'ഒലി അമന്‍ ജോദ' തേനീച്ചകളുടെ ശാന്തിക്കുവേണ്ടി പോരാടുന്ന രാജ്ഞി

തൃശൂര്‍: (www.kvartha.com 31.12.2018) ഒലി അമന്‍ ജോദയെന്നാല്‍ തേനീച്ചകളുടെ ശാന്തിക്കുവേണ്ടി പോരാടുന്ന രാജ്ഞിയെന്നര്‍ത്ഥം. അവള്‍ക്കിപ്പോള്‍ പതിമൂന്നു വയസ്സാണ്. രണ്ടര വയസ്സുമുതല്‍ തേനീച്ചകളുമായി കളിക്കുന്ന അവളോട് എന്താണ് തേനീച്ചകളോട് ഇത്ര ഇഷ്ടം എന്ന ചോദ്യത്തിന് 'ആദ്യകുത്തിന്റെ മധുരമെന്ന്' അവള്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

വൈഗയുടെ സ്റ്റാളുകളില്‍ ഒന്നില്‍ വയനാട്ടില്‍ നിന്ന് എത്തിയതാണ് ഒലി അമന്‍ ജോദ. ഹൈദരാബാദില്‍ എന്‍ ഐ ആര്‍ ഡി & ആര്‍ ഡിയില്‍ റിസോഴ്‌സ് പേഴ്‌സണായി ജോലി ചെയ്യുന്ന അവളുടെ സമ്പാദ്യം ആദിവാസികളുടെ പുരോഗമനത്തിനുള്ളതാണ്. പതിനയ്യായിരം മുതല്‍ ഇരുപതിനായിരം വരെ നേടുമ്പോഴും നീക്കിയിരിപ്പ് തുച്ഛം മാത്രം.

Oli Aman Joda- the honey bee queen, Thrissur, News, Local-News, Lifestyle & Fashion, Student, IAS Officer, Kerala.

ഒരു സെന്റ് ഭൂമി പോലും സ്വന്തമായില്ല. വാങ്ങിത്തരാന്‍ സന്മനസ്സ് കാണിക്കുന്നവരോട് ഭൂമി വേണ്ട നിങ്ങള്‍ കൂടെയുണ്ടായാല്‍ മതിയെന്നാണ് മറുപടി. ജീവിതത്തില്‍ താങ്ങായി നില്‍ക്കുന്നത് അമ്മാവനാണ് (പയ്യപ്പിള്ളി രഘു). അച്ഛന്റെ താങ്ങ് ഇല്ലാതാവുമ്പോഴും തളര്‍ന്നിട്ടില്ല. തേനീച്ചകള്‍ക്ക് വേണ്ടിയായിരുന്നു ജീവിതം. പഞ്ചായത്തില്‍നിന്നും പണം കൊടുത്ത് കൂടുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ജോദ ഇടപെട്ടാണ് ആ ശ്രമം ഇല്ലാതാക്കുന്നത്. ജനങ്ങളെ തേനീച്ചകളില്‍ നിന്ന് രക്ഷിക്കാനും അവയെ സംരക്ഷിക്കാനും എന്നും അവള്‍ നിന്നിട്ടുണ്ട്.

തേനീച്ചകളോടുള്ള അടുപ്പമാണ് ജോദയെ ആദിവാസികളിലേക്കെത്തിക്കുന്നത്. അവരില്‍ അവളുടെ ഇപ്പോഴത്തെ ലക്ഷ്യം മാസിയാണ്. ഒരു മരത്തിന്റെ കീഴിലാണത്രെ അവരുടെ താമസം. ആരുമില്ല. ജോദയെ കണ്ടാല്‍ ഇടയ്ക്ക് അവരില്‍ സന്തോഷം മിന്നിമറയുന്നതു കാണാം. എങ്ങനെ മാസിയെ ആ മരത്തിന്‍ കീഴില്‍ നിന്ന് രക്ഷിക്കാം എന്നാണ് ഇപ്പോഴത്തെ ജോദയുടെ ചിന്ത.

രണ്ടാം ക്ലാസിലും പിന്നെ എട്ടാം ക്ലാസിലും മാത്രമാണ് സ്‌കൂളില്‍ ചേര്‍ന്നുകൊണ്ട് വിദ്യ അഭ്യസിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആദിവാസി കുട്ടിയോടുള്ള അധ്യാപകരുടെ അവഗണന, ഭ്രാന്തെന്ന മുദ്രകുത്തല്‍, അടുത്തിടപഴകുന്ന സഹപാഠികളോട് അരുതെന്ന താക്കീത്, മുറിയില്‍ പൂട്ടിയിടല്‍ ഇതിനെയെല്ലാം ധീരമായെ ജോദ നേരിട്ടിട്ടുള്ളൂ.

നിന്നെ വിറ്റിട്ടാണോ നിന്റെ അമ്മ ജീവിക്കുന്നതെന്ന അധ്യാപികയുടെ ചോദ്യത്തിന് മുന്നില്‍ ജോദ പതറിയിട്ടില്ല. ഒമ്പതാം ക്ലാസ് ആരുടെയും സഹായമില്ലാതെ എഴുതിയെടുക്കാന്‍ സ്വന്തമായി പൊരുതുകയാണ്. എ പ്ലസുകള്‍ വാരികൂട്ടുന്ന അവളോട് അവളുടെ കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കേണ്ടവര്‍ അവളിലെ ആത്മവിശ്വാസം തല്ലിക്കെടുത്താനേ ശ്രമിച്ചിട്ടുള്ളൂ. പ്രകൃതിയോടുള്ള സ്‌നേഹം ക്വാറി സമരത്തിലെത്തിച്ചപ്പോഴും പോലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങിയപ്പോഴും ഒന്നേയുള്ളൂ പറയാന്‍ 'ജീവിക്കുന്നെങ്കില്‍ ഞാന്‍ ജീവിക്കുക തന്നെ ചെയ്യും. മരിക്കുവാണെങ്കില്‍ അങ്ങ് തീരട്ടെ.'' പോരാളിയുടെ വാക്കുകള്‍ ചിരിയോടെ അവള്‍ ആവര്‍ത്തിക്കുന്നു.

സ്വന്തം ജന്മദിനത്തില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അവ സംരക്ഷിച്ചുപോരുകയും ചെയ്യുന്ന ജോദ എന്നും കാടിനെ സ്‌നേഹിച്ചിട്ടേയുള്ളൂ. മനുഷ്യത്വമുള്ളവരുടെ വലയം അതിനെയാണ് അവള്‍ സമ്പത്തായി കരുതുന്നത്. ലക്ഷ്യമെന്തെന്ന ചോദ്യത്തിന് ബീ റിസേര്‍ച്ചര്‍, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി പിന്നെ ഇപ്പോ ഒരു ലക്ഷ്യം കൂടിയുണ്ടെന്നും അത് ഐഎഎസ് ആണെന്നും മറുപടി. ''എനിക്കവര്‍ക്കുവേണ്ടി കൂടുതല്‍ ചെയ്യണം. ചെയ്യണമെങ്കില്‍ എന്റെ കൈയ്യില്‍ അധികാരം വേണം'' ജോദ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Oli Aman Joda- the honey bee queen, Thrissur, News, Local-News, Lifestyle & Fashion, Student, IAS Officer, Kerala.
Previous Post Next Post