കല്യോട്ടെ ഇരട്ടക്കൊലപാതകം: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ പിതാവ് ഹൈക്കോടതിയിലേക്ക്

കാസര്‍കോട്: (www.kvartha.com 21.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും, കൃപേഷും കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ ഹൈക്കോടതിയിലേക്ക്. കൊല നടത്തിയത് പുറത്തുനിന്നുള്ളവരാണെന്നും പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നും കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും കൃഷ്ണന്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും ഇരുട്ടിന്റെ മറവില്‍ ക്രൂരമായി വെട്ടിക്കൊന്നത്. കൃപേഷ് ഒറ്റവെട്ടില്‍ തന്നെ തല പിണര്‍ന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ശരത് ലാല്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

Kripesh father moves high court seeking CBI investigation in kasaragod murder, Kasaragod, News, Politics, Trending, Media, High Court of Kerala, Police, Probe, Murder, Crime, Criminal Case, Kerala

അതേസമയം, പ്രാദേശിക തര്‍ക്കത്തിനിടെ കൃപേഷും ശരത് ലാലും തന്നെ ആക്രമിച്ചപ്പോള്‍ പാര്‍ട്ടി സഹായിക്കാതിരുന്നതിലെ അപമാനം കാരണമാണ് കൊല നടത്തിയതെന്നാണ് അറസ്റ്റിലായ സി.പി.എം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ. പീതാംബരന്റെ മൊഴി.

കൊല്ലപ്പെട്ട കൃപേഷും ശരത്‌ലാലുമായി താന്‍ വഴക്കില്‍ ഏര്‍പ്പെട്ടത് ചില പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിലാണ്. ഇരുവരും തന്നെ ആക്രമിച്ചത് പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും കിട്ടാതിരുന്നപ്പോഴാണ് കടുത്ത തീരുമാനമെടുത്തതെന്നും പീതാംബരന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

എന്നാല്‍ പീതാംബരന്റെ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. മുന്നാട് സഹകരണ കോളജിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് പീതാംബരനെ കൈയേറ്റം ചെയ്ത സംഘത്തില്‍ കൃപേഷ് ഉണ്ടായിരുന്നില്ലെന്നും ആ സമയം കൃപേഷ് വീട്ടിലുണ്ടായിരുന്നതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇക്കാരണത്താല്‍, കൈയേറ്റശ്രമ കേസില്‍ പോലീസ് കൃപേഷിനെ പ്രതി ചേര്‍ത്തിരുന്നുമില്ലെന്നും പീതാംബരന്‍ പറയുന്നു.


Keywords: Kripesh father moves high court seeking CBI investigation in kasaragod murder, Kasaragod, News, Politics, Trending, Media, High Court of Kerala, Police, Probe, Murder, Crime, Criminal Case, Kerala.
Previous Post Next Post