പരാതിക്കാര്‍ ശ്രീജ തുളസിയും മുജീബ് റഹ് മാനും; ഈ അന്വേഷണം മാധ്യമ വിരുദ്ധ വടിയാകുമോ?

 


തിരുവനന്തപുരം: (www.kvartha.com 31.03.2017) ശശീന്ദ്രന്‍ വിവാദത്തില്‍ മംഗളം ചാനലിനെതിരേ പോലീസിനു പരാതി കൊടുത്തത് അഭിഭാഷകരായ ശ്രീജ തുളസി, മുജീബ് റഹ് മാന്‍ എന്നിവര്‍. അതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്. തീരുമാനത്തിനു മുമ്പ് മുഖ്യമന്ത്രിയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായും സംസാരിച്ചു. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം.

പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍, കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍ രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘത്തിലെ ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ ഹൈടെക് സെല്‍ എസ്പി ബിജുമോന്‍ ആയിരിക്കുമെന്നും പോലീസ് അറിയിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാനവാസ്, വനിതാ എസ്‌ഐ സുധാകുമാരി എന്നിവരും സംഘത്തിലുണ്ട്.

പരാതിക്കാര്‍ ശ്രീജ തുളസിയും മുജീബ് റഹ് മാനും; ഈ അന്വേഷണം മാധ്യമ വിരുദ്ധ വടിയാകുമോ?


പരാതിക്കാര്‍ ഇല്ലാത്തതുകൊണ്ട് അന്വേഷിക്കാനാകില്ല എന്ന നിലപാട് പോലീസ് സ്വീകരിക്കുകയും ശശീന്ദ്രന്‍ കേസില്‍ പരാതിക്കാരില്ലാത്തത് വ്യാപക ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ ശശീന്ദ്രന്റെ വിവാദ സംഭാഷണം ഒരു വീട്ടമ്മയുമായാണ് എന്ന് തുടക്കത്തില്‍ പ്രചരിച്ചപ്പോള്‍ അങ്ങനെയൊരാള്‍ ശശീന്ദ്രനെതിരേ എന്തുകൊണ്ട് പരാതിയുമായി വരുന്നില്ല എന്ന ചോദ്യമാണ് ഉയര്‍ന്നത്. പക്ഷേ, ശ്രീജ തുളസിയും മുജീബ് റഹ് മാനും മംഗളത്തിനെതിരേയാണ് ശശീന്ദ്രനെതിരേയല്ല പരാതി കൊടുത്തിരിക്കുന്നത്. പരാതി ലഭിച്ചാല്‍ ഒട്ടും വൈകാതെ തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഡിജിപിക്ക് നിര്‍ദേശം ലഭിച്ചിരുന്നു. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തീരുമാനിച്ചത്. അത് പ്രഖ്യാപിക്കുന്നതിനു മുമ്പ് ഔപചാരികമായി മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചുവെന്നു മാത്രം.

അതേസമയം, പൊതുവേ മാധ്യങ്ങളോട് പ്രത്യേകിച്ചും ടിവി ചാനലുകളോട് അത്ര പഥ്യമില്ലാത്ത പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ ഒരു മാധ്യമത്തിനെതിരേ അന്വേഷണത്തിന് ലഭിച്ച അവസരം മൊത്തത്തില്‍ മാധ്യമ വിരോധം തീര്‍ക്കാന്‍ ഉപയോഗിക്കുമോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. മംഗളം ടിവിക്കെതിരേ പ്രഖ്യാപിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പിണറായിയും സര്‍ക്കാരും കാത്തിരുന്ന വടിയായി മാറുകയാണ് ചെയ്തിരിക്കുന്നത് എന്നാണ് ആശങ്ക.

മാധ്യമങ്ങളുടെ അന്വേഷണങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാനും അതുവഴി വായ മൂടിക്കെട്ടാനുമുള്ള ഇടപെടലിന് ഇടയാക്കുന്ന ശുപാര്‍ശകള്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടായാല്‍ അതും ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ നെഗറ്റീവ് ഇംപാക്റ്റായി മാറും.

Keywords:  Kerala, Thiruvananthapuram, Complaint, Media, Journalist, Minister, Resigned, palakkad, Police, News, Impact, Highlight, Here is the complainants against Mangalam T V 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia