അച്ഛന് നേടാന്‍ പറ്റാതെ പോയത് മകന്‍ നേടിയെടുത്തു; അച്ഛനെ പോലെ ആളുകളെ കയ്യിലെടുക്കാന്‍ തനിക്ക് കഴിയില്ലെന്നും , അച്ഛന്റെ ആരാധകനാണ് താനെന്നും അബിയുടെ മകന്‍

കൊച്ചി: (www.kvartha.com 30.11.2017) മിമിക്രി ലോകത്ത് നിന്നും സിനിമാ രംഗത്തെത്തിയ പ്രതിഭാശാലിയായ കലാകാരനായിരുന്നു അബി. കൊച്ചിന്‍ കലാഭവനിലൂടെയാണ് അബി മിമിക്രി രംഗത്തും അതിലൂടെ പിന്നീട് സിനിമയിലേക്കും എത്തിയത്. സിനിമാ നടന്മാരുടെ അനുകരണമായിരുന്നു അബിയുടെ മാസ്റ്റര്‍ പീസുകള്‍.

മമ്മൂട്ടി മോഹന്‍ലാല്‍ അമിതാഭ് ബച്ചന്‍, മിഥുന്‍ ചക്രവര്‍ത്തി, ശങ്കരാടി തുടങ്ങി നിരവധി കലാകാരന്മാരേയും രാഷ്ട്രീയ നേതാക്കളേയും അബി അനുകരിച്ചിരുന്നു. സ്‌റ്റേജ് മിമിക്രിയിലെ വണ്‍ മാന്‍ ഷോയില്‍ അബി സൃഷ്ടിച്ചെടുത്തത് സ്വന്തം സ്‌റ്റൈല്‍ തന്നെയായിരുന്നു. ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനെ ഇത്രയും മികവോടെ അവതരിപ്പിച്ച മറ്റൊരു മിമിക്രി താരമില്ലെന്ന് വേണമെങ്കില്‍ പറയാം.

Popular Malayalam actor and mimicry artiste Abi dies, Kochi, News, Politics, Bollywood, Amitabh Batchan, Cinema, Entertainment, Kerala, Obituary.

മലയാളത്തിലെ ജാവദ് ജഫ്രി എന്നുവരെ അബിയെ താരങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ മിമിക്രിയിലൂടെ ആരാധകരെ കൈയ്യിലെടുത്ത അബിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറവായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാനാരോടും അവസരം ചോദിച്ചു പോയിട്ടില്ലെന്നുള്ള മറുപടിയാണ് അബി നല്‍കിയത്. എനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ ചിലപ്പോള്‍ സംവിധായകന്റെയടുത്ത് ഇല്ലായിരിക്കാം. തലേലെഴുത്തു പോലെയല്ലേ നടക്കൂവെന്നും അബി പറഞ്ഞിരുന്നു.

എന്നാല്‍ അച്ഛന് നേടാന്‍ പറ്റാതെ പോയത് മകന്‍ നേടിയെടുത്തതാണ് അബിയെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം. എന്നാല്‍, ഇതേകാര്യം ഷെയിനിനോട് ചോദിച്ചപ്പോള്‍ അച്ഛന്റെ ആരാധകനാണ് താനെന്ന മറുപടിയായിരുന്നു ഷെയിന്‍ നല്‍കിയത്. വാപ്പച്ചി നേടേണ്ടതെല്ലാം നേടിയിട്ടുണ്ട്. അതില്‍ കുറവും കൂടുതലും ഉള്ളതായി എനിക്ക് തോന്നുന്നില്ല. മലയാളികള്‍ എവിടെ ചെന്നാലും അബിയുടെ മോന്‍ എന്നാണ് പറയുന്നത്.

എല്ലാവരും വാപ്പച്ചിയെ സ്‌നേഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ട്. വാപ്പച്ചി ചെയ്യുന്നതെന്താണോ അതില്‍ അടിപൊളിയാണ്. ഇപ്പോഴും സ്‌റ്റേജില്‍ ഒരു മണിക്കൂറൊക്കെ നിന്ന് ആള്‍ക്കാരെ കയ്യിലെടുത്ത് കയ്യടിയും മേടിച്ച് ഇറങ്ങുന്നുണ്ട്. അതൊന്നും എനിക്കൊരിക്കലും ചെയ്യാനാവില്ല, ചിന്തിക്കാന്‍ പോലും പറ്റില്ല. ഇതായിരുന്നു ഷെയിന്‍ അച്ഛനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്. ഒരു സിനിമയ്ക്കായി നൃത്തപഠനത്തിനായി ചെന്നൈയിലായിരുന്നു ഷെയിന്‍.

