ഇനിയും മതില്‍ കെട്ടും ഞങ്ങള്‍, പെണ്ണിനോടുള്ള വിവേചനങ്ങളെല്ലാം തകരും വരെ

കൂക്കാനം റഹ് മാന്‍

(www.kvartha.com 29.12.2018) കേരളീയ സ്ത്രീകളെങ്കിലും ഉണരണം, ഉയരണം. ഇതര സംസ്ഥാന വനിതകള്‍ക്ക് മാതൃകയാവണം. നൂറ്റാണ്ടുകളായി ത്യാഗധനരായ നിരവധി സ്ത്രീരത്‌നങ്ങള്‍ ആവേശപൂര്‍വ്വം നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് പല സ്ത്രീ പീഡനങ്ങള്‍ക്കും അറുതി വരുത്താന്‍ സാധിച്ചത്. ഇന്നിപ്പോള്‍ കേരളീയ സ്ത്രീകള്‍ തലയുയര്‍ത്തി തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ സധൈര്യം നേരിടുന്നുണ്ട്. എങ്കിലും ചില സംഘടിത വിഭാഗങ്ങള്‍ സ്ത്രീകളെ മുന്നോട്ടുകുതിക്കാന്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. അത്തരം പിന്നോക്കം വലിക്കുന്ന ദുഷ്ടശക്തികളെ നേരിടാനുള്ള ശക്തി പകര്‍ന്നുനല്‍കുന്ന നടപടികള്‍ സമൂഹത്തിന്റെ നന്മ നിറഞ്ഞ മനുഷ്യത്വമുള്ള സംഘങ്ങളും മുന്നോട്ടു വന്നു കഴിഞ്ഞു.
 Women wall, Kookkanam Rahman, Article, Need and importance of women wall

ഇന്ത്യയിലെ ഉയര്‍ന്ന നീതിന്യായ കോടതി സ്ത്രീകളുടെ പക്ഷത്തുനിന്ന് സ്ത്രീ അനുകൂല വിധികള്‍ പുറപ്പെടുവിച്ചുകൊണ്ടേയിരിക്കുകയാണ്. മുത്തലാഖ് നിരോധനം, ശബരിമല സ്ത്രീ പ്രവേശനം, വിവാഹേതര ലൈംഗിക ബന്ധ അനുകൂല വിധി ഇതൊക്കെ കണ്ണുതുറന്നു കാണണം. കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്നത്തെ സംസ്ഥാന ഭരണകൂടവും സ്ത്രീമുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സ്വീകരിച്ചുവരുന്നത്.

മതിലുകള്‍ ഉണ്ടാക്കുന്നത് തടസ്സങ്ങള്‍ തീര്‍ക്കാനാണ്. മനുഷ്യത്വത്തിനെതിരെ, സ്ത്രീത്വത്തിനെതിരെ ഉയരുന്ന വെല്ലുവിളികള്‍ ഇക്കാലത്ത് വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. അവയെ തടയണം, തച്ചുടക്കണം അതിന് മനുഷ്യരുടെ കൂട്ടായ്മ ഉണ്ടാകണം. സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അനീതികളും അക്രമങ്ങളും അസമത്വങ്ങളും ഇല്ലാതാക്കണം. അതിന് സ്ത്രീകള്‍ തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. യഥാര്‍ഥ മതിലല്ല അതിന്റെ പ്രതീകങ്ങള്‍ സൃഷ്ടിച്ച് സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന ദുഷ്ടശക്തികള്‍ക്ക് താക്കീതായി തീരണം ജനുവരി ഒന്നിന് നടത്തുന്ന വനിതാമതില്‍.

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനെതിരെ നടത്തുന്നസമരങ്ങള്‍ അവിടംകൊണ്ട് അവസാനിപ്പിക്കുവാനല്ല അതിന്റെ സംഘാടകര്‍ കോപ്പുകൂട്ടുന്നത്. ദൈവ വിശ്വാസത്തിന്റെ പേരില്‍ അത്തരം വിശ്വാസികളെ പെട്ടെന്ന് കയ്യിലെടുക്കാന്‍ കഴിയുമെന്നും അവരെ അണിനിരത്തി പ്രകോപനം ഉണ്ടാക്കി പുരോഗമനേഛുക്കളുടെ നാവടക്കാമെന്നും അവര്‍ കണക്കുകൂട്ടി. ഇതില്‍ ഈശ്വരവിശ്വാസമല്ല രാഷ്ട്രീയനേട്ടം കൊയ്യാമെന്നും വിശ്വസിക്കുന്നു. അവര്‍ കണ്ടെത്തിയ സമരമുറ 'നാമജപയാത്ര' സംഘടിപ്പിക്കലാണ്. മുന്നിട്ടിറങ്ങിയത് സ്ത്രീകളാണെന്നും നാം ഓര്‍ക്കണം. നാമജപയാത്ര എന്ന് പറഞ്ഞും ശബരിമല അശുദ്ധമാക്കപ്പെടുന്നു എന്ന് വിശ്വസിപ്പിച്ചുമാണ് പാവപ്പെട്ട വിശ്വാസികളായ സ്തീകളെ സൂത്രശാലികളായ സ്ത്രീവിരുദ്ധര്‍ തെരുവിലൂടെ നടത്തിച്ചത്.

പക്ഷെ നാമജപയാത്രയിലും പങ്കെടുത്ത് തൊണ്ടപൊട്ടുമാറ് നാമജപം വിളിച്ചോതിനടന്ന സ്ത്രീകള്‍ ക്രമേണ സത്യം മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. സ്ത്രീകളെ മൊത്തത്തില്‍ അശുദ്ധിയുള്ളവര്‍ എന്ന് മുദ്രകുത്തി മാറ്റിനിര്‍ത്താനും 'ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'എന്ന മനുവിന്റെ കാലത്തേക്ക് സ്ത്രീകള്‍ നേടിയെടുത്ത ദുരാചാരങ്ങള്‍ നിലനിര്‍ത്താനുള്ള കപടതന്ത്രമാണ് ഇതിന്റെ പിന്നിലെന്നും തിരിച്ചറിയാന്‍ തുടങ്ങി.
കപടസദാചാരവാദികള്‍ ജനിക്കുംമുന്‍പ് ഇവിടുത്തെ നല്ല മനുഷ്യര്‍ പഠിച്ചതും പഠിപ്പിച്ചതും 'സ്ത്രീ ദേവതയെന്നാണ്, വീടിന്റെ വിളക്കെന്നാണ്' ഇന്ത്യന്‍ വിശ്വാസം. സ്ത്രീയുടെ കാലടിപ്പാടുകളിലാണ് സ്വര്‍ഗ്ഗരാജ്യമെന്ന് ഇസ്ലാം മത വിശ്വാസികളെ പഠിപ്പിച്ചു. ഇതേത്തുടര്‍ന്ന് അതിന് ശേഷമുള്ള കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കായിരുന്നു കുടുംബത്തിന്റെ ചുമതല. അവരായിരുന്നു വീട് ഭരിച്ചിരുന്നത്.

ക്രമേണ സ്ത്രീകളെ കുറിച്ചുള്ള ധാരണകള്‍ പുരുഷന്മാര്‍ മാറ്റിമറിച്ചു. സ്ത്രീ ആധിപത്യത്തില്‍നിന്ന് പുരുഷാധിപത്യം നിലവില്‍വന്നു. സ്ത്രീകളെ അബലകളെന്നും ചബലകളെന്നും മുദ്രകുത്തി. കായികബലമുള്ള പുരുഷന്മാര്‍ വേട്ടയാടലിലും കാര്‍ഷികമേഖലയിലും ആധിപത്യം പുലര്‍ത്തി. സ്ത്രീകള്‍ പുരുഷന്മാര്‍ അധ്വാനിച്ചുകൊണ്ടുവരുന്ന ആഹാരസാധനങ്ങള്‍ പാചകം ചെയ്തുകൊടുക്കുന്നവരായി മാറി.
കാലം ഒരുപാട് മുന്നോട്ടുനീങ്ങിയപ്പോള്‍ പുരുഷന്റെ കൂട്ടാളിയായി സ്ത്രീയും സ്ത്രീയുടെ കൂട്ടാളിയായി പുരുഷനും വേണമെന്ന തത്വം പഴയകാല സമൂഹം അംഗീകരിച്ചു. അങ്ങനെ കൂട്ടുകുടുബവും ക്രമേണ ഇക്കാലത്തുള്ളതുപോലെ അണുകുടുംബങ്ങളും ഉണ്ടായി. അരനൂറ്റാണ്ട് മുമ്പുവരെ സ്ത്രീകള്‍ സ്വതന്ത്രരായി നടന്നിരുന്നു. അതിനുമുമ്പ് മാറുമറയ്ക്കാന്‍ അനുവദിക്കാത്ത കാലത്ത് ജീവിച്ചുവന്ന സ്ത്രീകളുടെ പിന്മുറക്കാര്‍ അടുത്തകാലം വരെ മാറുമറയ്ക്കാതെ നടന്നിരുന്നു.

എന്റെ ഓര്‍മയില്‍ കൊച്ചുഗ്രാമമായ കൂക്കാനത്തെ ചിരിയേട്ടി, മാതൈ ഏട്ടി, ലക്ഷ്മിയേട്ടി, പാട്ടിയമ്മ, കുഞ്ഞാതിയേട്ടി തുടങ്ങി നിരവധി സ്ത്രീകള്‍ മാറുമറയ്ക്കാതെ ഇടവഴിയിലൂടെയും വയലിലൂടെയും അയല്‍വീടുകളിലേക്കും പീടികകളിലേക്കും പോകുന്നത് ഓര്‍മയില്‍ വരുകയാണ്. അന്നൊന്നും ഒരു സ്ത്രീപീഡനവും നടന്നിട്ടില്ല. അവരുടെ പോക്കും വരവും സാധാരണ സ്വഭാവമായേ സമൂഹം കണ്ടിട്ടുള്ളൂ.
ഉയര്‍ന്ന ജാതിക്കാര്‍ എന്ന് പറയുന്നവര്‍ക്ക് മാറുമറയ്ക്കാമെന്നും കീഴ്ജാതിക്കാര്‍ എന്ന് മുദ്രകുത്തിയവര്‍ക്ക് മാറുമറച്ചൂട എന്നും പുരുഷമേധാവിത്വം തിട്ടുരമിറക്കിയപ്പോഴാണ് പ്രശ്‌നമുണ്ടായത്. മാറുമറച്ച് നടക്കുന്ന കീഴ്ജാതി സ്ത്രീകള്‍ക്ക് രാജഭരണം കരം ചുമത്തി. അതില്‍ പ്രതിഷേധിച്ചാണ് മാറുമറച്ചു നടന്ന നങ്ങേലിയോട് കരം പിരിക്കാന്‍ ചെന്ന പുരുഷന്മാരുടെ മുന്നില്‍ താളിലയിലേക്ക് തന്റെ ഇടതുമുല അരിവാളുകൊണ്ടരിഞ്ഞ് വീഴ്ത്തി നല്‍കിയതും അവിടെ ചോര വാര്‍ന്ന് മരിച്ചുവീഴുന്നതും.

മുലക്കരം വാങ്ങുന്നത് നിര്‍ത്തിവയ്ക്കാന്‍ ഇതോടെ രാജഭരണത്തിന് ഉത്തരവിടേണ്ടിവന്നു. ദളിതര്‍ തമ്മില്‍ വിവാഹിതരായാല്‍ അവന്റെ ഭാര്യയെ ആദ്യരാത്രി രാജപ്രതിനിധിയായ പ്രഭുവിന്റെ കൂടെ കിടക്ക പങ്കിടണമെന്ന ആചാരം ഉണ്ടായിരുന്നില്ലേ?അതൊക്കെ മാറ്റിയെടുക്കാന്‍ നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സാധ്യമായി. അരമനക്കുള്ളില്‍ മറക്കുടയ്ക്കുകീഴെ ജീവിച്ചുവന്നിരുന്ന ബ്രാഹ്മണ സ്ത്രീകള്‍ അരങ്ങത്തും പൊതുവേദികളിലും സജീവമായി വരാന്‍ ഇടയാക്കിയതും സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ ശക്തി കൊണ്ടുമാത്രമാണ്.

സ്ത്രീ വിമോചനങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഇന്ത്യന്‍ മുസ്ലീം സ്ത്രീകള്‍ സാംസ്‌കാരികമായി പിന്നോട്ടടിക്കുകയാണോ എന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മുസ്ലീം യുവാക്കളുടെ അറബ് രാജ്യങ്ങളിലെ ബന്ധം മൂലമാണോ എന്നറിയില്ല അവിടുത്തെ സ്ത്രീവേഷമായ പര്‍ദ്ദയിലേക്ക് ഇവിടങ്ങളിലെ മുസ്ലീം സ്ത്രീകളില്‍ മിക്കവരും ചേക്കേറിക്കഴിഞ്ഞു. വസ്ത്രധാരണത്തില്‍ പ്രത്യേകമായി മാറിനില്‍ക്കണോ പൊതുധാരയിലേക്ക് തിരിച്ചുവരണോ എന്ന് മുസ്ലീം സ്ത്രീകള്‍ ചിന്തിക്കണം.അഞ്ചോ ആറോ വയസ്സായ പെണ്‍കുട്ടികള്‍ പോലും അത്തരം വസ്ത്രമണിഞ്ഞ് മദ്രസയിലേക്ക് ചെല്ലുന്നത് കാണുന്നുണ്ട്.പക്ഷെ മദ്രസ കഴിഞ്ഞുവന്ന് സ്‌കൂള്‍ യൂണിഫോമിലെ ഹാഫ് സ്‌കേര്‍ട്ടും ഷര്‍ട്ടുമിട്ട് പോകുന്നതും കാണാം.

സ്ത്രീകളും പെണ്‍കുട്ടികളും ധരിക്കുന്ന വസ്ത്രങ്ങള്‍ പുതുമയുള്ളതായി മാറിക്കൊണ്ടിരിക്കുന്നു.ഫാഷന്‍ ഡിസൈനിംഗ് പഠിച്ച കുട്ടികളാണ് അത്തരം ഡ്രസ്സുകളുടെ പ്രായോജകര്‍.വസ്ത്രം തിരഞ്ഞെടുക്കുന്നതും ധരിക്കുന്നതും വ്യക്തിഗതമാണ്.അതിനെ കുറ്റപ്പെടുത്താന്‍ ആകില്ല.പക്ഷെ മറ്റുള്ളവര്‍ക്ക് ദ്രോഹമാകുന്ന തരത്തിലുള്ള വസ്ത്രധാരണം മാറ്റേണ്ടതുതന്നെയാണ്.

വനിതാവിവേചനത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചും പറയുമ്പോള്‍ സ്വന്തം വീട്ടില്‍ സ്ത്രീകളും പെണ്‍കുട്ടികളും അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യണം.നീ ഉറക്കെ ചിരിക്കരുത് പുറത്തിറങ്ങി നടക്കരുത് ആണുങ്ങളോട് സംസാരിക്കരുത് തുടങ്ങി നിരവധി അരുതുകള്‍ അമ്മമാര്‍ പറയാറുണ്ട്.ഇതൊരു വിവേചന രീതിയല്ലേ?ആണ്‍കുട്ടികളെ സ്വതന്ത്രരായി വിടുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അത്തരം അവസരങ്ങള്‍ നിഷേധിക്കുന്നത് നീതിയല്ലല്ലോ?

ഈ അടുത്ത കാലത്ത് വിവാദമായ സംഭവമാണ് സ്ത്രീ ആര്‍ത്തവം. അമ്പതു വര്‍ഷം മുമ്പ് നടന്ന ഒരുകാഴ്ചയാണ് എന്റെ ഓര്‍മയിലേക്കെത്തുന്നത്. എന്റെ അയല്‍വക്കക്കാരായ ചില യുവതികള്‍ വലിയൊരു തുണിക്കെട്ട് തലയിലേറ്റി കുളക്കടവിലേക്കോ തോട്ടിന്‍കരയിലേക്കോ കുളിക്കാനും അലക്കാനും പോകുന്നത് കണ്ടിട്ടുണ്ട്. അന്ന് കേട്ടറിഞ്ഞത് 'പുറത്തായ പെണ്ണുങ്ങള്‍' കുളിക്കാന്‍ പോകുന്നതാണ് ആ കാഴ്ചയെന്ന്. അവര്‍ അഞ്ചു ദിവസം വീടിനുപുറത്ത് കിടക്കണമെന്നും ഭക്ഷണമൊക്കെ വീടിനുവെളിയില്‍ വച്ചേ കഴിക്കാന്‍ പറ്റൂ എന്നും കേട്ടറിവുണ്ട്. എന്തോ വലിയ തെറ്റ് ചെയ്തതുകൊണ്ടോ വൃത്തികേട് ആക്കിയത് കൊണ്ടോ ആയിരിക്കാം പെണ്ണുങ്ങളെ ഇങ്ങനെയൊക്കെ ചെയ്തിരുന്നത് എന്ന് അന്ന് മനസ്സിലാക്കിയിരുന്നത്.
പക്ഷെ എന്റെ വീട്ടിലെ പെണ്ണുങ്ങളൊന്നും ഇങ്ങനെ ചെയ്യാറില്ല. കല്ലുകെട്ടിയ മറയില്‍ (ഇന്നത്തെ കുളിമുറി) കല്ലിന് മുകളിലൊക്കെ ചെറിയ തുണിക്കഷണങ്ങള്‍ ഉണങ്ങാനിട്ടിരിക്കുന്നത് ഓര്‍മയുണ്ട്. കോളജില്‍ പഠിക്കുന്ന കാലത്താണ് ഉണങ്ങാനിട്ട തുണിക്കഷണങ്ങള്‍ എന്താണെന്ന് പഠിക്കാന്‍ കഴിഞ്ഞത്.

ആര്‍ത്തവരക്തം അശുദ്ധരക്തം അല്ല എന്ന് ഇന്നത്തെ കുട്ടികള്‍ക്ക് അറിയാം. അത് സ്ത്രീഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങളുടെ ജനനപ്രക്രിയയ്ക്ക് സജ്ജമാകുന്ന ഒരു ജൈവപ്രക്രിയയാണ്. അങ്ങനെയൊന്ന് നടന്നില്ലായെങ്കില്‍ ഇന്നത്തെ പുരുഷാധിപത്യം നടപ്പാക്കാന്‍ പെടാപ്പാട് പെടുന്ന പുരുഷകേസരികളൊന്നും ജന്മമെടുക്കില്ലായിരുന്നു. ആ ചിന്ത മാത്രം മതിയായിരുന്നു ആര്‍ത്തവ അശുദ്ധി പ്രസംഗിച്ചുനടക്കുന്ന പുംഗവന്മാര്‍ക്ക്.

ദൈവത്തിന്റെ മുമ്പില്‍ സര്‍വ്വരും തുല്ല്യരാണെന്ന് വിളിച്ചുപറയുകയും ദൈവസന്നിധിയിലേക്ക് ഞങ്ങള്‍ക്കേ പ്രവേശനമുള്ളൂ എന്ന് ഉദ്‌ഘോഷിക്കുന്നവരെ സ്ത്രീജനം തിരിച്ചറിയണം. ദൈവസന്നിധിയില്‍ മാത്രമല്ല സമൂഹത്തിലും ഞങ്ങള്‍ തുല്ല്യരാണ്, ഞങ്ങളും മനുഷ്യരാണ്, ആണുങ്ങള്‍ക്ക് മാത്രമാണ് മസില്‍ പവര്‍ എന്ന് കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ ശ്രദ്ധിക്കുക. പുരുഷന്മാരെപ്പോലെതന്നെ ഏത് കായികാധ്വാനം ചെയ്യാനും ഞങ്ങള്‍ ശക്തരായിക്കഴിഞ്ഞു. തെങ്ങുകയറാനും കല്ലുടക്കാനും കണ്‍സ്ട്രക്ഷന്‍ മേഖലയിലെ ഏത് ജോലി ചെയ്യാനും തുടങ്ങി എല്ലാ പ്രവര്‍ത്തികളും പുരുഷന്മാരെപ്പോലെ ഞങ്ങളും ചെയ്യും. ഇവിടെയും നല്‍കുന്ന കൂലിയിലും തുല്ല്യത വേണേ.

ജനുവരി ഒന്നിന്റെ വനിതാമതില്‍ ഇതിനൊക്കെയുള്ള താക്കീതാണ്. ഇന്ത്യാ ചരിത്രത്തില്‍ ഇടം നേടുന്ന ഒരു സംഭവമായിരിക്കും ഇത്. ജാതിമത കക്ഷിരാഷ്ട്രീയമില്ലാതെ പെണ്ണായി പിറന്നവരെല്ലാം മതിലിന്റെ ഭാഗമാകണം. ഈ മതില്‍ ആര്‍ക്കും തകര്‍ക്കാന്‍ ആകില്ല. ഇതൊരു തുടക്കം മാത്രം. ഇനിയും മതില്‍ കെട്ടും, തകര്‍ക്കും ഞങ്ങള്‍ക്കെതിരായ വിവേചനങ്ങളെയെല്ലാം..

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Women wall, Kookkanam Rahman, Article, Need and importance of women wall 
Previous Post Next Post