Follow KVARTHA on Google news Follow Us!
ad

യൂത്ത് കോണ്‍ഗ്രസുക്കാരുടെ കൊലപാതകം, പാര്‍ട്ടി പ്രവര്‍ത്തകരാണെങ്കില്‍ സംരക്ഷിക്കില്ല, പാര്‍ട്ടി ബോധമുള്ളവര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ ചെയ്യില്ല, കൊലയാളികളെ തള്ളിപറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍

കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലയാളികളെ തള്ളിപ്പറഞ്ഞ് News, Thiruvananthapuram, Kerala, Kodiyeri Balakrishnan, CPM, Police,
തിരുവനന്തപുരം:(www.kvartha.com 18/02/2019) കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കൊലയാളികളെ തള്ളിപ്പറഞ്ഞ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നും പ്രതികളെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ പാര്‍ട്ടി തന്നെ മുന്‍കൈ എടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പങ്കുണ്ടെങ്കില്‍ അത് പോലീസ് കണ്ടെത്തണം, അത്തരക്കാരുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ വച്ചു പൊറുപ്പിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.

News, Thiruvananthapuram, Kerala, Kodiyeri Balakrishnan, CPM, Police,Kodiyeri balakrishnan about kasaragod murder

സിപിഎം പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്ത് യാതൊരു അക്രമവും പാടില്ലെന്ന് സംസ്ഥാന കമ്മിറ്റി നേരത്തെ തീരുമാനിച്ചിട്ടുള്ളതാണ്. കാസര്‍ഗോട്ടെ സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയം അംഗീകരിക്കാത്തവരാണെന്നും അത്തരക്കാരെ സംരക്ഷിക്കാന്‍ തയ്യാറല്ലെന്നും കോടിയേരി വ്യക്തമാക്കി. സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അത് ദുര്‍ബലപ്പെടുത്തുന്നതാണ്.

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. എന്തെല്ലാം പ്രകോപനങ്ങള്‍ ഉണ്ടായാലും അക്രമങ്ങളും കൊലപാതകങ്ങളും പാടില്ല. സിപിഎം പ്രവര്‍ത്തകര്‍ യാതൊരു അക്രമ പ്രവര്‍ത്തനങ്ങളും നടത്താന്‍പാടില്ല എന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പസ്യമായി ആഹ്വാനം ചെയ്തതാണ്. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകും. പ്രതികള്‍ ആരെങ്കിലും സിപിഎമ്മുമായി ബന്ധമുള്ളവരെങ്കില്‍ പാര്‍ട്ടിയുടെ യാതൊരു സഹായവും അത്തരക്കാര്‍ക്ക് നല്‍കുന്നതായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ ബോധമുള്ള സിപിഎം പ്രവര്‍ത്തകര്‍ കാസര്‍കോട് ചെയ്തതുപോലൊരു സംഭവം ചെയ്യില്ല. എല്‍ഡിഎഫിന്റെ ജാഥ ഇന്നലെയാണ് കാസര്‍കോട് പര്യടനം നടത്തിയത്. ആ ദിവസം തന്നെ സിപിഎമ്മുകാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ അവര്‍ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കുന്നവരല്ല. അവര്‍ക്ക് രാഷ്ട്രീയം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പ്രാദേശിക സിപിഎം നേതൃത്വത്തിന് പങ്കുണ്ടെങ്കില്‍ അതും അന്വേഷിച്ച് കണ്ടെത്തണം, ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടിയില്‍ ആരെങ്കിലും ഇത് ചെയ്തിട്ടുണ്ടെങ്കില്‍ ആവശ്യമായ അച്ചടക്ക നടപടി പാര്‍ട്ടിയും സ്വീകരിക്കും. എന്തെല്ലാം സംഭവങ്ങള്‍ നടന്നാലും കൊലപാതകത്തിന് ന്യായീകരണമില്ല. മനുഷ്യനെ ഇങ്ങനെ വെട്ടിക്കൊല്ലാന്‍ പാടില്ല. അത് പ്രാകൃതമായ നിലപാടാണ്. ഇതു ചെയ്തത് ആരായാലും അത് എതിരാളികളുടെ കൈയില്‍ കളിക്കുകയാണ് ചെയ്തത്. അത്തരക്കാരെ ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കില്ല. കോടിയേരി വ്യക്തമാക്കി.

സിപിഎമ്മിന്റെ ഭാഗമായി ഇത്തരമൊരു കാര്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. അതിന്റെ പേരില്‍ പ്രസ്ഥാനമാണ് ഉത്തരവാദിത്തമേറ്റേടുക്കേണ്ടിവരുന്നത്. ഇക്കര്യങ്ങള്‍ മനസിലാക്കാതെ ആരെങ്കിലും ചെയ്യുന്ന കാര്യങ്ങള്‍ പാര്‍ട്ടി അംഗീകരിക്കാന്‍ പോകുന്നില്ല. ഈ സംഭവത്തിന്റെ പേരില്‍ കര്‍ശനമായ നടപടി സ്വീകരിക്കണം, കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകണം, പ്രതികള്‍ രക്ഷപ്പെടാതിരിക്കാനുള്ള പഴുതടച്ച അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകണം. കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Kodiyeri Balakrishnan, CPM, Police,Kodiyeri balakrishnan about kasaragod murder