വായന ദിനം: ശീലങ്ങളും മാറ്റങ്ങളും

അശ്വതി വി

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
 വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും

(www.kvartha.com 16.06.2017)
വായനാദിനം വന്നെത്തിയപ്പോള്‍ കുഞ്ഞുണ്ണി മാഷിന്റെ പ്രസക്തമായ ഈ വരികൾ ഈ വായന ദിനത്തിൽ ഏതൊരു വായനക്കാരെന്റെയും മനസ്സിൽ ഓടിയെത്തും. ശരിക്കും വായനാ ദിനത്തിന്റെ പ്രസക്തി എന്താണ്, എന്തിനാണ് ഈ വായന ദിനം? തുടങ്ങി ഒട്ടേറെ സംശയങ്ങൾ ഓരോ വായനക്കാരെന്റെയും മനസ്സിൽ ഉണ്ടാകും. കാരണം വായന ശീലമുള്ളവൻ എന്നും വായിക്കും. പിന്നെന്തിനാണ് ഇങ്ങനൊരു ദിനം നമ്മൾ ആചരിക്കുന്നത്?

കുമാരനാശാന്‍, വള്ളത്തോള്‍, ബഷീര്‍, ഒ.എന്‍.വി കുറുപ്പ്, മാധവിക്കുട്ടി, സുഗതകുമാരി, ചങ്ങമ്പുഴ തുടങ്ങി മലയാളത്തിന്റെ നിത്യവസന്തമായ എഴുത്തുകാരെയും ലോകത്തെ എല്ലാ എഴുത്തുകാരെയും നമ്മുക്കിവിടെ സ്മരിക്കാം. വായനയുടെ മാസ്മരിക ലോകത്തേക്ക് കൊണ്ടുപോകാൻ കഴിവുള്ള ഈ എഴുത്തുകാരുടെ ഗ്രന്ഥങ്ങൾ അല്ലെങ്കിൽ കൃതികളുടെ താളുകൾ മറിക്കാൻ ഒരിക്കൽ കൂടി അവസരം വന്നെത്തി.

മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച പി എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. വായന ദിനമായി തെരഞ്ഞെടുക്കാൻ ഏറ്റവും അനുയോജ്യമായ ദിനം. 1909 മാർച്ച് 1 ന് കോട്ടയം ജില്ലയിലെ നീലംപേരൂര്‍ ഗ്രാമത്തിലാണ് പണിക്കർ ജനിച്ചത്. സ്വാതന്ത്ര പ്രാപ്തിക്കു ശേഷം തിരുവിതാംകൂറിലെയും കൊച്ചിയിലേയും ഗ്രന്ഥശാലകളെ ഒരു കുടക്കീഴില്‍ കൊണ്ട് വരുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ഗ്രന്ഥശാലാ സംഘത്തിന്റെ നായകനും കാന്‍ഫെഡിന്റെ സ്ഥാപകനും ആയിരുന്ന പണിക്കരുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക് ലൈബ്രറീസ് ആക്ട്.

വായന നമുക്ക് പലര്‍ക്കും പല തരത്തിലുള്ള അനുഭവം ആണ്. ചിലര്‍ ഒത്തിരി വായിച്ചു വായനയുടെ മാസ്മരിക ലോകത്തേക്ക് ചായുന്നു. വായനയെ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കുന്നു. മറ്റുചിലര്‍ വായനയുടെ ലോകത്ത്‌ സ്വയം വിരചിക്കുന്നു. ചിലർ വായനയിലൂടെ ലഭിക്കുന്ന അറിവിനെ പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു. മറ്റുചിലർ ക്രിയാത്മകമായ പങ്കുവെക്കലുകള്‍ക്ക് താത്പര്യം ഇല്ലാത്തവരാണ്.

വായന മരിക്കുന്നു എന്നു പലരും പറയാറുണ്ട്, പക്ഷെ യഥാർത്ഥത്തിൽ വായന മരിക്കുന്നുണ്ടോ ? വായനയുടെ രൂപവും രീതികളും മാറി മറ്റൊരു തലത്തിലേക്ക് വായന സഞ്ചരിക്കുന്നു എന്നല്ലാതെ വായനയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഒരു മാറ്റവും വന്നിട്ടുമില്ല.

