SWISS-TOWER 24/07/2023

ജന്മം നല്‍കിയ കുഞ്ഞിനെ വളര്‍ത്താന്‍ തീരുമാനിച്ച് മാതാവ്; ഐസിസ് ഭീകരന്റെ കുഞ്ഞ് ഇവിടെ വളരേണ്ടെന്ന് പറഞ്ഞ് യുവതിയുടെ പൗരത്വം റദ്ദാക്കി ബ്രിട്ടണ്‍

 


ADVERTISEMENT

ബ്രിട്ടണ്‍: (www.kvartha.com 20.02.2019) ജന്മം നല്‍കിയ കുഞ്ഞിനെ വളര്‍ത്താനായി ബ്രിട്ടനിലേക്ക് തിരികെ എത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച ഐസിസ് പെണ്‍കുട്ടിയുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവദിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ ഷെമീമ ബീഗം എന്ന യുവതി ഐസിസ് ഭീകരന്റെ കുഞ്ഞിന് ജന്മം നല്‍കിയത്.

എന്നാല്‍ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കാന്‍ കൂട്ടാക്കാതെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താന്‍ ഷെമീമ ബീഗം ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നതോടെ ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാന്‍ ഹോം ഓഫീസ് തീരുമാനിക്കുകയായിരുന്നു.

 ജന്മം നല്‍കിയ കുഞ്ഞിനെ വളര്‍ത്താന്‍ തീരുമാനിച്ച് മാതാവ്; ഐസിസ് ഭീകരന്റെ കുഞ്ഞ് ഇവിടെ വളരേണ്ടെന്ന് പറഞ്ഞ് യുവതിയുടെ പൗരത്വം റദ്ദാക്കി ബ്രിട്ടണ്‍

1981ലെ ബ്രിട്ടിഷ് നാഷണാലിറ്റി ആക്ടില്‍ ഹോം സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണു നടപടി. പൊതു താല്‍പര്യത്തിന് അനിവാര്യമെന്നു കണ്ടെത്തിയാല്‍ ഒരാളുടെ പൗരത്വം റദ്ദാക്കാന്‍ നാഷണാലിറ്റി ആക്ടില്‍ ഹോം സെക്രട്ടറിക്ക് പ്രത്യേക അധികാരമുണ്ട്. ഇതിലൂടെ ഒരു വ്യക്തിക്ക് എവിടെയെങ്കിലും താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ല എന്ന് മാത്രമാണ് പറയുന്നത്.

ബംഗ്ലാദേശില്‍നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തില്‍പ്പെട്ട ഷെമീമയ്ക്ക് ഇരട്ട പൗരത്വമുണ്ട്. ഈ സാഹചര്യത്തിലാണ് ഹോം സെക്രട്ടറി തന്റെ പ്രത്യേക അധികാരമുപയോഗിച്ച് ബ്രിട്ടിഷ് പൗരത്വം തിരിച്ചെടുത്തത്.

ഷെമീമയുടെ പൗരത്വം തിരിച്ചെടുക്കുന്നതായി കാണിച്ച് ഹോം ഓഫീസിന്റെ കത്ത് ഈസ്റ്റ് ലണ്ടനിലുള്ള അവരുടെ മാതാവിനു അയച്ചിരുന്നു. ഹോം സെക്രട്ടിറിയുടെ പ്രത്യേക നിര്‍ദേശപ്രകാരമുള്ള നടപടിയാണ് ഇതെന്നും തീരുമാനം മകളെ അറിയിക്കണമെന്നും കത്തില്‍ പറയുന്നു. അതേസമയം, പൗരത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്യാന്‍ ഷെമീമയ്ക്ക് അധികാരമുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഷെമീമ ബീഗം കുഞ്ഞിനെ പ്രസവിക്കാനായി ബ്രിട്ടനിലേക്കു മടങ്ങിയെത്തണമെന്നു കഴിഞ്ഞയാഴ്ചയാണ് ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ ഇത് തടയാന്‍ മടിക്കില്ലെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഭയാര്‍ഥി ക്യാംപില്‍ വച്ച് കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ മകനെ ഇസ്ലാമില്‍തന്നെ വളര്‍ത്തുമെന്നും ഐസിസിന്റെ ചെയ്തികളെ തള്ളിപ്പറയാന്‍ ഒരുക്കമല്ലെന്നും മാധ്യമങ്ങളോടു വെളിപ്പെടുത്തി.

ബ്രിട്ടനിലേക്ക് തിരികെയെത്താന്‍ അനുവദിച്ചാല്‍ ജയിലില്‍ പോകാന്‍ മടിയില്ലെന്നും അവര്‍ വ്യക്തമാക്കി. ഛേദിക്കപ്പെട്ട തലകള്‍ മാലിന്യ കൂമ്പാരത്തില്‍ പലപ്പോഴും കണ്ടിട്ടുണ്ട് അതൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടില്ലെന്നും ഐസിസിന്റെ ചെയ്തികള്‍ തെറ്റാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷെമീമ പറയുന്നു. ഇത്തരത്തില്‍ രാജ്യം വിട്ട നിരവധിപേരുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കിയിട്ടുണ്ട്.

ബ്രിട്ടന്‍ ഐസിസിനെതിരെ നടത്തിയ ആക്രമണങ്ങളുടെ പ്രതികാരമായിരുന്നു മാഞ്ചസ്റ്റര്‍ അരീനയില്‍ നടത്തിയ സ്‌ഫോടനമെന്നും അവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരം പ്രകോപനപരമായ വെളിപ്പെടുത്തലിന് പിന്നാലെയാണ് ബ്രിട്ടന്‍ പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടനെ നയിച്ചത്.

എന്നാല്‍ തനിക്ക് ബംഗ്ലാദേശി പാരമ്പര്യമുണ്ടെങ്കിലും പാസ്‌പോര്‍ട്ട് ഇല്ലെന്നും ഒരിക്കല്‍പോലും ബംഗ്ലാദേശില്‍ പോയിട്ടില്ലെന്നുമാണ് ഷെമീമ മാധ്യമങ്ങളോടു പറഞ്ഞത്. ഇരട്ട പൗരത്വത്തിന്റെ വിശദാംശങ്ങള്‍ ഹോം ഓഫിസ് പുറത്തുവിടുന്നില്ലെങ്കിലും എവിടെയെങ്കിലും താമസിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്കു തങ്ങള്‍ ആരെയും തള്ളിവിടില്ലെന്നാണ് ഹോം ഓഫീസ് വക്താവ് വ്യക്തമാക്കുന്നത്. വിവിധ ഭീകരസംഘടനകള്‍ക്കു പിന്തുണയുമായി രാജ്യവിട്ട നൂറോളം പേരുടെ പൗരത്വം ഇത്തരത്തില്‍ റദ്ദാക്കിയിട്ടുണ്ടെന്നും ഹോം ഓഫീസിന്റെ കണക്കുകള്‍ പറയുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ 2015ലാണ് ഷെമീമ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം സിറിയയിലേക്ക് കടന്നത്. ബെത്‌നള്‍ ഗ്രീന്‍ അക്കാദമി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന 15 വയസ്സുകാരായ ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുല്‍ത്താന(16) എന്ന മറ്റൊരു വിദ്യാര്‍ഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. ഇവരില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തുപറ്റിയെന്ന് കൃത്യമായ വിവരമില്ലെന്നാണ് ഷെമീമ പറയുന്നത്.

രാജ്യം വിടുമ്പോള്‍ ഷെമീമയ്ക്ക് പതിനഞ്ച് വയസായിരുന്നു. ലണ്ടനിലെ ഗാട്ട്വിക്കു വിമാനത്താവളത്തില്‍നിന്നും തുര്‍ക്കിയിലേക്കാണ് ഇവര്‍ മൂന്നുപേരും ആദ്യം പോയത്. പിന്നീട് തുര്‍ക്കി അതിര്‍ത്തി കടന്ന് സിറിയയിലെത്തി. തുടര്‍ന്ന് ഐസിസ് ഭീകരരുടെ വധുക്കളാകാന്‍ എത്തിയവര്‍ക്കൊപ്പം ഒരു വീട്ടില്‍ ആദ്യം താമസിക്കുകയായിരുന്നു.

20 വയസിനു മുകളില്‍ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് പത്തു ദിവസത്തിനു ശേഷം ഇസ്ലാമിലേക്കു മതം മാറിയ ഒരു ഡച്ചുകാരനെ വിവാഹം കഴിക്കുകയും ചെയ്തു. ഇരുപത്തേഴു വയസായിരുന്നു പ്രായം. ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ജനിച്ചിരുന്നെങ്കിലും രണ്ടു പേരും മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാലാണ് മൂന്നാമത്തെ കുട്ടിയെ ബ്രിട്ടനില്‍ വളര്‍ത്താന്‍ ഇപ്പോള്‍ 19 വയസുള്ള ഷെമീമ തീരുമാനിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ISIS bride Shamima Begum will have her British citizenship revoked, family lawyer says, Britain, News, Terrorism, Office, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia