Follow KVARTHA on Google news Follow Us!
ad

മഞ്ചേശ്വരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയാവാന്‍ കരുനീക്കി അബ്ദുല്ലക്കുട്ടി; പുകഞ്ഞ കൊള്ളി പുറത്തെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസില്‍ നിന്നും ബിജെപി പാളയം ലക്ഷ്യമിട്ട് എ പി അബ്ദുല്ലക്കുട്ടി. മഞ്ചേശ്വരം നിയമസഭാ സീറ്റോ രാജ്യസഭയോ സീറ്റു ലഭിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസില്‍ ഇനിയും Kerala, Kannur, News, By-election, MLA, A.P Abdullakutty, BJP, UDF, LDF, NDA, CPM, Abdullkkutty as NDA Candidate in Manjeshwaram?
ഭാമ നാവത്ത്

കണ്ണൂര്‍: (www.kvartha.com 28.05.2019) കോണ്‍ഗ്രസില്‍ നിന്നും ബിജെപി പാളയം ലക്ഷ്യമിട്ട് എ പി അബ്ദുല്ലക്കുട്ടി. മഞ്ചേശ്വരം  നിയമസഭാ സീറ്റോ രാജ്യസഭയോ സീറ്റു ലഭിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസില്‍ ഇനിയും നിന്നാല്‍ തന്റെ രാഷ്ട്രീയഭാവി ഇരുളടഞ്ഞുപോകുന്ന ആശങ്ക ഏറെനാളായി അബ്ദുല്ലക്കുട്ടിക്കുണ്ട്.

കണ്ണൂര്‍ ജില്ലാകോണ്‍ഗ്രസില്‍ നിന്നോ, കെപിസിസിയില്‍ നിന്നോ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന പരാതി അബ്ദുല്ലക്കുട്ടി ശക്തമായി നേതാക്കളോട് ഉന്നയിച്ചിരുന്നു. കെ സി വേണുഗോപാലുമായുള്ള അടുപ്പം വഴി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നുവെങ്കിലും എവിടെ നിന്നോ പൊട്ടിവീണ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വഴിമുടക്കുകയായിരുന്നു. കഴിഞ്ഞ തവണ കണ്ണൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നും സീറ്റ് നിഷേധിക്കപ്പെട്ട അബ്ദുല്ലക്കുട്ടി എ എന്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ മത്സരിച്ചെങ്കിലും വന്‍തോല്‍വി ഏറ്റുവാങ്ങി.


അതിനുശേഷം വെറും പ്രാദേശിക നേതാവിന്റെ റോളിലേക്ക് ചുരുങ്ങുകയായിരുന്നു ഈ മുന്‍ എംപി. നേരത്തെ സിപിഎമ്മില്‍ നിന്നും വിട്ടുവന്നപ്പോള്‍ സുധാകരന്റെ ആശിര്‍വാദത്തോടെ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് സുധാകരനുമായി തെറ്റിയപ്പോള്‍ സിറ്റിംഗ് എംഎല്‍എ സ്ഥാനം നിലനിര്‍ത്താനായില്ല. എ ഗ്രൂപ്പില്‍ നിന്നെത്തിയ സതീശന്‍ പാച്ചേനി ഇവിടെ നിന്നും മത്സരിച്ചെങ്കിലും രാമചന്ദ്രന്‍ കടന്നപ്പള്ളിയോട് ദയനീയമായി തോറ്റു. സതീശന്‍ പാച്ചേനി പിന്നീട് കണ്ണൂര്‍ ഡിസിസി അധ്യക്ഷനായെങ്കിലും അബ്ദുല്ലക്കുട്ടിക്ക് പാര്‍ട്ടിയില്‍ റോളൊന്നും ലഭിച്ചില്ല.

