കാസര്‍കോട്ട് സ്വര്‍ണ ഇടപാടുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍; സൂത്രധാരന്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങി

 


കാസര്‍കോട്: (www.kvartha.com 31.01.2017) ഏറെ കോളിളക്കം സൃഷ്ടിച്ച കാസര്‍കോട്ടെ സ്വര്‍ണ ഇടപാടുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയുടെ സൂത്രധാരന്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങിയതായും പോലീസിന് വിവരം ലഭിച്ചു.

 തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മന്‍സൂര്‍ അലി(45) യെ പൈവളിഗെ ബായാര്‍പദവ് സുന്നക്കട്ടയില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം പൊട്ടക്കിണറ്റില്‍ തള്ളിയ കേസിലെ മുഖ്യപ്രതികളില്‍ ഒരാളെയാണ് പോലീസ് അറസ്റ്റുചെയ്തത്. കര്‍ണാടക ബണ്ട്വാള്‍ കുറുവാപ്പ ആടിയില്‍ മിത്തനടുക്കയിലെ അബ്ദുല്‍ സലാമി(30)നെയാണ് കുമ്പള സി ഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

ചൊവ്വാഴ്ച രാവിലെ ഉപ്പള ടൗണില്‍ വെച്ചാണ് അറസ്റ്റ്. കേസില്‍ തമിഴ്‌നാട് സ്വദേശിയും ബായാര്‍ പദവില്‍ താമസക്കാരനുമായ അഷ്‌റഫ് അടക്കമുള്ള പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ അഷ്‌റഫിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് മന്‍സൂര്‍ അലിയെ ബായാറിലെ പൊട്ടക്കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഘാതകരെ പോലീസ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഒമ്പതു പേരടങ്ങിയ കൊലയാളി സംഘത്തിലെ മൂന്ന് പേര്‍ പിടിയിലാവുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യപ്രതി പോലീസിനെ വെട്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ കണ്ടെത്താന്‍ അന്വേഷണ സംഘം തമിഴ്‌നാട് പോലീസിന്റെ സഹായവും തേടിയിരുന്നു.

കാസര്‍കോട്ട് സ്വര്‍ണ ഇടപാടുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍; സൂത്രധാരന്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങി

കൊലപാതകത്തിനു ശേഷം കവര്‍ച്ച ചെയ്ത മുതലുമായി കര്‍ണ്ണാടകയിലേക്കും പിന്നീട് തമിഴ്‌നാട്ടിലേയ്ക്കും പ്രതികള്‍ രക്ഷപ്പെട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. ബായാറില്‍ താമസക്കാരനായ തമിഴ്‌നാട് സ്വദേശിയും മന്‍സൂര്‍ അലിയുടെ അടുത്ത ഇടപാടുകാരില്‍ ഒരാളായ കാസര്‍കോട് സ്വദേശിയും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നു അന്വേഷണത്തില്‍ നിന്നും പോലീസിന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്.

പഴയ സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് അഷറഫാണ് മന്‍സൂര്‍ അലിയെ കഴിഞ്ഞ ബുധനാഴ്ച ഫോണില്‍ വിളിച്ചുവരുത്തിയത്. രാവിലെ 10.45 മണിയോടെ മന്‍സൂര്‍ അലി വീട്ടില്‍നിന്നും ഇറങ്ങിയിരുന്നു. ഉച്ചയ്ക്ക് 12.55 മണിയോടെ മന്‍സൂര്‍ ബായാറില്‍ ബസിറങ്ങി. ഈസമയം അഷ്‌റഫ് ഒമ്‌നി വാനുമായി എത്തുകയും മന്‍സൂര്‍ വാഹനത്തില്‍ കയറുകയും ചെയ്തു. അബ്ദുല്‍ സലാമാണ് വാന്‍ ഓടിച്ചിരുന്നത്. 

വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ പിന്‍സീറ്റിലുണ്ടായിരുന്ന അഷറഫ് മന്‍സൂറിന്റെ മുഖത്തേക്ക് മുളക്‌പൊടി വിതറുകയും വണ്ടിയുടെ ലിഫ്റ്റ് പ്ലേറ്റുകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ഇതോടെ അപകടം മനസ്സിലാക്കിയ മന്‍സൂര്‍ വാനില്‍നിന്നും ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അഷറഫ് വീണ്ടും യുവാവിന്റെ തലയ്ക്കടിച്ചു. ഇതോടെ തലയില്‍നിന്നും രക്തംവാര്‍ന്ന് മരണപ്പെട്ട മന്‍സൂറിനെ നൂറ് മീറ്റര്‍ താഴെ റോഡരികിലെ പൊട്ടക്കിണറ്റില്‍ തള്ളുകയാണുണ്ടായത്.

കാസര്‍കോട്ട് സ്വര്‍ണ ഇടപാടുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍; സൂത്രധാരന്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങി

മന്‍സൂര്‍ അലിയുടെ കൈവശമുണ്ടായിരുന്ന അഞ്ചര ലക്ഷംരൂപ അടങ്ങിയ ബാഗ് ഇരുവരുംചേര്‍ന്ന് കൈക്കലാക്കിയിരുന്നു. ഇതില്‍ ഒന്നര ലക്ഷം രൂപ സലാമിന് നല്‍കിയശേഷം ബാക്കിപണവുമായി അഷറഫ് സ്ഥലം വിടുകയാണുണ്ടായത്. ഒന്നര വര്‍ഷം മുമ്പാണ് സലാമിനെ മന്‍സൂര്‍ അലി പരിചയപ്പെട്ടത്. മണപ്പുറം ഫൈനാന്‍സിന്റെ ഉപ്പള ശാഖയില്‍ സ്വര്‍ണ ഇടപാടിനിടെയാണ് മന്‍സൂറും സലാമും പരിചയപ്പെടുന്നത്. അവിടെവെച്ച് മന്‍സൂര്‍ അലിക്ക് സലാം പഴയ സ്വര്‍ണം എടുത്തുകൊടുത്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടു. ഇങ്ങനെ മൂന്ന് തവണ സലാം മന്‍സൂര്‍ അലിക്ക് സ്വര്‍ണം എടുത്തുകൊടുത്തിരുന്നു. ആറ് മാസം മുമ്പാണ് സലാം അഷ്‌റഫിനെ അലിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.

കൊലയ്ക്ക് രണ്ട് ദിവസം മുമ്പ് അഷ്‌റഫും സലാമുംചേര്‍ന്ന് മന്‍സൂര്‍ അലിക്ക് പഴയ സ്വര്‍ണം വില്‍പന നടത്തിയിരുന്നു. ഈസമയത്താണ് അലിയുടെ കൈവശം അഞ്ചര ലക്ഷത്തോളം രൂപയുണ്ടെന്ന് ഇരുവരും മനസ്സിലാക്കിയത്. ഈ പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കസ്റ്റഡിയിലായ സലാമിനെ പോലീസ് ചോദ്യംചെയ്തതോടെ വ്യക്തമായി. അറസ്റ്റിലായ അബ്ദുല്‍ സലാം അടക്കം നാലുപേര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് പോലീസ് ഇതിനകം ഉറപ്പിച്ചിട്ടുണ്ട്.

കാസര്‍കോട് എസ് പി ഓഫീസില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അബ്ദുല്‍ സലാമിന്റെ അറസ്റ്റു വിവരങ്ങള്‍ പുറത്തുവിട്ടത്. ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍, ഡി വൈ എസ് പി എം വി സുകുമാരന്‍, അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ വി വി മനോജ്, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Also Read:
പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; പ്രതികള്‍ക്കെതിരെ ചുമത്തിയത് മാനഹാനി അടക്കമുള്ള വകുപ്പുകള്‍

Keywords: Mansoor Ali's murder; Accused arrested, Kasaragod, Police, Press meet, News, Crime, Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia