Follow KVARTHA on Google news Follow Us!
ad

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

പിഞ്ചു പെണ്‍കുഞ്ഞുങ്ങളെ കൊത്തിനുറുക്കുന്ന മനുഷ്യജന്മം പൂണ്ട കഴുകന്മാരെ കരുതിയിരുന്നേ പറ്റൂ. പ്രായമേറെ കഴിഞ്ഞിട്ടും പക്വതവരാത്ത മനസ്സിനുടമകളാണ് Article, Kookanam-Rahman, Girl, Molestation, Complaint, Case, Students, Child line, Police, Insult, Forest, Teenage.
കൂക്കാനം റഹ് മാന്‍

(www.kvartha.com 28.09.2016) പിഞ്ചു പെണ്‍കുഞ്ഞുങ്ങളെ കൊത്തിനുറുക്കുന്ന മനുഷ്യജന്മം പൂണ്ട കഴുകന്മാരെ കരുതിയിരുന്നേ പറ്റൂ. പ്രായമേറെ കഴിഞ്ഞിട്ടും പക്വതവരാത്ത മനസ്സിനുടമകളാണ് കൊച്ചു പെണ്‍കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുന്നത്. ഇത്തരത്തിലുള്ള പൈശാചിക പ്രവൃത്തികള്‍ മൂലം ആ വ്യക്തിയുടെ കുടുംബം അനുഭവിക്കുന്ന മാനസിക വ്യഥയെ കുറിച്ച് ഇവര്‍ ബോധവാന്മാരാവുന്നേയില്ല. സമൂഹത്തില്‍ നിന്ന് പുച്ഛവും നിന്ദ്യവുമായ സമീപനമാണ് ഇത്തരം വ്യക്തികള്‍ക്കുനേരെ ഉണ്ടാവുന്നത്. പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത വിധം ജീവിക്കേണ്ട അവസ്ഥ ഇതുമൂലം സംജാതമാകുന്നു. പത്രമാധ്യമങ്ങളിലൂടെ ഇവരുടെ നീച പ്രവൃത്തികള്‍ ലോകമെമ്പാടുമറിയുന്നതുമൂലം മാനസിക പ്രയാസം അനുഭവിക്കേണ്ടി വരുന്നു. പോലീസും, ചൈല്‍ഡ്‌ലൈനും, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ വ്യക്തിയെ നിയമനടപടികള്‍ക്ക് വിധേയമാക്കുന്നു.

ഇക്കാര്യങ്ങളെല്ലാം പകല്‍ വെളിച്ചം പോലെ വ്യക്തമായി അറിയാന്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടികളെയും, സ്ത്രീകളെയും കാണുമ്പോള്‍ ചില പുരുഷന്മാര്‍ക്ക് ഹാലിളകിപ്പോകുന്നതെന്തു കൊണ്ടെന്ന് മനസ്സിലാവുന്നില്ല. മദ്യ ലഹരി തലയ്ക്കു പിടിക്കുമ്പോഴാണ് ഇത്തരം പേക്കൂത്തുകള്‍ക്ക് ചില വ്യക്തികള്‍ വശംവദരാവുന്നതെന്ന് പറയപ്പെടുന്നുണ്ട്. ലഹരിക്കടിമകളാവാത്ത പുരുഷന്മാരും പെണ്‍കുഞ്ഞുങ്ങളോട് ലൈംഗിക വൈകൃതങ്ങള്‍ കാണിക്കാന്‍ തയ്യാറാവുന്നുണ്ട് ചെറിയ പെണ്‍കുഞ്ഞുങ്ങളെ പൊത്തിക്കാത്തു നടക്കേണ്ട ഗതികേടിലാണിന്ന് രക്ഷിതാക്കള്‍. കണ്ണുതെറ്റിയാല്‍ കൊത്തിക്കീറാന്‍ കാത്തുനില്‍ക്കുകയാണ് മനുഷ്യരൂപം പൂണ്ട കഴുകന്മാര്‍. രക്തബന്ധമുള്ള പെണ്‍കുഞ്ഞുങ്ങളെയും, അയല്‍പക്ക വീടുകളിലെ പെണ്‍കുഞ്ഞുങ്ങളെയുമാണ് ഇത്തരത്തില്‍ പീഡനത്തിനിരയാക്കാന്‍ ശ്രമിക്കുന്നതെന്ന കാര്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

