ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയെ ആശുപത്രിക്കിടക്കയില്‍ സന്ദര്‍ശിച്ച് അബൂദാബി കിരീടാവകാശി

അബൂദബി: (www.kvartha.com 29.12.2018) ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയെ ആശുപത്രിക്കിടക്കയില്‍ സന്ദര്‍ശിച്ച് അബൂദാബി കിരീടാവകാശി. മലപ്പുറം കുറുവ പഴമുള്ളൂര്‍ മുല്ലപ്പള്ളി അലി(56) യെയാണ് അബൂദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സന്ദര്‍ശിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അബൂദാബി ക്ലീവ്‌ലാന്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അലിയെ കാണാന്‍ കിരീടാവകാശി എത്തിയത്.

ചെണ്ടക്കോട് മുല്ലപ്പള്ളി കോമുക്കുട്ടിയുടെ മകനായ അലി 16ാം വയസില്‍ യുഎഇയില്‍ എത്തിയതാണ്. മൂന്നു പതിറ്റാണ്ടിലേറെയായി അബൂദാബി കൊട്ടാരത്തിലെ ജീവനക്കാരനാണ്. ഈയിടെ തുടര്‍ച്ചയായി നടത്തിയ ചില യാത്രകള്‍ക്കു ശേഷം തലവേദയും ക്ഷീണവും ശക്തമായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയത്. അടിയന്തിര ശസ്ത്രക്രിയ നടത്തുവാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.

വിവരം ലഭിച്ചയുടനെ കിരീടാവകാശിയുടെ ഓഫീസില്‍ നിന്ന് അലിയുടെ കുടുംബാംഗങ്ങളെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വേണ്ട സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്താമെന്ന ഉറപ്പും നല്‍കി. ശസ്ത്രക്രിയക്കു ശേഷം കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി റോയല്‍ കോര്‍ട്ട് ഓഫീസ് തന്നെയാണ് ക്ലീവ്‌ലാന്‍ഡ് ആശുപത്രിയിലേക്ക് അലിയെ മാറ്റിയത്.

യുഎഇയോടും രാജ്യത്തിന്റെ നായകരോടും പുലര്‍ത്തിയ വിശ്വസ്തതക്കും സ്‌നേഹത്തിനും ലഭിച്ച അംഗീകാരമാണിത്. വ്യാഴാഴ്ച ഉച്ചക്ക് ശൈഖ് മുഹമ്മദ് തന്നെ നേരിട്ട് കാണാനെത്തിയത് ഇരട്ടി സന്തോഷം നല്‍കിയിരിക്കുകയാണ്.


Keywords: Gulf, Abu Dhabi, News, hospital, Visit, Prince, Sheikh Muhammed Bin Zayid Al Nahyan visits Mullappally Ali at hospital, Mullappally Ali
Previous Post Next Post