Follow KVARTHA on Google news Follow Us!
ad

കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; 4 മരണം, മത്സ്യബന്ധനത്തിന് പോയ വള്ളങ്ങളെയും തൊഴിലാളിയെയും കാണാതായി, സ്‌കൂള്‍ കലോത്സവം നടക്കുന്ന മൂന്ന് വേദികള്‍ തകര്‍ന്നുവീണു, വീടുകളും പാലവും വെള്ളത്തിനടിയില്‍, കനത്ത ഉരുള്‍ പൊട്ടല്‍

കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. Thiruvananthapuram, News, Accident, Auto & Vehicles, Death, Train, Kerala,
തിരുവനന്തപുരം: (www.kvartha.com 30.11.2017) കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പാറശാലയില്‍ സ്‌കൂള്‍ കലോത്സവം നടക്കുന്ന മൂന്നു വേദികള്‍ കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു. കുട്ടികള്‍ എത്തുന്നതിന് മുമ്പ് അപകടമുണ്ടായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. കനത്ത മഴയെത്തുടര്‍ന്ന് തലസ്ഥാന ജില്ലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാച ഉച്ചയ്ക്ക് ശേഷം അവധി നല്‍കിയിട്ടുണ്ട്.

അതേസമയം കേരള തീരത്തേക്ക് ചുഴലിക്കാറ്റ് അടുക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയില്‍ 'ഓഖി' ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടു. തെക്കന്‍ കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.


മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. ന്യൂനമര്‍ദം ലക്ഷദ്വീപ് ഭാഗത്തേക്കാണ് നീങ്ങുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് ദുരന്തനിവാരണ സേന കന്യാകുമാരിയിലേക്ക് തിരിച്ചു. കനത്ത മഴയില്‍ കൊല്ലം കുളത്തൂപ്പുഴയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മരം കടപുഴകി വീണു. വിഴിഞ്ഞത്ത് മഴയില്‍ മരം കടപുഴകി വീണ് സ്ത്രീക്ക് പരിക്കേറ്റു. കന്യാകുമാരിയില്‍ ശക്തമായ കാറ്റില്‍ മരം വീണ് മൂന്ന് പേര്‍ മരിച്ചു. ദേശീയ പാതയില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.

തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ രാത്രി യാത്ര ഒഴിവാക്കണമെന്നും, അയ്യപ്പന്മാര്‍ മല കയറാന്‍ കാനന പാത ഉപയോഗിക്കരുതെന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് നാഗര്‍ കോവില്‍ കൊച്ചുവേളി, കൊച്ചുവേളിനാഗര്‍ കോവില്‍, കൊല്ലം കന്യാകുമാരി മെമു ട്രെയിനും തിരുവനന്തപുരം നാഗര്‍ കോവില്‍ പാസഞ്ചറും റദ്ദാക്കി. നിരവധി ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു.

തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെട്ടുകാട് മത്സ്യബന്ധനത്തിന് പോയവരെ കാണാതായി.

തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ മഴ കനത്തിട്ടുണ്ട്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനും സാധ്യതയുണ്ട്. കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കിയില്‍ പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്. കോട്ടയത്തും രാവിലെ മുതല്‍ മൂടിയ കാലാവസ്ഥയും മഴയുമാണ്.

വിതുര അമ്പൂരിയില്‍ വനത്തിനുള്ളില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടലുണ്ടായി. സംഭവത്തെ തുടര്‍ന്ന് കരുമം, പന്തം എന്നിവിടങ്ങളിലെ പതിനാറോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. വീടുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വിതുരയില്‍ വാമനപുരം നദിയിലെ പൊന്നാംചുണ്ട് പാലം വെള്ളത്തിനടിയിലായി. പൊന്‍മുടിയിലും കല്ലാറിലും ശക്തമായ മഴ തുടരുകയാണ്.

ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലുണ്ടായ ശക്തമായ കാറ്റും മഴയും തുടരുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയോടെ അഗസ്ത്യവന മേഖലയ്ക്ക് താഴെയുള്ള കോട്ടൂര്‍ സെന്റില്‍മെന്റിലുണ്ടായ അതിശക്തമായ പാണ്ടിക്കാറ്റില്‍ ആദിവാസി സെന്റില്‍മെന്റ് ഒറ്റപ്പെട്ടു. ആമല, കൈതോട്, പൊത്തോട് തുടങ്ങി 22 ഊരുകളാണിവിടെയുള്ളത്. കാറ്റില്‍ വീടുകള്‍ക്കും കൃഷിക്കും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. സെന്റില്‍മെന്റുകളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടെന്നാണ് ഫോറസ്റ്റുകാര്‍ അറിയിക്കുന്നത്.

അടിമലത്തുറയില്‍ നിന്നും കടലില്‍ പോയ ഏഴ് വള്ളങ്ങളെയും ഒരു മത്സ്യത്തൊഴിലാളിയെയും കടലില്‍ കാണാതായി. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കനത്ത മഴയില്‍ വ്യാപക വാഹനാപകടങ്ങളും നടന്നിട്ടുണ്ട്. മാര്‍ത്താണ്ഡത്തിനടുത്ത് കുഴിത്തുറയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് അപകടത്തില്‍ പെട്ടെങ്കിലും ആളപായമില്ല. പാറശാലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

കനത്ത മഴയെ തുടര്‍ന്ന് ചില ട്രെയിനുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. ചിലത് റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകള്‍

*56318 നാഗര്‍കോവില്‍ - കൊച്ചുവേളി

*56317 കൊച്ചുവേളി -നാഗര്‍കോവില്‍

*66304 കൊല്ലം - കന്യാകുമാരി മെമു

*66305 കന്യാകുമാരി - കൊല്ലം

പുനഃക്രമീകരിച്ച ട്രെയിനുകള്‍

*16723/16724 അനന്തപുരി എക്‌സ്പ്രസ് കൊല്ലത്തുനിന്നാവും പുറപ്പെടുക

*രാവിലെ 6.40ന് കന്യാകുമാരിയില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന 16382 കേപ്പ് മുംബൈ എക്‌സ്പ്രസ് ഉച്ചയ്ക്കു രണ്ടുമണിക്കേ പുറപ്പെടൂ.

*രാവിലെ 10.30ന് കന്യാകുമാരിയില്‍നിന്നു ബംഗളൂരുവിലേക്കു പുറപ്പെടേണ്ടിയിരുന്ന കേപ്പ് എസ് ബി സി എക്‌സ്പ്രസ് മൂന്നു മണിക്കേ പുറപ്പെടൂ

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിര്‍ദേശം

1. വൈകിട്ട് 6നും പകല്‍ 7നും ഇടയില്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കുക

2. മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക

3. കാനന പാത തീര്‍ഥാടനത്തിനായി ഉപയോഗിക്കാതിരിക്കുക

4. ശക്തമായ മഴ ഉള്ള അവസരത്തില്‍ സന്നിധാനത്തും, തിരകെ പോകുവാനും തിരക്ക് കൂട്ടാതിരിക്കുക

5. മരങ്ങള്‍ക്ക് താഴെയും നീരുറവകള്‍ക്ക് മുന്നിലും വിശ്രമിക്കാതിരിക്കുക

6. പുഴയിലും, നീരുറവകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കുക. പമ്പാ സ്‌നാന സമയത്ത് പുഴയിലെ ഒഴുക്ക് ശ്രദ്ധിക്കുക

മലയോര,തീര മേഖലയിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

1. വിനോദസഞ്ചാരികളെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മലയോര മേഖലയിലും, ജലാശയങ്ങളിലും ഉള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കരുത്

2. ജനറേറ്റര്‍, അടുക്കള എന്നിവയ്ക്ക് ആവശ്യമായ ഇന്ധനം കരുതുക

3. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള വിദേശ വിനോദസഞ്ചാരികള്‍ക്കും ഇന്ത്യക്കാര്‍ക്കും അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

4. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, , കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പകല്‍ സമയത്ത് സാധാരണയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ ഡി.ടി.പി.സി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുക.

Also Read:
സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ സംഭവം; ബി ജെ പി പ്രവര്‍ത്തകനെതിരെ നരഹത്യാശ്രമത്തിന് കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cyclone Ockhi closes in, Kerala on high alert , Thiruvananthapuram, News, Accident, Auto & Vehicles, Death, Train, Kerala.