ആറന്‍മുള സമരത്തിന് ശക്തി പകരാന്‍ കുടില്‍ കെട്ടി താമസിച്ചവരെ തിരിഞ്ഞ് നോക്കാതെ നേതാക്കള്‍

പത്തനംതിട്ട: (www.kvartha.com 27.02.2019) ആറന്‍മുളയില്‍ നടന്ന വിമാനത്താവള വിരുദ്ധ സമരത്തിന് ശക്തി പകരാന്‍ കുടില്‍ കെട്ടി താമസിപ്പിച്ചവരെ സമരത്തിന് നേതൃത്വം കൊടുത്തവര്‍ തിരിഞ്ഞ് നോക്കുന്നില്ല. കാര്യം കഴിഞ്ഞപ്പോള്‍ തങ്ങളെ അവഗണിച്ചവര്‍ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് ഇപ്പോള്‍ ഇവര്‍. സമരം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ഇതിന് ശക്തി വര്‍ധിപ്പിക്കാനായാണ് വിവിധ പ്രദേശങ്ങളില്‍ നിന്നായി നൂറ്റി ഇരുപതിലധികം കുടുംബങ്ങളെ ഇവിടേക്ക് കൊണ്ടുവന്നത്.

വീടും സ്ഥലവും ഇല്ലാത്തവര്‍ക്കൊപ്പം ഇവയൊക്കെ ഉള്ളവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സമരം അവസാനിക്കുകയും രാഷ്ട്രീയക്കാര്‍ പിന്‍വാങ്ങുകയും ചെയ്തതോടെ കുടില്‍ കെട്ടിയവര്‍ക്കു തുണയില്ലാതെയായി. ഇതോടെ തിരികെ പോകാന്‍ ഇടമുള്ളവര്‍ മിക്കവരും മടങ്ങി. ഇതിനിടെ നിരവധി തവണ പദ്ധതി പ്രദേശത്തു വെള്ളം കയറി. പിന്നാലെ മഹാ പ്രളയം കൂടി വന്നതോടെ പദ്ധതി പ്രദേശത്തെ കുടിലും കൃഷിയുമെല്ലാം നശിച്ചു.

Aaranmula Airport strikers allegation against CPM leaders, Pathanamthitta, News, Politics, Strikers, Allegation, CPM, Complaint, Kerala.

മറ്റൊരു മാര്‍ഗവുമില്ലാതെ ഇവര്‍ പട്ടിണിയിലേക്ക് നീങ്ങുകയും ചെയ്തു. ആറന്മുളയുമായി ബന്ധമില്ലാത്ത ഇവര്‍ക്ക് കൂലിപ്പണി പോലും ലഭിക്കാത്ത സ്ഥിതിയുലുമെത്തി. നിരവധി തവണ ജനപ്രതിനിധികളെയും വില്ലേജ് ഓഫീസ് മുതല്‍ ജില്ലാ ഭരണ കൂടം, മുഖ്യമന്ത്രി വരെയും സമീപിച്ചെങ്കിലും ഫലം കണ്ടില്ല.

ആദ്യകാലത്തു ഒപ്പം നിന്ന രാഷ്ട്രീയക്കാര്‍ ആരും തിരിഞ്ഞു നോക്കാതെയുമായി. എങ്ങനെയും താമസക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലായി അധികാരത്തില്‍ എത്തിയ സമര നേതാക്കള്‍. പ്രളയത്തില്‍ കുടിലുകള്‍ മുഴുവന്‍ മുങ്ങി എല്ലാം നഷ്ടപ്പെട്ട ഇവര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല. വില്ലേജ് ഓഫീസ് മുതല്‍ കലക്ട്രേറ്റ് വരെയുള്ള ഉദ്യോഗസ്ഥര്‍ തങ്ങളെ അവഗണിക്കുകയാണെന്നും തങ്ങളെ ഇവിടെയെത്തിച്ച

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പോലും തങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇവര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഇല്ലാത്തവരെന്ന് വരുത്തി തീര്‍ക്കാനാണ് നേതാക്കള്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. വിമാനത്താവള പദ്ധതി പ്രദേശം മിച്ച ഭൂമിയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയുന്നുമില്ല. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഇപ്പോഴും മുന്‍സിഫ് കോടതി മുതല്‍ സുപ്രീം കോടതി വരെയും വിവിധ ട്രൈബൂണലുകളിലും തുടരുകയാണ്.

വിമാനത്താവളത്തിനായി ഭൂമി വിട്ടുനല്കിയവരും ബിനാമികളും ഒക്കെ ഇത് തിരികെ വേണമെന്ന ആവശ്യവുമായി സര്‍ക്കാരിനെയും കോടതികളെയും സമീപിച്ചിട്ടുണ്ട്. ഇതോടെ ഇവിടെ തന്നെ ഭൂമി നല്‍കുക എളുപ്പമല്ലത്രെ. താമസക്കാര്‍ ത്രിശങ്കുവിലുമായി. ഇതിന് പരിഹാരം വേണമെന്ന ആവശ്യവുമായാണ് ബന്ധപ്പെട്ടവരെ താമസക്കാര്‍ സമീപിച്ചിരിക്കുന്നത്.

പിന്തുണയുമായി ഇടത് അനുകൂല സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ഇവര്‍ രുപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തില്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ഇവരുടെ തീരുമാനം. ഇതിനിടെ ജില്ലാ ഭരണകൂടം ഇവരെപ്പറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അന്വേഷണത്തിനായി ആറന്മുള വില്ലേജ് ഓഫീസര്‍ സമരഭൂമിയിലെത്തി താമസക്കാരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തു. പൊതു തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് താമസക്കാരുടെ ശ്രമം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Aaranmula strikers allegation against CPM leaders, Pathanamthitta, News, Politics, Strikers, Allegation, CPM, Complaint, Kerala.
Previous Post Next Post