ഇതര സംസ്ഥാന തൊഴിലാളിയെ വെടിവെച്ച സംഭവം; വീട്ടുടമയുടെ മകന്‍ അറസ്റ്റില്‍

ആലുവ: (www.kvartha.com 31.10.2016) ഇതര സംസ്ഥാന തൊഴിലാളിയെ വെടിവെച്ച സംഭവത്തില്‍ വീട്ടുടമയുടെ മകന്‍ അറസ്റ്റില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളി ബംഗാള്‍ മുര്‍ഷിദാബാദ് ഹനുമന്ത നഗര്‍ സ്വദേശി മൈനുള്‍ ഷെയ്ക്കിനാണ് (40) വെടിയേറ്റത്. ശരീരത്തില്‍ തറച്ച വെടിയുണ്ട നജാത്ത് ആശുപത്രിയില്‍ നിന്നും ശസ്ത്രക്രിയ ചെയ്ത് നീക്കി.

ആലുവ സിവില്‍ സ്‌റ്റേഷന്‍ റോഡ് വിജയ് മന്ദിരത്തില്‍ വിജയ് ബാലകൃഷ്ണനെ (30) യാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമത്തിന് കേസെടുത്താണ് അറസ്റ്റ്. മൈനുള്‍ ഷെയ്ക്കിന്റെ ശരീരത്തില്‍ മൂന്നു സെന്റിമീറ്റര്‍ ആഴത്തില്‍ വെടിയുണ്ട തറച്ചിരുന്നു. നാലു തുന്നിക്കെട്ടുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. പ്രതിയുടെ വീടിന്റെ അറ്റകുറ്റപ്പണി കരാറെടുത്തയാളുടെ ജോലിക്കാരനാണ് മൈനുള്‍. പരിക്കേറ്റ മൈനുളിനെ ആശുപത്രിയില്‍ എത്തിച്ചതിന് തൊട്ടുപിന്നാലെ വിജയ് ആശുപത്രിയില്‍ ചെന്ന് 'അവനെ മരുന്നു കുത്തിവച്ചു കൊല്ലണ'മെന്നു പറഞ്ഞ് ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചാണ് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. വിജയ് ലഹരിക്ക് അടിമയാണെന്നാണു വീട്ടുകാര്‍ പോലീസിനോടു പറഞ്ഞത്. പ്രതിയുടെ വീട്ടുകാര്‍ക്കു പാലക്കാട് ഫാം ഹൗസുണ്ട്. എയര്‍ഗണ്‍ അവിടെയാണ് സൂക്ഷിച്ചിരുന്നത്. ഒരാഴ്ച മുന്‍പ് അമ്മയും സഹോദരിയും പാലക്കാടു പോയപ്പോള്‍ പ്രതി ആവശ്യപ്പെട്ടതനുസരിച്ചാണ് എയര്‍ഗണ്‍ ആലുവയിലെ വീട്ടിലേക്കു കൊണ്ടുവന്നത്.

തൊട്ടടുത്ത ദിവസം തന്നെ വിജയ് എയര്‍ഗണ്ണുമായി വീടിനടുത്തുള്ള ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനശാലയ്ക്കു മുന്നിലെത്തി നിറയൊഴിക്കുമെന്നു ഭീഷണി മുഴക്കിയിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതി അടുത്തിടെ ലഹരിവിമുക്ത കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. നാലു വര്‍ഷം മുന്‍പു കേരളത്തില്‍ എത്തിയ മൈനുള്‍ ഷെയ്ക് പുക്കാട്ടുപടിയിലാണ് താമസിക്കുന്നത്.

Employer fires at an another state employee, Aluva, Arrest, Custody, Gun attack, hospital, Treatment, Police, Palakkad, Kerala.


Keywords: Employer fires at an another state employee, Aluva, Arrest, Custody, Gun attack, hospital, Treatment, Police, Palakkad, Kerala.
Previous Post Next Post