കാര്‍ഗില്‍ യുദ്ധസമയത്തു പോലും നിയന്ത്രണ രേഖ മറികടക്കാന്‍ തയ്യാറായില്ല; പാക് വ്യോമ മേഖലയിലേക്ക് അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ കടന്നുകയറുന്നത് 1971നു ശേഷം ഇതാദ്യം

ന്യൂഡല്‍ഹി: (www.kvartha.com 26.02.2019) പാകിസ്ഥാന്റെ വ്യോമമേഖലയിലേക്ക് അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ കടന്നുകയറുന്നത് 1971നു ശേഷം ഇതാദ്യം. ഇതിനു മുന്‍പ് 1971 ലെ യുദ്ധ സമയത്താണ് ഇന്ത്യന്‍ വിമാനങ്ങള്‍ പാക്ക് വ്യോമമേഖലയിലേക്കെത്തിയത്.

അതിനു ശേഷം 1999ലെ കാര്‍ഗില്‍ യുദ്ധസമയത്തു പോലും നിയന്ത്രണ രേഖ മറികടക്കാന്‍ ഇന്ത്യന്‍ സേന തയാറായിരുന്നില്ല. പാക് അതിര്‍ത്തിക്കപ്പുറം ഏതാണ്ട് 50 മൈല്‍ ദൂരം വരെ കടന്നെത്തിയാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് വിമാനങ്ങള്‍ ബലാക്കോട്ടില്‍ ജയ്‌ഷെ ഭീകര പരിശീലന ക്യാമ്പ് തകര്‍ത്തത്.

India Launches 'Preemptive' Air Strike On Pakistan-Based Militants,New Delhi, News, Politics, Terrorists, attack, Militants, National, Trending

2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ ഉപയോഗിച്ച ആയുധങ്ങളേക്കാന്‍ പതിന്‍മടങ്ങ് കരുത്തുള്ളതാണ് 'സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2.0'ന് ഇക്കുറി ഇന്ത്യ തെരഞ്ഞെടുത്തത്. 1000 കിലോയോളം സ്‌ഫോടകവസ്തുക്കള്‍ മൂന്ന് ഇടങ്ങളിലുമായി ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ വര്‍ഷിച്ചു. ജയ്ഷ് ഭീകരകേന്ദ്രങ്ങളില്‍ ലേസര്‍ ഗൈഡഡ് ബോംബുകളാണ് ഇന്ത്യ വര്‍ഷിച്ചതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏകദേശം 200ന് അടുത്ത് വരുമെന്നാണു വിവരം. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഉറിക്കു മറുപടിയായി സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉണ്ടായതുപോലെ ഏതു നിമിഷവും ഇന്ത്യയുടെ മറുപടി ഉണ്ടാകുമെന്ന് പാകിസ്ഥാന് അറിയാമായിരുന്നു. പാക്ക് സേന ഇത്രയും ജാഗ്രത പാലിച്ചിട്ടും ഇന്ത്യന്‍ വിമാനങ്ങള്‍ പാക്കിസ്ഥാനിലേക്കു പറന്നു. ഉടനടി ലക്ഷ്യം നടപ്പാക്കി തിരിച്ചെത്തുകയും ചെയ്തു. എല്ലാം വെറും 21 മിനിട്ടില്‍ കഴിഞ്ഞു.

പാക്ക് വ്യോമസേനയുടെ കണ്ണുവെട്ടിച്ച് അവരുടെ മണ്ണിലെത്തി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു തിരിച്ചെത്തിയത് ഇന്ത്യന്‍ വ്യോമസേനയുടെ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നാണ്. മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് വ്യോമസേന കുതിച്ചെത്തി ആക്രമിച്ചത്.

19 ജവാന്‍മാര്‍ വീരമൃത്യു വരിച്ച ഉറി ഭീകരാക്രമണത്തിനു മറുപടിയായി 2016 സെപ്റ്റംബര്‍ 29നാണ് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നത്. ഉറി ഭീകരാക്രമണം നടന്ന് 11 ദിവസത്തിനു ശേഷമായിരുന്നു പാക്കിസ്ഥാന് അപ്രതീക്ഷിതമായി തിരിച്ചടി ഇന്ത്യ നല്‍കിയത്. കുപ്‌വാരയിലേയും പൂഞ്ചിലേയും നിയന്ത്രണരേഖയ്ക്കു സമീപമായിരുന്നു അന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത്.

പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ ഇന്ത്യ തിരിച്ചടിച്ചാല്‍ പാക്കിസ്ഥാന്‍ വെറുതേയിരിക്കില്ലെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഈ ഭീഷണി നിലനില്‍ക്കെയാണ് ഇന്ത്യ പാക്ക് അതിര്‍ത്തി കടന്നതെന്നതാണു മറ്റൊരു കാര്യം. അതേസമയം ആക്രമണത്തിനു പകരം വീട്ടാനും സ്വയം പ്രതിരോധിക്കാനുമുള്ള എല്ലാ അവകാശവും പാക്കിസ്ഥാനുണ്ടെന്ന് പാക്ക് പ്രതിരോധമന്ത്രി ഷാ മഹമൂദ് ഖുറേഷിയും പ്രതികരിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India Launches 'Preemptive' Air Strike On Pakistan-Based Militants,New Delhi, News, Politics, Terrorists, attack, Militants, National, Trending.
Previous Post Next Post