ബന്ധുവായ യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മര്‍ദിച്ചുകൊന്നു

ഇരിങ്ങാലക്കുട: (www.kvartha.com 31.01.2018) ബന്ധുവായ യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മര്‍ദിച്ചുകൊന്നു. കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുജിത് വേണുഗോപാലാണ്(26) മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്.

ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മര്‍ദനത്തിനിടയാക്കിയ സംഭവം നടന്നത്. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഓട്ടോറിക്ഷാ പേട്ടയില്‍ വച്ചാണ് സുജിത്തിന് മര്‍ദനമേറ്റത്. ഓട്ടോഡ്രൈവര്‍ സ്വാമി എന്ന് വിളിക്കുന്ന മിഥുനാണ് യുവാവിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചത്.


മര്‍ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ സുജിത്തിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

സുജിത്തിന്റെ ഇളയച്ഛന്റെ മകളെ ശല്യം ചെയ്തിരുന്ന ഓട്ടോഡ്രൈവറെ ചോദ്യം ചെയ്തതിലുള്ള വൈര്യാഗ്യമാണ് മര്‍ദനത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തിനു ശേഷവും പ്രതി പെരുവല്ലി പാടത്തിന് സമീപത്ത് വെച്ച് ഇളയച്ഛനേയും മകളേയും ഓട്ടോറിക്ഷയില്‍ എത്തി തടഞ്ഞ് നിര്‍ത്തി ഭീഷണിപെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തുവെന്നും പറയുന്നു.

സംഭവത്തില്‍ ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം.കെ സുരേഷ് കുമാറിന്റെയും സബ് ഇന്‍സ്‌പെക്ടര്‍ സുശാന്തിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

വിദേശത്ത് ജോലി ചെയ്തിരുന്ന സുജിത്ത് കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആയി ജോലിനോക്കിവരികയായിരുന്നു. അമ്മ: അരുണ , സഹോദരി സുവര്‍ണ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man brutally beaten to death, Beat, Murder, Crime, Criminal Case, Doctor, hospital, Treatment, Allegation, Threatened, Kerala.
Previous Post Next Post