ബലാത്സംഗക്കേസ് ഇരയായ പെണ്‍കുട്ടിയെ പ്രതിക്കൊപ്പം അയച്ച് ശിശുക്ഷേമ സമിതി; നിര്‍ഭയ കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചു, സംഭവം വിവാദത്തില്‍

തിരുവനന്തപുരം: (www.kvartha.com 31.01.2018) ലൈംഗിക പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെ പ്രതികളിലൊരാളായ അമ്മ കൂടി താമസിക്കുന്ന വീട്ടിലേക്ക് അയച്ച ഇടുക്കി ശിശുക്ഷേമ സമിതി ( സിഡബ്ല്യുസി)യുടെ തീരുമാനം വിവാദത്തില്‍. അതിനെതിരെ മുഖ്യമന്ത്രിക്കു പരാതി കൊടുക്കാനും നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനും സാമൂഹിക പ്രവര്‍ത്തകര്‍ നീക്കം തുടങ്ങി.

ലൈംഗിക പീഡനക്കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി ജില്ലാ ശിശുക്ഷേമ സമിതികള്‍ സമീപനം സ്വീകരിക്കുന്നുവെന്ന വ്യാപക പരാതികള്‍ നിലനില്‍ക്കെയാണ് ഇടുക്കി സിഡബ്ല്യുസി കഴിഞ്ഞ ദിവസം വീണ്ടും ഇരയുടെ സുരക്ഷയെ ബാധിക്കുന്ന തീരുമാനമെടുത്തത്.

ഇടുക്കിയിലെ സ്വകാര്യ ദത്തെടുക്കല്‍ സ്ഥാപനത്തിലെ ക്രമക്കേടുകളേക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പരിധിയില്‍ ഇടുക്കി സിഡബ്ല്യുസിയുടെ ഇടപെടലുകളുമുണ്ട്.

2015ല്‍ കുമളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്വന്തം വീട്ടില്‍വച്ച് അമ്മയുമായി ബന്ധമുള്ള പുരുഷന്മാര്‍ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഇരയും സാക്ഷിയുമായ പെണ്‍കുട്ടിയെയാണ് കുട്ടി താമസിച്ചിരുന്ന നിര്‍ഭയ ഷോര്‍ട് സ്‌റ്റേ ഹോം അധികൃതരെ തെറ്റിദ്ധരിപ്പിച്ച് സഹോദരനൊപ്പം അയച്ചത്.

അതേ വീട്ടില്‍ത്തന്നെയാണ് പ്രതികളിലൊരാളായ അമ്മയും കഴിയുന്നത്. ഇവര്‍ ഭര്‍ത്താവുമായി പിരിഞ്ഞു ജീവിക്കുകയാണ്. ഈ പെണ്‍കുട്ടിയുടെ സഹോദരിയെയും അമ്മയുമായി ബന്ധമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചതിന് വേറെ കേസുമുണ്ട്. കേസില്‍ ഈ ആഴ്ച വിചാരണ തുടങ്ങാനിരിക്കെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. രണ്ടു പെണ്‍കുട്ടികളും നിര്‍ഭയ കേന്ദ്രത്തിലാണ് താമസിച്ചിരുന്നത്.

കുട്ടിയെ സ്‌കൂളില്‍ അയക്കുന്നതിന് എന്ന പേരിലാണ് നിര്‍ഭയയില്‍ നിന്നു കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ അവര്‍ പറഞ്ഞ കോണ്‍വെന്റ് സ്‌കൂളില്‍ പിന്നീട് നിര്‍ഭയ അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും അവിടെ ഒരു ദിവസം മാത്രമാണ് കുട്ടി ഉണ്ടായിരുന്നത് എന്നാണ് വ്യക്തമായത്. അവിടെ കൊണ്ടുചെന്നിരുന്നു എന്നു വരുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് സൂചന. സഹോദരനൊപ്പം അയച്ച പെണ്‍കുട്ടിയേയും പ്രതിയേയും ഒരേ വീട്ടില്‍ താമസിപ്പിക്കുന്നത് അപകടമാണെന്ന് വ്യക്തമാക്കുന്ന സംഭവം മുമ്പേ ഈ കുട്ടിയുടെയും സഹോദരിയുടെയും കാര്യത്തിലും സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ഓണത്തിന് സിഡബ്ല്യുസി ഇടപെട്ട് പെണ്‍കുട്ടികളെ വീട്ടിലേക്ക് അയച്ചിരുന്നു. എന്നാല്‍ അര്‍ധരാത്രിക്കു ശേഷം അവര്‍ നിര്‍ഭയ അധികൃതരെ ഫോണില്‍ വിളിക്കുകയും തങ്ങളെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും രക്ഷിക്കണം എന്ന് കരഞ്ഞു പറയുകയും ചെയ്തു. തുടര്‍ന്ന് നിര്‍ഭയ അധികൃതര്‍ അപ്പോള്‍ത്തന്നെ കൂട്ടിക്കൊണ്ടു വരികയായിരുന്നു.

സിഡബ്ല്യസികള്‍ പുന: സംഘടിപ്പിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചിട്ട് മാസങ്ങളായെങ്കിലും ആരോപണ വിധേയനായ ഇടുക്കി സിഡബ്ല്യുസി അധ്യക്ഷനുള്‍പ്പെടെ ഇപ്പോഴും തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Victim of molest case is now along with an accused, It is not her decision, Thiruvananthapuram, News, Molestation, Controversy, House, Complaint, Protection, Allegation, Trending, Crime Branch, Investigates, Kerala, Crime, Criminal Case.
< !- START disable copy paste -->
Previous Post Next Post