ഇന്റർനെറ്റിന്റെ വളർച്ച നമ്മുടെ വായനയെ സ്വാധിനിച്ചു എന്ന് പറയാം. ഓൺലൈൻ എഴുത്തും വായനയും നമ്മുടെ സമൂഹത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്. ആളുകൾ അവയെ കൂടുതലായി ആശ്രയിക്കാനും തുടങ്ങി. അതിനു ചില കാരണങ്ങളുമുണ്ട്. സമയ ലാഭം, ഇഷ്ടാനുസരണം എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും വായിക്കാം, കൈയ്യിൽ കൊണ്ട് നടക്കേണ്ട, പുസ്തകങ്ങളുടെ ലഭ്യത തുടങ്ങി നിരവധി ഗുണങ്ങളാണ് ഈ ഇ-റീഡിങിലൂടെ നമുക്ക് സാധ്യമാകുന്നത്.

National, India, State, Kerala, Reading-Day, National Day, Book, Writer, Online, Website, Internet, Education, News, Article

അച്ചടി പുസ്തകം ഇല്ല എന്നുള്ളതൊഴിച്ചാൽ ഇവിടെയും വായന നമ്മുക്ക് സാധ്യമാണ്. പുതിയ പുസ്തകങ്ങളുടെ വരവ്, എഴുത്തുകാരുടെ വരവ്, പുസ്തകങ്ങൾക്ക് വിപണിയിലുള്ള ഡിമാൻഡ് ഇതൊക്കെ വായന മരിച്ചിട്ടില്ല എന്നുള്ളതിന്റെ ഏറ്റവും നല്ല തെളിവുകളാണ്. കോളേജുകളിലും ലൈബ്രറികളിലും കുട്ടികളും മുതിർന്നവരും പുസ്തകങ്ങൾ തെരഞ്ഞെടുത്ത വായിക്കുന്ന കാഴ്ചയും ഇന്ന് കുറവല്ല. വായന നടക്കുന്നുണ്ട്, എന്നാൽ അതിന്റെ മാര്ഗങ്ങളിൽ മാറ്റം സംഭവിച്ചു എന്ന് മാത്രം. ഒരു വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന വായനയും വായന തന്നെ.

സാങ്കേതിക വിദ്യയുടെ വികസനം വായനയെ കുറേകൂടി എളുപ്പമുള്ളതാക്കി. ഇ-മെയിലുകളും,ബ്ലോഗുകളും, വെബ് പേജുകളും, സാമൂഹ്യ മാധ്യമങ്ങളെല്ലാം വായനയുടെ ഒരു വലിയ സ്രോതസ്സായിമാറി. വിവരങ്ങളും വാർത്തകളും എന്നുവേണ്ട നമ്മുക്കറിയേണ്ടതെല്ലാം ഇന്ന് ഒരു വിരൽ തുമ്പിൽ നമുക്ക് ലഭ്യമാണ്.

പുസ്തകങ്ങളിലൂടെയുള്ള അറിവുകൾക്ക് ചില പരിമിതികളുണ്ട്. എന്നാല്‍ ഓൺലൈനിൽ പരിമിതികൾ കുറവാണ്. എങ്കിലും പുസ്തകങ്ങളുടെ മണവും സ്പർശനവുമുള്ള വായന ഒരിക്കലും ഇതിൽ നിന്നും നമ്മുക്ക് ലഭിക്കില്ല. പുസ്തകങ്ങൾ വായിക്കാനും അതേസമയം ഇന്റെർനെറ്റിനും മറ്റും പ്രോത്സാഹിപ്പിക്കാനും നാം മറക്കരുത്.

പുസ്തകങ്ങൾ വായിക്കുക. അതിലൂടെ എഴുത്തുകാരെ പരിപോഷിപ്പിക്കുക. എഴുതാൻ അവർക്ക് ഊർജം നൽകുന്നത് അവന്റെ പുസ്തകങ്ങൾ നാം വാങ്ങിക്കുമ്പോഴാണ്. വായനക്കാരന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും എഴുത്തുകാരനെ കൂടുതൽ ചിന്തിക്കാനും എഴുതാനും പ്രേരിപ്പിക്കുന്നു.

വായിക്കുക…..ചിന്തിക്കാനും ചിന്തിപ്പിക്കാനുമായി വായിക്കുക. വായനകൊണ്ട് ഒരു ലോകം തന്നെ മാറ്റിമറിക്കാം. വായന മനസിനും ചിന്തയ്ക്കും പുത്തൻ ഉണർവ്വ് നൽകും. പുത്തൻ ചിന്തകൾ പുത്തൻ ആശയത്തിന് വഴിയൊരുക്കും. ആശയങ്ങൾ നിങ്ങളുടെ തൂലികക്ക് കരുത്ത് പകരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, India, State, Kerala, Reading-Day, National Day, Book, Writer, Online, Website, Internet, Education, News, Article
Previous Post Next Post