വായന ശീലം: തുടങ്ങാം ചെറുപ്പം മുതൽ

അശ്വതി വി
(www.kvartha.com 17.06.2017)
കുട്ടികളിലെ വായനാ ശീലം വളർത്തുന്നതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു പോലെ പങ്കുണ്ട്. ചെറുപ്പം മുതൽ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടുപോകാൻ നിങ്ങൾക്ക് കഴിയണം. വായിക്കാനായി അവരെ പ്രാപ്തരാക്കുന്നതിനോടൊപ്പം വായിക്കാനായി അവരെ പ്രോത്സാഹിപ്പിക്കുകയും വേണം.

കുട്ടികളുടെ പ്രായത്തിനനുസരിച്ചാവണം അവർക്ക് പുസ്തകങ്ങൾ തെരഞ്ഞെടുത്തുകൊടുക്കേണ്ടത്. പുസ്തകങ്ങൾ ഒരേ സമയം അവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരിക്കണം. നിറങ്ങളും ചായങ്ങളും ചിന്തകളും നിറഞ്ഞ ഒരു മാസ്മരിക ലോകം തീർക്കാൻ വായനകൊണ്ട് അവർക്ക് സാധിക്കണം. അക്ഷരങ്ങളും അക്കങ്ങളും അവരുടെ കൂട്ടുകാരാകണം.

വായിക്കുക എന്നതുകൊണ്ട് അവരെ നല്ല പൗരന്മാരായി വളർത്തിയെടുക്കാനും നല്ല ചിന്തകൾക്കുടമയാക്കാനും സാധിക്കുന്നു. നർമ്മബോധവും ചിന്തയും സംശയങ്ങളും കൂടാതെ പൗരബോധവും ഉത്തരവാദിത്വങ്ങളും കടമയും കുട്ടികളിൽ ഉണ്ടാകാൻ വായനയിലൂടെ സാധിക്കും.

വായന കുട്ടികൾക്ക് നല്ല ആശയങ്ങൾ സമ്മാനിക്കും. കുട്ടികളെ ഓരോ കാര്യവും ചിന്തിപ്പിക്കുന്നതിനും അവരിൽ സംശയം ജനിപ്പിക്കുന്നതിനും അതിനുത്തരം കണ്ടുപ്പിടിക്കുന്നതിനായി കൂടുതൽ വായിക്കുന്ന ശീലത്തിലേക്കും വായന അവരെ കൊണ്ടുപോകും.

ഒരു വ്യക്തിയുടെ വികസനത്തിനും വ്യക്തിത്വത്തിനും വായന ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. നമ്മളിൽ വായന ശീലം വളർന്നു വരുമ്പോൾ നാം ആഴത്തിൽ ചിന്തിക്കും. കാര്യങ്ങൾ കൂടുതൽ ഗ്രഹിക്കും. കുറെകൂടെ വിവരങ്ങൾ ലഭിക്കും. അറിവും, ആശയങ്ങളും ജനിക്കും. ഇത് വ്യക്തിഗത ജീവിതത്തിൽ ഏറെ സഹായകമാകുന്നു.

എന്ത് വായിക്കണം എങ്ങനെ വായിക്കണം എന്നുള്ളത് വ്യക്തികളുടെ അഭിരുചിക്കനുസരിച്ചിരിക്കും. നീ ഇന്നതെ വായിക്കാവു ഇന്നത് വായിച്ചുകൂടാ എന്ന് ആരെയും അടിച്ചേൽപ്പിക്കാൻ ആകില്ല. അവനവനിഷ്ടമുള്ളതും താല്പര്യമുള്ള വിഷയങ്ങളും വായിക്കുവാൻ അവസരം നൽകണം.

National, India, State, Kerala, Reading-Day, Education, Children, Book, P.N Panikkar, Reading, News

പുസ്തകങ്ങൾ കുട്ടികളുടെ കൂട്ടുകാരാവണം. അവരെ അറിയാനും അവർക്കറിയാനുമുള്ള വേദിയാണ് വായന. വായന കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. അതവന്റെ ചുറ്റുപാടും കാഴ്ചപ്പാടും മാറ്റുനതിനു സഹായകമാകുന്നു. വായന മനുഷ്യനെ ഒരു സാമൂഹിക ജീവിയായി മാറ്റുന്നു.

വായനയിലൂടെ കുട്ടികൾക്ക് കൂടുതൽ ആശയ വിനിമയത്തിന് സാധിക്കുന്നു. ആശയങ്ങളും ചിന്തകളും അവരിൽ ഒരു ആശയ വിനിമയത്തിന് വഴിയൊരുക്കുന്നു. അവർ കൂടുതൽ ചിന്തിക്കാൻ തുടങ്ങും, സംശയങ്ങൾക്കുത്തരം കണ്ടെത്താൻ ശ്രമിക്കും, അന്വേഷണ ബുദ്ധിയോടുകൂടി കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കും, വിഷയങ്ങളിൽ പരിശീലനം നേടാൻ ശ്രമിക്കും ഇങ്ങനെയൊക്കെ ആകുമ്പോൾ അവർക്ക് കുറേകൂടി ആശയവിനിമയത്തിന് വായന വഴിയൊരുക്കും. ഒരു കുട്ടികളുടെ ഭാഷ നൈപുണ്യം വികസിക്കുന്നതിലും വായന വലിയ പങ്ക് വഹിക്കുന്നുണ്ട്. അറിവിനൊപ്പം ആനന്ദവും വായന നമുക്ക് സമ്മാനിക്കും. മനസ്സ് ശാന്തമാക്കാനും റിലാക്സ്ഡായി ഇരിക്കാനും വായന നമ്മെ സഹായിക്കുന്നു.

നിർബന്ധിച്ചു വായിപ്പിക്കാതെ താല്പര്യത്തോടുകൂടി വായന ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചു കയറ്റണം. അവർക്ക് മികച്ചത് എന്ന് തോന്നുന്ന പുസ്തകങ്ങളാവണം അവർക്കായി സമ്മാനിക്കേണ്ടത്. കളിപ്പാട്ടങ്ങളും ഛായങ്ങളും കൂടെ ഒരു പുസ്തകവും അവർക്കായി വാങ്ങിക്കണം. പിറന്നാളിനും വിശേഷ ദിവസങ്ങളിലും രസകരമായ നല്ല പുസ്തകങ്ങളാവണം അവർക്ക് സമ്മാനിക്കേണ്ടത്. ‘ചുട്ടയിലേ ശീലം ചുടലവരെ’, എന്ന് പറയുമ്പോലെ കുഞ്ഞുനാളിൽ അവരിൽ വായന വളർത്തി തുടങ്ങിയാൽ വലുതാകുമ്പോൾ അതൊരു ശീലമായി അവർക്കൊപ്പം വളരും.

മലയാളിയെ വായനയുടെ അത്‌ഭുത ലോകത്തേക്ക് കൈപിടിച്ചുകൊണ്ടുപോയ മഹാനായിരുന്നു പി എൻ പണിക്കർ. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച പി എൻ പണിക്കർ വായനയെ ഏറെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓർമയ്ക്കായി കേരളീയർ ജൂൺ 19 വായനാ ദിനമായി ആചരിച്ചു വരുന്നു. കുട്ടികളിൽ വായന ശീലം വളർത്താൻ ഇതിനും നാലൊരു ദിവസം വേറെയില്ല. രക്ഷിതാക്കളും അധ്യാപകരും കുട്ടികൾക്കായി ഓരോ പുസ്തകങ്ങൾ സമ്മാനിക്കുക. അവരെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൊണ്ടുപോകുക. അവരും വളരട്ടെ നാളത്തെ ഏറ്റവും നല്ല വ്യക്തിത്വത്തിനുടമകളായ പൗരന്മാരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, India, State, Kerala, Reading-Day, Education, Children, Book, P.N Panikkar, Reading, News
Previous Post Next Post