മണ്ഡലത്തെ ഇളക്കിമറിച്ച് ജയ് ഹോ പദയാത്ര; 50ലേറെ സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്; കൂടുതല്‍ സാധ്യത ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന് തന്നെ

പാലക്കാട്: (www.kvartha.com 28.02.2019) പാലക്കാടിനെ ഇളക്കിമറിച്ച് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ നടത്തുന്ന ജയ് ഹോ പദയാത്ര. യുഡിഎഫ് ഈ ആഴ്ച ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു കടക്കുമ്പോള്‍ പാലക്കാട് മണ്ഡലത്തില്‍ കൂടുതല്‍ സാധ്യത ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനെന്ന് സൂചന. പദയാത്രയിലൂടെ മണ്ഡലത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചതാണ് ശ്രീകണ്ഠന് നെറുക്ക് വീഴാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം.

പദയാത്ര പത്ത് ദിവസം പിന്നിടുമ്പോഴേക്കും മികച്ച പ്രതികരണമാണ് കോണ്‍ഗ്രസിന് ലഭിക്കുന്നത്. പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുന്ന നിരവധി പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും കൂടാതെ മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരെയും കോണ്‍ഗ്രസിലെത്തിക്കാന്‍ പദയാത്രയിലൂടെ ശ്രീകണ്ഠനും സംഘത്തിനും സാധിച്ചു. കഴിഞ്ഞ ദിവസം കുത്തന്നൂരില്‍ നിന്നും സിപിഎം - ബിജെപി പ്രവര്‍ത്തകരായ 51 പേര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ജയ്ഹോ വേദിയില്‍ ഇവരെ സ്വീകരിച്ചു. പത്താം ദിവസത്തെ യാത്രയുടെ ഉദ്ഘാടന സമ്മേളനം പട്ടാമ്പി മുന്‍ എംഎല്‍എ സി പി മുഹമ്മദാണ് ഉദ്ഘാടനം ചെയ്തത്.

Palakkad, Congress, Kerala, News, Jaiho, Palakkad LS seat: More possibilities for V K Srikantan

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി അകന്ന് പാര്‍ട്ടി വേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന മുന്‍ ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ് പദയാത്രയിലൂടെ വീണ്ടും കോണ്‍ഗ്രസ് വേദിയിലെത്തി. പദയാത്രയ്ക്കൊപ്പം നാല് കിലോ മീറ്റര്‍ ദൂരം നടന്ന എ വി ഗോപിനാഥ് പെരിങ്ങോട്ടുകുറിശിയില്‍ നടന്ന ജയ്ഹോയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

പാര്‍ട്ടിയുടെ ത്രിവര്‍ണ്ണ പതാക പുതപ്പിച്ച് ശ്മശാനത്തില്‍ എരിഞ്ഞടങ്ങും വരെ താന്‍ കോണ്‍ഗ്രസായിരിക്കുമെന്നായിരുന്നു ഗോപിനാഥിന്റെ പ്രസംഗം. ഇത് പ്രവര്‍ത്തകരെ ആവേശഭരിതരാക്കി. കഴിഞ്ഞ തവണ നെന്മാറ നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോപിനാഥിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമം നടത്തിയെന്നാരോപിച്ചായിരുന്നു അദ്ദേഹം പാര്‍ട്ടിയുമായി അകന്നത്. അതിനിടെ ഇടക്കാലത്ത് ഗോപിനാഥ് സി പി എമ്മുമായി അടുക്കുന്നുവെന്ന പ്രചരണവും ശക്തമായിരുന്നു.

സുമേഷ് അച്യുതന്‍, വി എസ് വിജയരാഘവന്‍ എന്നിവരുടെ പേരും പാലക്കാട് മണ്ഡലത്തില്‍ ഉയരുന്നുണ്ടെങ്കിലും ജയ് ഹോ പദയാത്രയിലൂടെ വലിയ ജനപിന്തുണ നേടിയെടുത്ത വി കെ ശ്രീകണ്ഠന് തന്നെയാണ് മുന്‍തൂക്കം.

1977ലാണ് ആ മണ്ഡലം സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുക്കുന്നത്. എ സുന്നസാഹിബാണ്  മത്സരിച്ച് ജയിച്ചത്. ഒരു തവണ എ വിജയരാഘവന്‍ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും വി എസ് വീണ്ടും ആ സീറ്റ് തിരിച്ചുപിടിച്ചു. 1971ലെ തിരഞ്ഞെടുപ്പ് വരെ സ്ഥിരമായി കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്ന മണ്ഡലമാണ് പാലക്കാട്. 71 ല്‍ എ കെ ജിയാണ് ഇവിടെ വിജയിച്ചത്.

പിന്നീട് 96ല്‍ കൃഷ്ണദാസാണ് പാലക്കാട് കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്തത്. പിന്നീട് തുടര്‍ച്ചയായി നാല് തവണ എന്‍ എന്‍ കൃഷ്ണദാസും രണ്ട് തവണ എം ബി രാജേഷും ജയിച്ചു. നിലവില്‍ ംെബി രാജേഷ് ആണ് എംപി. പദയാത്രയിലൂടെ ഉഴുതുമറിച്ച പാലക്കാട്ട് ഇത്തവണ കോണ്‍ഗ്രസ് തന്നെ കൊയ്യുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

25 ദിവസങ്ങള്‍കൊണ്ട് ജില്ലയിലെ 88 പഞ്ചായത്തുകളും എട്ട് നഗരസഭകളും താണ്ടിയാണ് പദയാത്ര പ്രയാണം നടത്തുന്നത്. 361 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കുന്ന യാത്ര 100 സ്ഥലത്ത് സ്വീകരണം ഏറ്റുവാങ്ങും. മാര്‍ച്ച് 14 നാണ് പദയാത്ര സമാപിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Palakkad, Congress, Kerala, News, Jaiho, Palakkad LS seat: More possibilities for V K Srikantan 
Previous Post Next Post