കലാഭാവന്‍ കൂടാതെ കൊച്ചിന്‍ ഓസ്‌കാര്‍ എന്ന ഗ്രൂപ്പിലും സ്വന്തം ട്രൂപ്പായ കൊച്ചിന്‍ സാഗര്‍ എന്ന മിമിക്രി ട്രൂപ്പിലും അനുകരണ കലയുടെ വ്യത്യസ്ത ഭാവങ്ങള്‍ പകര്‍ന്ന അബിയുടെ അന്നത്തെ സഹപ്രവര്‍ത്തകര്‍ ദിലീപ്, കലാഭവന്‍ മണി, നാദിര്‍ഷ, ഹരിശ്രി അശോകന്‍, ഷിയാസ് തുടങ്ങിയ കലാകാരന്മാര്‍ ആയിരുന്നു. ഇവരോടൊപ്പം ചേര്‍ന്ന് ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ മൂന്നൂറോളം മിമിക്രി ഓഡിയോ കാസറ്റുകളും അബി സ്വന്തമായി ഇറക്കിയിട്ടുണ്ട്.

തൊണ്ണൂറുകളായിരുന്നു അബിയെന്ന മിമിക്രി സൂപ്പര്‍ താരത്തിന്റെ സുവര്‍ണകാലഘട്ടമെങ്കില്‍ അതിനു ശേഷം നിരവധി കഥാപാത്രങ്ങളിലൂടെ നടനെന്ന നിലയിലും സ്വയം അടയാളപ്പെടുത്താന്‍ അബിക്ക് കഴിഞ്ഞു. കേരളത്തിലും വിദേശരാജ്യങ്ങളിലും നൂറുകണക്കിന് വേദികളെയാണ് സ്വന്തം അനുകരണമികവിലൂടെ അബി അമ്പരിപ്പിച്ചിട്ടുള്ളത്. നിരവധി ടിവി ചാനലുകളിലും അബി ഷോ അവതരിപ്പിച്ചിട്ടുണ്ട്. 1992ല്‍ മമ്മൂട്ടി അഭിനയിച്ച നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ ജഗദീഷിനൊപ്പം മുഴുനീള കോമഡി വേഷത്തില്‍ പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടായിരുന്നു അബിയുടെ സിനിമാ പ്രവേശനം.

തുടര്‍ന്ന് ഭീഷ്മാചാര്യ, എല്ലാരും ചൊല്ലണ്, ചെപ്പ് കിലുക്കണ ചാങ്ങാതി, സൈന്യം, മഴവില്‍കൂടാരം, വാത്സല്യം, ആനപ്പാറ അച്ചാമ, പോര്‍ട്ടര്‍, രസികന്‍, വാര്‍ധക്യ പുരാണം, കിരീടമില്ലാത്ത രാജക്കന്മാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ക്യാരക്ടര്‍ വേഷങ്ങളിലും ഉപനായക വേഷങ്ങളിലും ഹാസ്യ താര വേഷത്തിലും മികച്ച അഭിനയമാണ് അബി കാഴ്ചവെച്ചത്.

Also Read:
കുടുംബവഴക്കിനിടെ അമ്മായിയമ്മ തലയില്‍ തേങ്ങ കൊണ്ടടിച്ചു; ഭര്‍ത്താവ് കസേര കൊണ്ടടിച്ച് തോളെല്ല് പൊട്ടിച്ചു; ഭര്‍തൃവീട്ടില്‍ നടന്ന ക്രൂരതകള്‍ക്കെതിരെ പരാതിയുമായി ബധിര യുവതി പോലീസില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Popular Malayalam actor and mimicry artiste Abi dies, Kochi, News, Politics, Bollywood, Amitabh Batchan, Cinema, Entertainment, Kerala, Obituary.
Previous Post Next Post