ഐ എന്‍ എല്ലിനെതിരായ വിമര്‍ശനങ്ങളും യാഥാര്‍ത്ഥ്യങ്ങളും

(www.kvartha.com 30.01.2018) ഐ എന്‍ എല്ലില്‍ നിന്നും അണികള്‍ കൊഴിഞ്ഞുപോവുകയാണെന്ന തരത്തില്‍ അസ്ലം കാസര്‍കോട് കെ വാര്‍ത്തയില്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പിനാധാരം. മര്‍ദ്ദിത പിന്നോക്ക വിഭാഗത്തിന്റെ വിമോചനം ലക്ഷ്യം വെച്ച് ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്റെ ആദര്‍ശകരങ്ങളാല്‍ രൂപീകൃതമായ ഇന്ത്യന്‍ നാഷണല്‍ ലീഗ് അതിന്റെ 25-ാം വയസിലേക്ക് കടക്കുന്നത് അഭിമാനത്തോടെയാണ്. കാലിടറാത്ത കാല്‍ നൂറ്റാണ്ട് എന്ന് അഭിമാനത്തോടെ നെഞ്ചുയര്‍ത്തി സമൂഹത്തോട് വിളിച്ചു പറഞ്ഞുകൊണ്ട് മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ വലിയ ജനപിന്തുണയോടെ നടന്നുവരികയാണ്.

ബാബരി മസ്ജിദ് ധ്വംസനത്തിന് കൂട്ടുനിന്ന കോണ്‍ഗ്രസിന്റെ അന്നത്തെ നേതൃത്വത്തിന്റെ കപടരാഷ്ട്രീയത്തിനെതിരെയും ദളിത് പിന്നോക്ക ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉയര്‍ന്നുവന്ന വികാരമാണ് ഒരുപക്ഷേ ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ഇപ്പോഴത്തെ അജയ്യ ശക്തിക്കു നിദാനം. ലേഖനത്തില്‍ പറയുന്നതുപോലെ പാര്‍ട്ടി എവിടെയും ദുര്‍ബലമായിട്ടില്ല. കേരള രാഷ്ട്രീയത്തില്‍ ഐ എന്‍ എല്ലിന്റെ സ്വാധീനവും പ്രസക്തിയും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണെന്നതാണ് യാഥാര്‍ത്ഥ്യം. കാര്യപ്രാപ്തിയുള്ള നേതാക്കള്‍ തന്നെയാണ് ഐ എന്‍ എല്ലിന്റെ മുതല്‍കൂട്ട്. അതിനെ ചെറുതായി കാണേണ്ടതില്ല. അണികളില്ലെന്ന് പറയുന്നവര്‍ സ്വപ്‌നജീവികളാണ്.

കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍കോട് ജില്ലയില്‍ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ഇന്നും അജയ്യശക്തിയായി പാര്‍ട്ടി നിലകൊള്ളുന്നു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പി. കരുണാകരന്‍ എം പിയുടെ വിജയത്തിനു പിന്നിലും ഐ എന്‍ എല്‍ എന്ന ആദര്‍ശ രാഷ്ട്രീയത്തിന്റെ നേര്‍മുഖം കാണാനാവും. ഇത് എല്‍ ഡി എഫ് നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിച്ച കാര്യമാണ്. ഐഎന്‍എല്ലിനെ ഇതുവരെ എല്‍ ഡി എഫ് പുറംതള്ളാത്തതും ഐഎന്‍എല്‍ സ്വീകരിച്ചുവരുന്ന വ്യക്തമായ നയസമീപനത്തിന്റെ നേര്‍സാക്ഷ്യമാണ്. അതുപോലെ കണ്ണൂരും കോഴിക്കോടും മലപ്പുറവും മറ്റു ജില്ലകളിലെയും ഐ എന്‍ എല്ലിന്റെ ശക്തി നിര്‍ണായകമാണ്. ഇതിനെ വിലകുറച്ചു കാണാന്‍ ഒപ്പം സഹകരിക്കുന്നവര്‍പോലും തയ്യാറാകാത്ത സാഹചര്യത്തില്‍ മറ്റുള്ള വിമര്‍ശനങ്ങള്‍ ഐഎന്‍എല്ലിന്റെ അണികളും നേതാക്കളും തള്ളിക്കളയുകയാണ്.

ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ വിയോഗാനന്തരം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം കൈമുതലാക്കിയ ഒരുകൂട്ടം നേതാക്കളുടെ അശ്രാന്തപരിശ്രമ ഫലമായി പാര്‍ട്ടി ഇന്നും ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ടെന്ന സത്യം വിസ്മരിക്കാതിരിക്കാന്‍ കഴിയില്ല. ചില നേതാക്കള്‍ അധികാരത്തിനുവേണ്ടി പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയിട്ടുണ്ടെങ്കിലും ആദര്‍ശക്കരുത്തുള്ള ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടിയുടെ പിന്നില്‍ അടിയുറച്ച് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന സത്യം വിമര്‍ശകരുടെ വായടപ്പിക്കുന്നതാണ്.

നീണ്ട വര്‍ഷങ്ങളുടെ പാര്‍ട്ടിയുടെ നിലനില്‍പ്പ് ഏതൊരു മുന്നണി രാഷ്ട്രീയത്തേയും ആശ്രയിച്ചല്ല നിലകൊണ്ടിട്ടുള്ളതെന്ന സത്യവും തിരിച്ചറിയേണ്ടതുണ്ട്. ഐഎന്‍എല്‍ എന്ന പാര്‍ട്ടിയുടെ ആദര്‍ശമാണ് ഇതിന് നിദാനം. ആ ആദര്‍ശത്തില്‍ അടിയുറച്ച് ഇന്നും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിലൂടെ യുവതലമുറയെ ലക്ഷ്യംവെച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി അണികളും നേതാക്കളും. 35,000 ത്തോളം അണികളെ ഇതുവരെ മെമ്പര്‍ഷിപ്പ് കാലയളവില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം പാര്‍ട്ടിക്ക് അംഗങ്ങളാക്കാന്‍ കഴിഞ്ഞു എന്നത്  അഭിമാനകരമായ നേട്ടമായി പാര്‍ട്ടി കാണുന്നു. മറ്റു ജില്ലകളിലും സമാനമായ മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ വലിയ രീതിയില്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

കിടപ്പാടമില്ലാത്ത നിരവധി കുടുംബങ്ങള്‍ക്ക് തലചായ്ക്കാനിടം നല്‍കി ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ മറ്റൊരു മുഖവും ബൈത്തുന്നൂര്‍ പദ്ധിതിയിലൂടെ പാര്‍ട്ടി സംഘടിപ്പിച്ച് കരുത്ത് തെളിയിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ നൂറോളം കുടുംബങ്ങള്‍ക്ക് വീടു വെച്ച് കൊടുക്കുന്ന പദ്ധതിയുമായി പാര്‍ട്ടി മുന്നോട്ട് പോകുന്നു. പാവപ്പെട്ട നിര്‍ധന യുവതികള്‍ക്ക് മാംഗല്യസൗഭാഗ്യമൊരുക്കാനായി രൂപീകരിച്ച മഹര്‍ എന്ന പദ്ധതിയും പാര്‍ട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിന് മറ്റൊരു മുതല്‍ക്കൂട്ടാണ്. പ്രസ്തുത പരിപാടിയിലൂടെ നാടിന്റെ ആകെ പ്രശംസ പിടിച്ചുപറ്റാന്‍ ഐഎന്‍എല്‍ എന്ന പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നത് വിമര്‍ശകര്‍ നോക്കിക്കാണണം.

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഐ എം സി സിയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാന്‍ കഴിയുന്നതും ഐഎന്‍എല്ലിനോടുള്ള പ്രതീക്ഷ ഒന്നു കൊണ്ടു മാത്രമാണ്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഐ എം സി സിയിലൂടെ നല്‍കിപ്പോരുന്നത്. ഇതിനിടെ ഐ എം സി സിയുടെ ജി സി സി പ്രസിഡന്റ് രാജിവെച്ചുവെന്ന പ്രചരണം രാഷ്ട്രീയ പകപോക്കലിന്റെ മറ്റൊരു മുഖം മാത്രമായേ കാണാനാവൂ. അത്തരം സംഭവം ഉണ്ടായിട്ടുപോലുമില്ല.

പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ് നയിച്ച ജനജാഗ്രതാ യാത്രയ്ക്ക് കാസര്‍കോട് ജില്ലയിലും സംസ്ഥാനത്തുടനീളവും ലഭിച്ച വന്‍ വരവേല്‍പ്പ് രാഷ്ട്രീയ ശത്രുക്കളെ പോലും അമ്പരപ്പിച്ചിരുന്നു. ലക്ഷകണക്കിന് ആളുകളാണ് ജനജാഗ്രത യാത്രയില്‍ പങ്കെടുത്തത്. ചിലര്‍ സ്ഥാനമാനങ്ങള്‍ മോഹിച്ച് കൂടുമാറിയെങ്കിലും അണികളിലെ വികാരം ഇന്നും മായാതെ കിടക്കുന്നുവെന്നത് നാഷല്‍ ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശ രാഷ്ട്രീയത്തിന്റെ വിശുദ്ധിയാണ് തെളിയിക്കുന്നത്. കേരളത്തിലെ പല മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് ജയ- പരാജയങ്ങളെ നിര്‍ണയിക്കാനുള്ള ആള്‍ക്കൂട്ടവും സംഘടനാശേഷിയുമുണ്ടെന്ന കാര്യം രാഷ്ട്രീയ എതിരാളികള്‍ക്കുപോലും തിരിച്ചറിഞ്ഞ നേര്‍സാക്ഷ്യമാണ്. യുവജന പ്രസ്ഥാനമായ എന്‍ വൈ എല്‍ ഇന്ന് കൂടുതല്‍ ശക്തിയോടെ മുന്നോട്ട് പോവുകയാണ്. കാസര്‍കോട് ജില്ലയെ ഇളക്കി മറിച്ചു കൊണ്ട് പാര്‍ട്ടി നടത്തിയ ജില്ലാ സമ്മേളനം ലയന നാടകം കളിച്ചവര്‍ക്ക് ശക്തമായ താക്കീതായി മാറിയിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 80,000 ത്തോളം വോട്ടുകള്‍ പാര്‍ട്ടി നേടി എന്നത് കൊണ്ട് തന്നെ പാര്‍ലമെന്റ് മണ്ഡലത്തിലെ ജയ- പരാജയങ്ങള്‍ നിര്‍ണയിക്കാനുള്ള ശക്തിയായി ഐ എന്‍ എല്‍ ജില്ലയില്‍ വളര്‍ന്നു കഴിഞ്ഞു എന്ന് തെളിയിക്കുന്നു.

മലബാറില്‍ കണ്ണൂര്‍ അടക്കമുള്ള പാര്‍ലമെന്റ് സീറ്റുകളില്‍ ജയപരാജയം നിര്‍ണയിക്കാന്‍ കഴിയുന്നത്ര അടിത്തറ ഉണ്ടാക്കാന്‍ ഐ.എന്‍എല്ലിന് സാധിച്ചിട്ടുണ്ട്. സേട്ടു സാഹിബിന്റെ പിന്‍ഗാമിയായ പ്രൊഫ. മുഹമ്മദ് സുലൈമാന്റെ ആദര്‍ശ വിശുദ്ധിയുടെ കരങ്ങളാല്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി വരും കാലങ്ങളില്‍ അതിന്റെ ജനകീയ അടിത്തറ തെളിയിക്കുക തന്നെ ചെയ്യും. പാര്‍ട്ടിയെ വഞ്ചിച്ചവര്‍ കാലുമാറ്റത്തിന്റെ പതിറ്റാണ്ടിലേക്ക് പോകുമ്പോള്‍, ആദര്‍ശം മുറുകെ പിടിച്ച ഐ.എന്‍.എല്ലിന്റെ നേതാക്കളും പ്രവര്‍ത്തകരും കാലിടറാതെ കാല്‍ നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ സമൂഹം ഐഎന്‍എല്ലിനെ നെഞ്ചിലേറ്റുക തന്നെ ചെയ്യും. മുന്നണിയും അധികാരവും അറബികടലിലേക്ക് വലിച്ചെറിഞ്ഞ സേട്ടു സാഹിബിന്റെ മക്കള്‍ മുന്നണിയും അധികാരവും നോക്കി പ്രവര്‍ത്തിക്കുന്നവരല്ലെന്ന് തെളിയിച്ചു കൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുന്ന കാഴ്ച കാത്തു കാത്തു നിന്നവര്‍ക്ക് കാണുക തന്നെ ചെയ്യാം.

ഹനീഫ പി.എച്ച്.
(ട്രഷറര്‍, നാഷണല്‍ യൂത്ത്ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി)

Keywords: Kerala, INL, Article, Politics, Indian National League, Criticisms against INL and its facts
< !- START disable copy paste -->
Previous Post Next Post