കള്ളന്‍ കപ്പലില്‍ തന്നെ; സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: (www.kvartha.com 24.05.2019) വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണന്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ് സ്വര്‍ണം കടത്തിയതെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) വ്യക്തമാക്കി.

സൂപ്രണ്ടോ, ഇദ്ദേഹത്തിന്റെ ബാച്ചിലെ ആളുകളോ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നപ്പോഴാണ് ഭൂരിഭാഗം സ്വര്‍ണക്കടത്തും നടന്നതെന്ന് ഡിആര്‍ഐ വ്യക്തമാക്കി. സ്വര്‍ണക്കടത്തിന്റ മുഖ്യസൂത്രധാരനായ അഡ്വ. ബിജു സ്വര്‍ണം വിറ്റ പഴവങ്ങാടിയിലെ സ്വര്‍ണക്കട ഉടമ ഹക്കീമിന്റെ അക്കൗണ്ടന്റ് റാഷിദിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജുവും സഹായികളായ വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കട ഉടമ ഹക്കീമും ഒളിവിലാണ്. ഇവര്‍ക്കായി ലൂക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.


തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്റെയും സെറീന ഷാജിയുടെയും ബാഗില്‍ നിന്ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. വിമാനത്താവളത്തിനുള്ളില്‍ കള്ളകടത്തുകാര്‍ക്ക് സഹായം ലഭിച്ചുവെന്ന സംശയം ഡിആര്‍ഐക്ക് ഉണ്ടായിരുന്നു. പിടിലായവരുടെ മൊഴികളില്‍ നിന്നും സഹായം ചെയ്തവരെ കുറിച്ചുള്ള ചില സൂചനകളും ലഭിച്ചതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. സ്വര്‍ണം പുറത്തേക്ക് കടത്താന്‍ സഹായിക്കുന്ന ആറ് താല്‍ക്കാലിക ജീവനക്കാര്‍ നേരത്തെ പിടിയിലായിരുന്നു.

ഒളിലുള്ള വിഷ്ണുവുമായാണ് കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. ഇവര്‍ തമ്മില്‍ ഫോണില്‍ നിരന്തരമായി ബന്ധപ്പെട്ടിരുന്നതായും ഡിആര്‍ഐക്ക് തെളിവുകള്‍ ലഭിച്ചു. വിമാനത്താവളത്തിലെ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സ്വര്‍ണക്കടത്ത് നടന്ന സമയത്തെല്ലാം രാധാകൃഷ്ണന്‍ പരിശോധന കേന്ദ്രത്തില്‍ ഉണ്ടായിരുന്നതായി തെളിവുലഭിച്ചു. രജിസ്റ്ററും ഡ്യൂട്ടി സമയവും പരിശോധിച്ചപ്പോള്‍ ഇതു ശരിയാണെന്ന് ബോധ്യപ്പെടുകയായിരുന്നു.

സ്വര്‍ണക്കടത്തുകാര്‍ വരുന്ന വിവരം വിഷ്ണു മുന്‍കൂട്ടി സൂപ്രണ്ടിനെ അറിയിക്കും. പിന്നീട് ഡ്യൂട്ടിയിലുള്ളവരെ മാറ്റി രാധാകൃഷ്ണന്‍ നേരിട്ടാണ് ബാഗുകള്‍ പരിശോധിക്കുകയും സ്‌കാനിംഗ് മെഷീനിലൂടെ കടത്തിവിടുകയും ചെയ്യുന്നത്. കടത്തുകാര്‍ സുരക്ഷിതമായി പുറത്തെത്തുമ്പോള്‍ ഇയാളും പരിശോധനാ കേന്ദ്രത്തില്‍ നിന്ന് മാറും. ഡ്യൂട്ടി മാറുമ്പോള്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്ന നിബന്ധന പാലിച്ചിരുന്നില്ലെന്നും ഡിആര്‍ഐ കണ്ടെത്തി.

Keywords: Kerala, News, Gold, Smuggling, Case, Customs, Police, Arrested, Gold smuggling: Customs superintendent arrested.
Previous Post Next Post