രണ്ടു കൊച്ചുപെണ്‍കുട്ടികള്‍ അനുഭവിക്കേണ്ടിവന്ന ദുരിതാനുഭവങ്ങള്‍ വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്. അവര്‍ അനുഭവിച്ച മാനസിക സംഘര്‍ഷം, പീഡിപ്പിക്കപ്പെട്ട വിവരം എങ്ങിനെ രക്ഷിതാക്കളോടു പറയണം എന്ന ചിന്ത, പറഞ്ഞാലുണ്ടാവുന്ന ഭവിഷ്യത്ത്, അവരുടെ പഠനം മുടങ്ങുമോയെന്ന ഭയം, സ്‌കൂളിലും മറ്റും അറിഞ്ഞാല്‍ എങ്ങിനെയാണ് കൂട്ടുകാരും മറ്റും പ്രതികരിക്കുകയെന്ന ചിന്ത, കേസുമായി പോയാല്‍ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ട് ഇതൊക്കെ ആലോചിച്ച് ആ പെണ്‍കുട്ടികള്‍ തീ തിന്നുകയായിരുന്നു. ബോധവല്‍ക്കരണ ക്ലാസുകളില്‍ നിന്നും, കൗണ്‍സിലിംഗ് ക്ലാസുകളില്‍ നിന്നും കിട്ടിയ അറിവുവെച്ച് അവര്‍ അനുഭവിച്ച പീഡനം രക്ഷാകര്‍ത്താക്കളോട് തുറന്നു പറയാന്‍ ചില കുട്ടികള്‍ തയ്യാറാവുന്നുണ്ട്. ഇത്തരം അനുഭവം വൊറൊരു പെണ്‍കുട്ടികള്‍ക്കുണ്ടാവരുത് എന്ന ചിന്തയും, പീഡിപ്പിച്ചവര്‍ക്ക് തക്കതായ ശിക്ഷ കിട്ടണമെന്ന മോഹവും മനസ്സിലുണ്ടായതിനാലാണ് അവര്‍ തുറന്നു പറയാന്‍ തയ്യാറായതും നിയമ നടപടികളിലേക്ക് നിങ്ങിയതും. കുട്ടികളില്‍ ഈ തരത്തിലുള്ള മനോഭാവ സൃഷ്ടിക്കും, ആത്മ ധൈര്യം പകരാനും വ്യാപകമായ പ്രവര്‍ത്തനങ്ങളാണ്, ചൈല്‍ഡ് ലൈന്‍ പോലുള്ള സംവിധാനങ്ങള്‍ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

ഇവള്‍ നാലാം ക്ലാസുകാരിയാണ്. ഇവളെ നമുക്ക് മൃദുലയെന്നു വിളിക്കാം (യഥാര്‍ത്ഥ പേരല്ല) പഠനത്തില്‍ മികവു പുലര്‍ത്തുന്നവള്‍. അച്ഛനും അമ്മയും ലാളിച്ചു വളര്‍ത്തുന്നു. രണ്ടുപേരും തൊഴിലെടുത്ത് ജീവിക്കുന്നവരാണ്. കുട്ടിയുടെ അമ്മൂമ്മ അടുത്ത വീട്ടിലാണ് താമസം. അവര്‍ കിടപ്പിലായ രോഗിയാണ്. സ്‌കൂള്‍ അവധി ദിവസങ്ങളിലും, സ്‌കൂള്‍ വിട്ടു വന്നാലും മൃദുല അമ്മൂമ്മയെ ശ്രദ്ധിക്കാന്‍ അവരുടെ വീട്ടിലേക്ക് ചെല്ലാറുണ്ട്. രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് അവിടേക്ക് ചെല്ലുന്നത്. കുട്ടിയുടെ ബന്ധുവായ ഒരു ചെറുപ്പക്കാരന്‍ ആ വീട്ടില്‍ താമസമുണ്ട്. മൃദുല മാമന്‍ എന്നാണയാളെ വിളിക്കാറ്. മൃദുലയെ അയാള്‍ അടുത്തേക്ക് വിളിക്കും. അവള്‍ ശങ്കയില്ലാതെ അയാളുടെ അടുത്ത് ചെല്ലും. അടുത്ത് പിടിച്ചു നിര്‍ത്തും. മാറിടത്തില്‍ തലോടുകയും പിടിച്ച് വേദനിപ്പിക്കുകയും ചെയ്യും. ലൈംഗികാവയവത്തിലും ഇതേപോലെ ചെയ്യും. മാസങ്ങളോളം ഇതു തുടര്‍ന്നു കൊണ്ടേയിരുന്നു. അമ്മൂമ്മയെ ശ്രദ്ധിക്കാന്‍ വീട്ടില്‍ നിന്ന് മൃദുലയെ പറഞ്ഞുവിടും. ഭയമുണ്ടെങ്കിലും അവള്‍ അവിടേക്ക് ചെല്ലൂം.

പ്രായത്തില്‍ കവിഞ്ഞ മാറിടവളര്‍ച്ച കണ്ടപ്പോള്‍ അമ്മ കാര്യം തിരക്കി. അപ്പോഴാണ് കുട്ടി അവള്‍ അനുഭവിച്ച പ്രയാസങ്ങള്‍ തുറന്നു പറഞ്ഞത്. അമ്മ ഒട്ടും അമാന്തിച്ചില്ല. ബന്ധുവെന്ന പരിഗണന നല്‍കി ഒതുക്കി വെച്ചില്ല. മകള്‍ക്കുണ്ടാവുന്ന മറ്റ് മാനസിക പ്രയാസങ്ങളും കണക്കിലെടുത്തില്ല. നിയമ നടപടികള്‍ കൈക്കൊള്ളാന്‍ മകളും തയ്യാറായി. ബന്ധപ്പെട്ടവര്‍ക്കെല്ലാം പരാതി സമര്‍പ്പിച്ചു. ഇവിടെ അമ്മയെയും മകളെയും നമുക്ക് അഭിനന്ദിക്കാം. പെണ്‍കുട്ടികള്‍ക്കുണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ മണത്തറിയാനുള്ള കഴിവും രക്ഷിതാക്കള്‍ക്കുണ്ടാവണം. ബന്ധുക്കളായാല്‍ പോലും ആണുങ്ങള്‍ മാത്രമുള്ളിടത്തേക്ക് പെണ്‍കുട്ടികളെ പറഞ്ഞുവിടുമ്പോള്‍ ശ്രദ്ധിക്കണം. അവസരങ്ങളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എന്ന ചിന്ത വേണം. ആ മാമനെന്ന കഴുകന്‍ ജയിലഴികളെണ്ണുകയാണിപ്പോള്‍.

                                                             *************
ഇനി ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സ്‌നേഹ (യഥാര്‍ത്ഥ പേരല്ല) അവളുടെ വേദന പങ്കിടുന്നത് നോക്കാം. തന്റേടമുള്ള കുട്ടിയാണ് സ്‌നേഹ. ആരോടും കയറി സംസാരിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ പിറന്നവളാണ്. വീട്ടില്‍ നിന്ന് കുറച്ചകലെയുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനാണ് അവള്‍ ചെന്നത്. സമയം രാവിലെ ഒമ്പതര മണിയായിക്കാണും. കുറ്റിക്കാടുകളും മറ്റും നിറഞ്ഞ വഴിയിലൂടെയാണ് കടയിലേക്ക് വരേണ്ടതും പോകേണ്ടതും. ആള്‍ സഞ്ചാരം കുറഞ്ഞ വഴിയാണത്. സ്‌നേഹ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചു വീട്ടിലേക്ക് പോവുകയായിരുന്നു. 'മോളേ' എന്ന വിളികേട്ട സ്‌നേഹ പിന്നിലേക്ക് തിരിഞ്ഞു നോക്കി. അത് മധു സാര്‍ (യഥാര്‍ത്ഥ പേരല്ല) ആണെന്ന് അവള്‍ തിരിച്ചറിഞ്ഞു. അദ്ദേഹത്തെയും കുടുംബത്തെയുമൊക്കെ സ്‌നേഹക്കറിയാം. വളരെ മാന്യമായ കുടുംബാന്തരീക്ഷമാണദ്ദേഹത്തിന്റേത്. ടൂട്ടോറിയലിലെ ക്ലാസെടുക്കുന്ന സാറാണ്. വയസ്സ് അമ്പത്തഞ്ച് കടക്കും.

വിളികേട്ടപ്പോള്‍ സ്‌നേഹ അവിടെ നിന്നു. 'സാറെങ്ങോട്ടാ' അവള്‍ ചോദിച്ചു. അദ്ദേഹം അതിനുത്തരവും പറഞ്ഞു. അടുത്തെത്തിയ മധുസാര്‍ കൈ അവളുടെ ചുമലില്‍ വെച്ചു. സംസാരിച്ചു കൊണ്ട് രണ്ടുപേരും നടക്കാന്‍ തുടങ്ങി. മെല്ലെമെല്ലെ മധുസാര്‍ സ്‌നേഹയുടെ മാറിടം സ്പര്‍ശിക്കാന്‍ തുടങ്ങി. അവള്‍ പലതവണയും കൈ തട്ടിമാറ്റി. പെട്ടെന്ന് ഒരു പ്രായം ചെന്ന സ്ത്രീ അതുവഴി നടന്നു വരുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ തോന്ന്യാസം ആ സ്ത്രീ കണ്ടെന്ന് തോന്നി. ഈ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍ എന്റെ 'മരുമകളാണെന്ന്' അയാള്‍ മറുപടി പറഞ്ഞു. സ്ത്രീ നടന്നു നീങ്ങിയപ്പോള്‍ അയാള്‍ പഴയ പരിപാടി ആവര്‍ത്തിക്കാന്‍ തുടങ്ങി. അടുത്ത സ്റ്റേജിലേക്ക് അയാള്‍ കടക്കാന്‍ തുടങ്ങി. അവളെ ബലമായി പിടിച്ചു നിര്‍ത്തി. മുഖം പിടിച്ച് ഉമ്മവെക്കാന്‍ ശ്രമിച്ചു. അപ്പോള്‍ അവള്‍ കുതറി ഓടി. ആ ഓട്ടം നിന്നത് അവളുടെ വീട്ടിലെത്തിയിട്ടാണ്. ഓടിക്കിതച്ചെത്തിയ അവളോട് വീട്ടുകാര്‍ കാര്യമന്വേഷിച്ചു. സ്‌നേഹ നടന്ന സംഭവങ്ങളൊക്കെ പറഞ്ഞു. അവര്‍ക്ക് അമ്പരപ്പാണുണ്ടായത്.

പരസ്പരം അറിയുന്ന കുടുംബമാണ്. മാന്യനാണ് എന്നാണ് അവര്‍ ധരിച്ചുവെച്ചത്. കൊച്ചുപെണ്‍കുഞ്ഞുങ്ങളെ പകല്‍ സമയത്തുപോലും ലൈംഗികമായി ആക്രമിക്കുന്ന വരെ നിലനിര്‍ത്തിയേ പറ്റൂ എന്ന ചിന്ത സ്‌നേഹയുടെ രക്ഷിതാക്കള്‍ക്കുണ്ടായി. അവരും നിയമ നടപടികളുമായി മുന്നോട്ടു പോവുകയാണ്. മധുസാറും അദ്ദേഹത്തോടൊപ്പമുള്ള സില്‍ബന്ധികളും സ്‌നേഹയുടെ കുടുംബത്തിനുമേല്‍ കടത്തസമ്മര്‍ദ്ദമാണ് ചെലുത്തിക്കൊണ്ടിരിക്കുന്നത്. കേസും കൂട്ടവുമായി പോകേണ്ട, രമ്യമായി പരിഹരിക്കാം എന്ന നിലപാടുമായാണ് അവര്‍ മുന്നോട്ടുവരുന്നത്.

പീഡനങ്ങള്‍ തുടര്‍ക്കഥകളാവുകയും, ഗോവിന്ദച്ചാമിമാരെ പോലുള്ളവര്‍ നിയമ പഴുതിലൂടെ രക്ഷപ്പെടുകയും ചെയ്യുന്ന ഈ വര്‍ത്തമാനകാല സാഹചര്യത്തില്‍ പെണ്‍കുഞ്ഞായി പിറക്കുന്നതു തന്നെ ശാപമായി മാറിക്കൊണ്ടിരിക്കുന്നു. കൊച്ചു പെണ്‍കുഞ്ഞുങ്ങളെ കൊത്തിക്കീറുന്ന പൈശാചികത്വത്തിന് പീഡകര്‍ക്ക് കടുത്ത ശിക്ഷ നല്‍കിയേ പറ്റൂ. പീഡനത്തിന് വിധേയരാകുന്ന മൃദുലയെയും, സ്‌നേഹയെയും പോലെ ധൈര്യപൂര്‍വ്വം മുന്നോട്ട് വരികയും വേണം. രക്ഷിതാക്കളും സന്ദര്‍ഭത്തിനൊത്ത് ഉയരണം. ഇളം മനസ്സുകളെ നൊമ്പരപ്പെടുത്തുന്ന വ്യക്തികള്‍ ആരായിരുന്നാലും മാതൃകാപരമായ ശിക്ഷ കൊടുത്തേതീരൂ.

 Article, Kookanam-Rahman, Girl, Molestation, Complaint, Case, Students, Child line, Police, Insult, Forest, Teenage.

Keywords: Article, Kookanam-Rahman, Girl, Molestation, Complaint, Case, Students, Child line, Police, Insult, Forest, Teenage.