റഫാല്‍ ഇടപാടിലെ സുപ്രീംകോടതി വിധി; തെരഞ്ഞെടുപ്പില്‍ മോഡി സര്‍ക്കാരിന് കനത്ത വെല്ലുവിളി

 


ന്യൂഡെല്‍ഹി: (www.kvartha.com 10.04.2019) ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ റഫാല്‍ ഇടപാടിലെ സുപ്രീംകോടതി വിധി മോഡി സര്‍ക്കാരിനെ കനത്ത പ്രതിരോധത്തിലാക്കിയിരിക്കയാണ്. പ്രതിരോധ മന്ത്രാലയത്തില്‍നിന്നു മോഷ്ടിക്കപ്പെട്ടുവെന്നു സര്‍ക്കാര്‍ വാദിക്കുന്ന നിര്‍ണായക രേഖകള്‍ തെളിവായി പരിഗണിക്കുമെന്ന സുപ്രീംകോടതി വിധിയാണ് മോഡി സര്‍ക്കാരിന് വെല്ലുവിളിയായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങ് ബുധനാഴ്ചയാണ് തുടങ്ങുന്നത്.

അതിനിടെ പ്രതിരോധ മന്ത്രാലയത്തില്‍നിന്നു മോഷ്ടിക്കപ്പെട്ടുവെന്നു സര്‍ക്കാര്‍ വാദിക്കുന്ന നിര്‍ണായക രേഖകള്‍ തെളിവായി പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി റഫാല്‍ കരാറില്‍ നടത്തിയ ഇടപെടലുകള്‍ നിയമയുദ്ധത്തിന്റെ ഭാഗമാകും. ഇതുസംബന്ധിച്ചു കോടതി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കു പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കേണ്ടിവരും. റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് സര്‍ക്കാരുമായി പ്രതിരോധ മന്ത്രാലയം ചര്‍ച്ചകള്‍ നടത്തുന്നതിനിടെ സമാന്തരമായി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെടുക.

 റഫാല്‍ ഇടപാടിലെ സുപ്രീംകോടതി വിധി; തെരഞ്ഞെടുപ്പില്‍ മോഡി സര്‍ക്കാരിന് കനത്ത വെല്ലുവിളി

പ്രമുഖ മാധ്യമമായ 'ദി ഹിന്ദു' പുറത്തുകൊണ്ടുവന്ന രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ അവ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാരിന്റെ വാദമാണു സുപ്രീം കോടതി തള്ളിയിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ഉള്‍പ്പെടെ നല്‍കിയിരിക്കുന്ന അഞ്ച് പുനഃപരിശോധനാ ഹര്‍ജികളാണു സുപ്രീം കോടതി പരിഗണിക്കുന്നത്. വാദം കേള്‍ക്കാനുള്ള തീയതി സുപ്രീംകോടതി നിശ്ചയിക്കും.

റഫാല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ ഡിസംബറില്‍ കോടതി തള്ളിയിരുന്നു. തെറ്റായ രേഖകളുടെ അടിസ്ഥാനത്തിലുള്ള ഈ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്.

ഡിസംബര്‍ 14ലെ കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്. പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതികള്‍ പിന്നീട് തീരുമാനിക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. തുറന്നകോടതിയിലായിരിക്കും പുന: പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുക. റഫാല്‍ കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നാണ് മുഖ്യ വെളിപ്പെടുത്തല്‍. മൂന്നു രേഖകളാണ് തെളിവായി സമര്‍പ്പിച്ചത്. ഹിന്ദു ദിനപത്രമാണ് സര്‍ക്കാരിന്റെ ഇടപെടലുകളുടെ തെളിവുകള്‍ റിപ്പോര്‍ട്ടുകളായി പുറത്തുകൊണ്ടുവന്നത്. ഔദ്യോഗിക രേഖകള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവര്‍ ഹാജരാക്കിയ റഫാല്‍ രേഖകളുടെ പകര്‍പ്പ് കോടതി പരിഗണിക്കരുതെന്നും പുനഃപരിശോധനാ ഹര്‍ജികളില്‍നിന്ന് രേഖകള്‍ നീക്കം ചെയ്യണമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. ഔദ്യോഗിക രഹസ്യനിയമം, വിവരാവകാശനിയമം, തെളിവുനിയമം എന്നിവയിലെ വകുപ്പുകള്‍ പ്രതിരോധരേഖകള്‍ക്ക് സവിശേഷാധികാരം നല്‍കുന്നുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ അതിന്റെ സൂക്ഷിപ്പുകാരനായ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ കോടതിക്ക് പരിഗണിക്കാനാകില്ല.

വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്നു പ്രതിരോധ രേഖകളെ ഒഴിവാക്കിയിട്ടുണ്ടെന്നും പ്രതിരോധമന്ത്രാലയത്തില്‍നിന്നു ചോര്‍ത്തിയത് ഔദ്യോഗിക രഹസ്യ നിയമപ്രകാരം സംരക്ഷണമുള്ള രേഖയാണെന്നും വിവരാവകാശ നിയമത്തിലെ എട്ടാം(1എ) വകുപ്പ് പ്രകാരം വെളിപ്പെടുത്തേണ്ടതില്ലാത്ത വിവരമാണതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചു.

എന്നാല്‍, തങ്ങള്‍ സമര്‍പ്പിച്ചത് രഹസ്യരേഖയല്ലെന്നും അവ നേരത്തേ പ്രസിദ്ധീകരിക്കപ്പെട്ടതാണെന്നും ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍കൂടിയായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി എന്നിവര്‍ വാദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ ദുരുദ്ദേശ്യത്തോടെയാണെന്നും പൊതുസമൂഹത്തിന്റെ മുന്നിലുള്ള രേഖകള്‍ കോടതിക്ക് എങ്ങനെ അവഗണിക്കാന്‍ കഴിയുമെന്നും ഇവര്‍ ചോദിച്ചു.

രേഖകള്‍ പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രത്തെയും ഹര്‍ജിക്കാര്‍ ന്യായീകരിച്ചിരുന്നു. പ്രസ് കൗണ്‍സില്‍ നിയമത്തിലെ 15-ാം വകുപ്പ് പ്രകാരം ഉറവിടം വെളിപ്പെടുത്താതിരിക്കാന്‍ പത്രത്തിന് അവകാശമുണ്ട്. കല്‍ക്കരി, 2ജി കേസുകളിലെല്ലാം ഇത്തരത്തില്‍ രഹസ്യരേഖകള്‍ കോടതി തെളിവായി സ്വീകരിച്ചിരുന്നു. മുന്‍ സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ വീട്ടിലെ സന്ദര്‍ശക രജിസ്റ്റര്‍ തെളിവായെടുക്കരുതെന്ന വാദം കോടതി തള്ളിയിരുന്നു. വിയറ്റ്‌നാം യുദ്ധവുമായി ബന്ധപ്പെട്ട പെന്റഗണ്‍ പേപ്പര്‍ പ്രസിദ്ധീകരിക്കാന്‍ യു.എസ്. കോടതി അനുമതി നല്‍കിയിരുന്നതായും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

അതിനിടെ കേന്ദ്രവാദത്തെ ബെഞ്ചിലെ ജസ്റ്റിസ് കെ.എം. ജോസഫ് അന്ന് ചോദ്യംചെയ്തിരുന്നു. അഴിമതിയും മനുഷ്യാവകാശലംഘനവുമായി ബന്ധപ്പെട്ട വിഷയമാണെങ്കില്‍ സുരക്ഷാ, ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുപോലും വിവരാവകാശ നിയമപ്രകാരം സംരക്ഷണം ലഭിക്കില്ലെന്ന് ജസ്റ്റിസ് ജോസഫ് ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് വിവരാവകാശനിയമം കൊണ്ടുവന്നതു വിപ്ലവ നടപടിയായിരുന്നുവെന്നും അതില്‍നിന്ന് പിന്നോക്കം പോകാനാകില്ലെന്നും വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് കെ.എം.ജോസഫ് പ്രതികരിച്ചതും ശ്രദ്ധേയമാണ്.

ഫ്രാന്‍സില്‍നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന ഇടപാടിലെ ക്രമക്കേട് അന്വേഷിക്കണമെന്ന പരാതി തള്ളിയതിനെതിരേയാണ് പുനഃപരിശോധനാ ഹര്‍ജികളെത്തിയത്. റിലയന്‍സിന് സര്‍ക്കാര്‍ നേട്ടമുണ്ടാക്കിക്കൊടുത്തതായി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

അതിനിടെ റാഫേല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഇടപെട്ടതില്‍ പ്രതിരോധ മന്ത്രാലയം വിയോജിപ്പ് അറിയിച്ചിരുന്നുവെന്നാണ് പുറത്തുവന്ന ഒരു രേഖയില്‍ വ്യക്തമാക്കുന്നത്. പ്രതിരോധ മന്ത്രാലയവും റഫാലുമായി ചര്‍ച്ച നടത്തിയ ഇന്ത്യന്‍ സംഘവും മുന്നോട്ടുവച്ച നിലപാടിനു വിരുദ്ധമാണു പ്രധാനമന്ത്രിയുടെ ഓഫീസ് മുന്നോട്ടുവയ്ക്കുന്നതെന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറി ജി. മോഹന്‍ കുമാര്‍ കുറിപ്പു നല്‍കിയിരുന്നു, ഇതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവിട്ടവര്‍ അവകാശപ്പെട്ടു.

ഫ്രഞ്ച് സര്‍ക്കാരുമായി പിഎംഒ സമാന്തര ചര്‍ച്ച നടത്തിയത് പ്രതിരോധ മന്ത്രാലയവും ഇന്ത്യയുടെ വിലപേശല്‍ സംഘവും നടത്തിയ ശ്രമങ്ങളെ ബാധിച്ചുവെന്നു ചൂണ്ടിക്കാട്ടി 2015 നവംബര്‍ 24ന് പ്രതിരോധവകുപ്പ് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന് കത്ത് അയച്ചിരുന്നുവെന്നും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമല്ലാത്ത ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ചകള്‍ നടത്തരുതെന്നു പിഎംഒയോടു നമുക്ക് ആവശ്യപ്പെടാമെന്നും കുറുപ്പില്‍ പറഞ്ഞിരുന്നു.

പ്രതിരോധ മന്ത്രാലയം നടത്തുന്ന ചര്‍ച്ചകളുടെ ഫലത്തെക്കുറിച്ച് ആത്മവിശ്വാസമില്ലെങ്കില്‍ പിഎംഒയുടെ നേതൃത്വത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ വച്ചു ചര്‍ച്ച നടത്തുന്നതിനെക്കുറിച്ചു സൂചിപ്പിക്കാമെന്നും കുറിപ്പില്‍ പറയുന്നു. 2018 ഒക്ടോബറില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സബ്മിഷനില്‍ വ്യോമയാന ഡപ്യൂട്ടി ചീഫ് അടക്കം ഏഴു പേരടങ്ങിയ സംഘമാണു വിലപേശല്‍ നടത്തിയതെന്നും പറയുന്നു. പിഎംഒ ഇടപെട്ടതിനെക്കുറിച്ച് ഇതില്‍ സൂചിപ്പിച്ചിട്ടില്ല. പിഎംഒയുടെ ഇടപെടല്‍ ഒഴിവാക്കുന്നതാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടി മോഹന്‍കുമാര്‍ നല്‍കിയ കുറിപ്പും കേസ് പരിഗണിച്ച വേളയില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല.

യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിനായി നടത്തുന്ന ചര്‍ച്ചകളില്‍ അതിനു നിയോഗിക്കപ്പെടുന്ന സമിതിക്കല്ലാതെ (നെഗോസ്യേഷന്‍ കമ്മിറ്റി) മറ്റാര്‍ക്കും (പ്രധാനമന്ത്രി ഉള്‍പ്പെടെ) ഇടപെടാനാവില്ലെന്നാണു ചട്ടം (ഡിഫന്‍സ് പ്രോക്യൂര്‍മെന്റ് പ്രൊസീജ്യര്‍). പ്രതിരോധ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെട്ട സമിതിയിലെ അംഗങ്ങള്‍ തങ്ങളുടെ അറിവിന്റെയും അനുഭവസമ്പത്തിന്റെയും അടിസ്ഥാനത്തിലാണു ചര്‍ച്ചകള്‍ നടത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ സമാന്തരമായി നടത്തിയ ചര്‍ച്ചയില്‍, പ്രതിരോധ മേഖലയുടെ താല്‍പര്യം എത്രത്തോളം സംരക്ഷിക്കപ്പെട്ടുവെന്ന ചോദ്യം പ്രസക്തം. സമാന്തര ചര്‍ച്ച ഇന്ത്യയുടെ നിലയെ ഗുരുതരമായി ബാധിക്കുമെന്നു പ്രതിരോധ സെക്രട്ടറി കുറിച്ചിട്ടതിന്റെ അടിസ്ഥാനവും ഇതാണ്.

വ്യോമസേനാ ഉപമേധാവി എയര്‍ മാര്‍ഷല്‍ എസ്.ബി.പി. സിന്‍ഹയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയാണ് ഇന്ത്യയ്ക്കായി ചര്‍ച്ചകള്‍ നടത്തിയത്. റഫാലില്‍ ആയുധങ്ങള്‍ ഘടിപ്പിക്കുന്നതിന് ഉയര്‍ന്ന വില നിശ്ചയിച്ചതിനെതിരെ സമിതിയിലെ 3 പേര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതു മറികടന്ന് നാലു പേരുടെ പിന്തുണയോടെ തുക അംഗീകരിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതി ആ തുകയ്ക്കു പച്ചക്കൊടി കാട്ടുകയായിരുന്നുവെന്നാണു കേന്ദ്രം ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍, ചര്‍ച്ചകളിലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന രേഖ പുറത്തുവന്നതോടെ, പ്രതിരോധ ചട്ടങ്ങളുടെ ലംഘനം വ്യക്തമായി.

നേരത്തേ, പുനഃപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കാനെടുത്തപ്പോള്‍ അവയ്ക്കൊപ്പം സമര്‍പ്പിച്ച ഈ രഹസ്യ രേഖകള്‍ പരിഗണിക്കരുതെന്ന് കേന്ദ്രം വാദിച്ചിരുന്നു. പ്രസിദ്ധീകരിച്ച രഹസ്യരേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍നിന്ന് മോഷ്ടിച്ചവയെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ വാദിച്ചത്. അഴിമതി ആരോപിക്കപ്പെടുമ്പോള്‍ രാജ്യസുരക്ഷയുടെ മറവു തേടുന്നതെങ്ങനെയെന്നാണ് കോടതി ചോദിച്ചത്. മോഷ്ടിക്കപ്പെട്ട രേഖകളും തെളിവുനിയമപ്രകാരം പരിശോധിക്കാമെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞിരുന്നു.

റഫാല്‍ കേസില്‍ അഴിമതിയുണ്ടെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നുമുള്ള ഹര്‍ജികള്‍ കോടതി ഡിസംബര്‍ 14നു തള്ളിയിരുന്നു. എന്നാല്‍ വിധിയില്‍ കോടതി പരാമര്‍ശിച്ച സിഎജി റിപ്പോര്‍ട്ട് യഥാര്‍ഥത്തില്‍ അപ്പോള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നില്ലെന്നു വ്യക്തമായി. കേന്ദ്ര സര്‍ക്കാര്‍ തന്നെ തിരുത്തല്‍ അപേക്ഷ നല്‍കുകയും ചെയ്തു. കോടതിക്കു തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളസാക്ഷ്യത്തിനു നടപടി വേണമെന്നുമാവശ്യപ്പെട്ടുള്ള ഹര്‍ജികളുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Setback for Modi govt, SC says 'stolen' Rafale documents admissible in the court, New Delhi, News, Politics, Business, Technology, Trending, Supreme Court of India, Report, National, Lok Sabha, Election.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia