍ഡ്ബുക്ക് https://www.quran.surf/handbook/ എന്ന ലിങ്കിലൂടെ ലഭ്യമാണ്. ഓരോ അധ്യായത്തിന്റെയും പേജിന്റെയും വീഡിയോ പ്രത്യേകമായി ലഭ്യമാക്കാന്‍ ക്രമ നമ്പര്‍ അവസാനം ചേര്‍ത്തുകൊണ്ടുള്ള ചെറിയ ലിങ്കുകളും Quran.surf ല്‍ ലഭ്യമാണ്.

കാസര്‍കോട് ജില്ലയിലെ ദേളി പിലാവടുക്കം സ്വദേശിയായ ഖലീല്‍ പരേതനായ ഒദോത്ത് യുഎം അബ്ദുല്‍ ഖാദറിന്റെയും കുന്നില്‍ നഫീസയുടെയും മകനാണ്. കുമ്പള സ്വദേശി പരേതനായ എസ്‌കെ അബ്ദുല്ലയുടെ മകള്‍ തെസ്മിയയാണ് ഭാര്യ. സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികളായ ഇസ്അന്‍നിസ, അബ്ദുല്‍ ഖാദര്‍ ഇഹ്‌സാന്‍ എന്നിവരും ഇന്‍സാഫ് അബ്ദുല്ലയും മക്കളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, Technology, Religion, News, Application, Website, Kasargod native introduced new Website for Page vise videos of Holy Quran
Previous Post Next Post