ഇതിനു ശേഷം നടന്ന പാര്‍ലമന്റെ് തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ അബ്ദുല്ലക്കുട്ടിയുടെ പേര് പറഞ്ഞുകേട്ടിരുന്നുവെങ്കിലും സുധാകരന്റെ വരവോടെ ആദ്യലിസ്റ്റില്‍ നിന്നു തന്നെ പുറത്തായി. ഇതിനു ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് പേരിനു മാത്രമുള്ള പ്രവര്‍ത്തനമേ അബ്ദുല്ലക്കുട്ടി നടത്തിയിരുന്നുള്ളൂ. ഉന്നത നേതാക്കള്‍ വരുമ്പോള്‍ മുന്‍നിരയിലുണ്ടാകുമെന്നല്ലാതെ മറ്റു നേതാക്കളെപ്പോലെ തെരഞ്ഞെടുപ്പില്‍ രാപ്പകല്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധനായിരുന്നില്ല.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്തു തന്നെ ബിജെപിയില്‍ നിന്നുള്ള ക്ഷണം അബ്ദുല്ലക്കുട്ടിക്ക് ലഭിച്ചിരുന്നതായി സൂചനയുണ്ട്. അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ നല്‍കിയ മറ്റുപാര്‍ട്ടികളില്‍ നിന്നും മറുകണ്ടം ചാടിക്കേണ്ട ലിസ്റ്റിലുള്ള പേരുകളിലൊന്ന് അബ്ദുല്ലക്കുട്ടിയുടെതാണെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇവിടെയും മറ്റാരെക്കാളും കെ സുധാകരനോടായിരുന്നു ബിജെപി നേതൃത്വത്തിന് താല്‍പര്യം. എന്നാല്‍ സുധാകരന്റെ ഈ നീക്കം മുന്‍കൂട്ടി തിരിച്ചറിഞ്ഞ അബ്ദുല്ലക്കുട്ടി അല്‍പ്പം പിന്നോക്കം മാറിനില്‍ക്കുകയായിരുന്നു. പിന്നീട് സുധാകരനും ബിജെപിയുമായുള്ള ചര്‍ച്ച തുടര്‍ന്നില്ല. സിപിഎമ്മിലിരിക്കെയും മോദി സ്തുതി നടത്തിയിരുന്ന അബ്ദുല്ലക്കുട്ടി പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുപോവാനുള്ള കാരണങ്ങളിലൊന്നു അതായിരുന്നു.

സിപിഎം പുറത്താക്കിയതുപോലെ കോണ്‍ഗ്രസില്‍ നിന്നും ഒരു പുറത്തേക്കുള്ള പോകലാണ് അബ്ദുല്ലക്കുട്ടി ലക്ഷ്യമിടുന്നത്. ഇതോടെ മോദിഭക്തനായ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു വികസന നേതാവ് എന്ന ലേബലില്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വമ്പന്‍ തോല്‍വിക്കു ശേഷം അബ്ദുല്ലക്കുട്ടിയുമായി സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ ചിലര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന സൂചനയുണ്ട്.

സംവിധായകന്‍ അലി അക്ബറിനെപ്പോലെ മുന്തിയ പരിഗണന പാര്‍ട്ടിക്കുള്ളില്‍ നല്‍കാമെന്നും ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന നേതൃപദവി നല്‍കാമെന്നാണ് വാഗ്ദാനം. എന്നാല്‍ ഒഴിവുവരുന്ന മഞ്ചേശ്വരം നിയമസഭാ സീറ്റില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്നാണ് അബ്ദുല്ലക്കുട്ടിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. അല്ലെങ്കില്‍ കണ്ണന്താനത്തെപ്പോലെ രാജ്യസഭാ എംപി സ്ഥാനം നല്‍കണം. ഈ രണ്ട് ആവശ്യങ്ങളും കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയ്ക്കു വിടാമെന്നാണ് ചര്‍ച്ച നടത്തിയ ബിജെപി സംസഥാന നേതാക്കളുടെ നിലപാട്.

മഞ്ചേശ്വരത്ത് അബ്ദുല്ലക്കുട്ടി എന്‍ഡിഎ സ്ഥാനാര്‍ഥിയായി രംഗത്തുവരുന്നത് വിജയസാധ്യത വര്‍ധിപ്പിക്കുമെന്ന വികാരം ബിജെപിയിലുണ്ട്. ഇവിടെ നിന്നും ന്യൂനപക്ഷ വോട്ടുകള്‍ ഇതുവഴി പരമാവധി സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഈക്കാര്യത്തില്‍ ആര്‍എസ്എസും കേന്ദ്ര നേതൃത്വവും സമ്മതം മൂളണം. ഈയൊരു അവസരത്തിലാണ് മോദിയെ വാഴ്ത്തിപ്പാടിക്കൊണ്ട് അബ്ദുല്ലക്കുട്ടി കളമറിഞ്ഞു കളിച്ചത്.

എന്നാല്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഏറെ വിമര്‍ശനങ്ങളുയരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിക്കൊണ്ടുള്ള നിലപാടിലുറച്ചു തന്നെ നില്‍ക്കുകയാണ് അബ്ദുല്ലക്കുട്ടി. എഫ്ബി പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അബ്ദുല്ലക്കുട്ടി വ്യക്തമാക്കി. പറഞ്ഞത് സത്യസന്ധമായ കാര്യങ്ങള്‍ മാത്രമാണ്. മോദിയുടെ വിജയത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉള്ളുതുറന്ന അഭിപ്രായമായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്ന് അബ്ദുല്ലക്കുട്ടി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വികസന പദ്ധതികള്‍ തന്നെയാണ് മോദിക്ക് ജയം സമ്മാനിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയവിരോധം പറഞ്ഞിട്ട് കാര്യമില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ദരിദ്രരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കിയതും കക്കൂസ് നിര്‍മിച്ച് നല്‍കിയതൊക്കെയും വോട്ടായി മാറിയെന്നും അബ്ദുല്ലക്കുട്ടി വിശദമാക്കുന്നു. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുമോ, പാര്‍ട്ടി വിടുമോയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെയാണ് അബ്ദുല്ലക്കുട്ടിയുടെ വിശദീകരണം.

മോദിയുടെ വിജയത്തെപ്പറ്റി നിഷ്പക്ഷമായും ശാന്തമായും എല്ലാവരും വിശകലനം ചെയ്യുകയാണ് വേണ്ടത്. വികസന പദ്ധതികളാണ് മോദിക്ക് വന്‍ ജയം സമ്മാനിച്ചത്. മോദിയുടെ പ്രവര്‍ത്തന ശൈലിയില്‍ ഗാന്ധിയന്‍ മൂല്യങ്ങളുണ്ട്. ടോയ്‌ലറ്റുകള്‍ നിര്‍മിച്ച് നല്‍കിയതും നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കയതുമുള്‍പ്പെടെയുള്ള പദ്ധതികള്‍ എടുത്തു കാട്ടിയായിരുന്നു അബ്ദുല്ലക്കുട്ടിയുടെ പോസ്റ്റ്.

രാജ്യത്തെ രാഷ്ട്രീയം മാറുകയാണെന്നും നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നവര്‍ യാഥാര്‍ത്ഥ്യം മറക്കരുതെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാതലത്തില്‍ തോല്‍വിയില്‍ കുളിച്ചു നില്‍ക്കുമ്പോള്‍ പാര്‍ട്ടിക്കെതിരെ ഒളിയമ്പെയ്ത അബ്ദുല്ലക്കുട്ടിയെ ഉടന്‍പുറത്താക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് രംഗത്തെത്തി. ബിജെപിയിലേക്ക് ചേക്കേറനാണ് അബ്ദുല്ലക്കുട്ടിയുടെ ശ്രമം. വികസനത്തിന്റെ പേരിലാണ് മോദി അധികാരത്തിലെത്തിയതെങ്കില്‍ 2014 ല്‍ യുപിഎ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരില്ലായിരുന്നോയെന്നും ഡീന്‍ ചോദിച്ചു.

Keywords: Kerala, Kannur, News, By-election, MLA, A.P Abdullakutty, BJP, UDF, LDF, NDA, CPM, Abdullkkutty as NDA Candidate in Manjeshwaram?