തലസ്ഥാന നഗരിയില്‍ ശക്തമായ മഴയും കാറ്റും; ഡാമുകള്‍ നിറഞ്ഞുകവിഞ്ഞു, മരങ്ങള്‍ കടപുഴകി വീണു, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം, സ്‌കൂളുകള്‍ക്ക് അവധി, ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: (www.kvartha.com 30.11.2017) തലസ്ഥാന നഗരിയില്‍ ശക്തമായ മഴയും കാറ്റും. ഇതേ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ട്രെയിനുകള്‍ റദ്ദാക്കി. കഴിഞ്ഞദിവസം രാവിലെയോടെ കന്യാകുമാരിക്ക് സമീപം രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ബുധനാഴ് ച വൈകിട്ട് മുതല്‍ ശക്തമായ കാറ്റും മഴയും തുടരുന്നു.

തമിഴ്‌നാടന്‍ തീരങ്ങളില്‍ ചുഴലിക്കാറ്റുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് കേരളത്തില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ. സുദേവന്‍ അറിയിച്ചു. ഈ നില വ്യാഴാഴ്ച മുഴുവനും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച രാവിലെ മുതല്‍ പലയിടത്തും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. കൊച്ചിയില്‍ ശക്തമായ കാറ്റ് വീശുന്നുണ്ട്. ജനങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കി.

Kerala braces for heavy rains as potential Cyclone Ockhi nears, Thiruvananthapuram, News, Rain, Holidays, Train, Cancelled, Kerala.

കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ തുടരുകയാണ്. കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടവുമുണ്ടായി. മേഖലയിലെ വൈദ്യുതി വിതരണം താറുമാറായി. ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്.

നെയ്യാര്‍ ഡാമിന്റേയും പേപ്പാറ ഡാമിന്റേയും വൃഷ്ടി പ്രദേശത്ത് കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ ഡാമുകള്‍ നിറഞ്ഞൊഴുകുന്നു. ജലനിരപ്പുയര്‍ന്ന അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ബുധനാഴ്ച രാത്രിയോടെയാണ് നെയ്യാര്‍ ഡാമില്‍ ഏഴ് ഇഞ്ച് വീതം നാലു ഷട്ടറുകളും തുറന്നത്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. 84.750 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. ജലനിരപ്പ് 80 മീറ്റര്‍ ആയി ഉയര്‍ന്നതോടെയാണു ഷട്ടറുകള്‍ തുറന്നത്. പേപ്പാറ ഡാമില്‍ മൂന്നു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 

ബുധനാഴ്ച രാത്രിയോടെ ആദ്യ ഘട്ടര്‍ 10 സെന്റീമീറ്റററും വ്യാഴാഴ്ച രാവിലെയോടെ അടുത്ത മൂന്നു ഷട്ടറുകള്‍ 20 സെന്റീമീറ്ററുമാണ് തുറന്നിരിക്കുന്നത്. അരുവിക്കര റിസര്‍വോയറിലെ അഞ്ചു ഷട്ടറുകളും തുറന്നിട്ടുണ്ട്. അണക്കെട്ടുകളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചു. മഴ തുടരുന്നതിനാല്‍ ഏതു സമയവും ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താമെന്ന് അധികൃതര്‍ പറഞ്ഞു.

അതേസമയം ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലുണ്ടായ ശക്തമായ കാറ്റും മഴയും ശക്തമായതോടെ അഗസ്ത്യവന മേഖലയ്ക്ക് താഴെയുള്ള കോട്ടൂര്‍ സെന്റില്‍മെന്റിലുണ്ടായ അതിശക്തമായ പാണ്ടിക്കാറ്റില്‍ ആദിവാസി സെന്റില്‍മെന്റ് ഒറ്റപ്പെട്ടു. ആമല, കൈതോട്, പൊത്തോട് തുടങ്ങി 22 ഊരുകളാണിവിടെയുള്ളത്. കാറ്റില്‍ വീടുകള്‍ക്കും കൃഷിക്കും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. സെന്റില്‍മെന്റുകളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടെന്നാണ് ഫോറസ്റ്റുകാര്‍ അറിയിക്കുന്നത്.

വിതുരയില്‍ വാമനപുരം നദിയിലെ പൊന്നാംചുണ്ട് പാലം വെള്ളത്തിനടിയിലായി. പൊന്‍മുടിയിലും കല്ലാറിലും ശക്തമായ മഴയാണ്. തമിഴ്‌നാട്ടില്‍ നാഗര്‍കോവിലിലും ശക്തമായ മഴയും കാറ്റുമാണ്. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി.

ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുന്നതില്‍ കടലും പ്രക്ഷുബ്ധമാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കനത്തെ മഴയെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ശബരിമലയിലും പുലര്‍ച്ചെ ശക്തമായി മഴ പെയ്തു. സന്നിധാനത്ത് വാവരുനടയ്ക്കുമുന്നിലെ വന്‍മരത്തിന്റെ ശിഖരങ്ങളെല്ലാം വെട്ടിമാറ്റുകയാണ്. മഴ ചെറുതായി പെയ്യുന്നുണ്ട്. ഇതുവരെ തീര്‍ത്ഥാടകര്‍ക്കു നിയന്ത്രണമില്ല. ദര്‍ശനത്തിനു തിരക്കു കുറവാണ്.

ഇടുക്കി ജില്ലയിലും പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്. കോട്ടയത്തും രാവിലെ മുതല്‍ മൂടികെട്ടിയ അന്തരീക്ഷവും മഴയുമാണ്. കനത്ത മഴയെ തുടര്‍ന്ന് ചില ട്രെയിനുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. ചിലത് റദ്ദാക്കി.


റദ്ദാക്കിയ ട്രെയിനുകള്‍

*56318 നാഗര്‍കോവില്‍ - കൊച്ചുവേളി

*56317 കൊച്ചുവേളി -നാഗര്‍കോവില്‍

*66304 കൊല്ലം - കന്യാകുമാരി മെമു

*66305 കന്യാകുമാരി - കൊല്ലം

പുനഃക്രമീകരിച്ച ട്രെയിനുകള്‍

*16723/16724 അനന്തപുരി എക്‌സ്പ്രസ് കൊല്ലത്തുനിന്നാവും പുറപ്പെടുക
*രാവിലെ 6.40ന് കന്യാകുമാരിയില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന 16382 കേപ്പ് മുംബൈ എക്‌സ്പ്രസ് ഉച്ചയ്ക്കു രണ്ടുമണിക്കേ പുറപ്പെടൂ.

*രാവിലെ 10.30ന് കന്യാകുമാരിയില്‍നിന്നു ബംഗളൂരുവിലേക്കു പുറപ്പെടേണ്ടിയിരുന്ന കേപ്പ് എസ് ബി സി എക്‌സ്പ്രസ് മൂന്നു മണിക്കേ പുറപ്പെടൂ.

Also Read:

വിവാഹാവശ്യത്തിന് സ്വര്‍ണം വാങ്ങി കബളിപ്പിച്ചു; അടച്ചുപൂട്ടിയ ജ്വല്ലറി ഉടമയുടെ കുടുംബത്തിനെതിരെ സ്വര്‍ണവ്യാപാരി പരാതി നല്‍കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala braces for heavy rains as potential Cyclone Ockhi nears, Thiruvananthapuram, News, Rain, Holidays, Train, Cancelled, Kerala.
Previous Post Next Post