അന്ധര്‍ക്കായി കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ ഹൈടെക് പൂന്തോട്ടം

തേഞ്ഞിപ്പലം: (www.kvartha.com 29.02.2016) പ്രകൃതിയുടെ നിറങ്ങള്‍ ഒരിക്കല്‍ പോലും കണ്ടറിയാന്‍ ഭാഗ്യമില്ലാതെ പോയവര്‍ക്കായി കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ ഹൈടെക് പൂന്തോട്ടം തയ്യാറാക്കുന്നു. അവസാനവട്ട പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയായാല്‍ അത് അന്ധര്‍ക്കായി തുറന്നുകൊടുക്കും. 17 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.

ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ബോട്ടണി വിഭാഗം പ്രൊഫ. എം സാബുവാണ് ഈ മഹത്തായ ഉദ്യമത്തിന് ചുക്കാന്‍ പിടിക്കുന്നത്. സര്‍വ്വകലാശാലാ ക്യാമ്പസിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന് സമീപത്ത് പ്രത്യേകം കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാണ് അന്ധര്‍ക്കായുള്ള പൂന്തോട്ടം പണിയുന്നത്. സുഗന്ധം പരത്തുന്ന ചെടികള്‍ കെട്ടിടത്തിന് പുറത്തും തൊട്ടറിയാന്‍ കഴിയും വിധം കായ്കനികള്‍ കെട്ടിടത്തിന് അകത്ത് പ്രത്യേകം ചെറിയ ടേബിളിലും സജ്ജീകരിക്കും.

ബ്രെയില്‍ ലിപിയില്‍ രേഖപ്പെടുത്തിയ ബോര്‍ഡും വിരല്‍ തൊടുമ്പോള്‍ ചെടികളുടെയും കായ്കനികളുടെയും വിവരങ്ങള്‍ വിശദീകരിക്കുന്ന സോണിക്ക് ലാബെല്ലര്‍ എന്ന സംവിധാനവും ഒരുക്കി കണ്ണ് കാണാനാകാത്തവര്‍ക്ക് വേറിട്ട അനുഭവം നല്‍കാനാണ് സര്‍വ്വകലാശാലയുടെ തയ്യാറെടുപ്പ്.

സോണിക്ക് ലാബെല്ലറില്‍ നേരത്തെ റെക്കോര്‍ഡ് ചെയ്ത് വെച്ചാണ് ഓരോ ചെടികളുടെയും കായ്കനികളുടെയും വിവരങ്ങള്‍ ഞൊടിയിടയില്‍ അന്ധര്‍ക്ക് ലഭ്യമാകുക. അമ്പതോളം ചെടികള്‍ കെട്ടിടത്തിന് പുറത്ത് വെക്കും. മുപ്പത്തിയഞ്ചോളം ഇനം കായ്കനികള്‍ കെട്ടിടത്തിനകത്തുമുണ്ടാകും. ആറ് സോണിക്ക് ലാബെല്ലറും നൂറോളം ബോര്‍ഡുകളും മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ചിട്ടുണ്ട്.

കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ലക്‌നൗവിലെ നാഷനല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സിസ്റ്റ്യൂട്ടില്‍ മാത്രമാണ് ഇത്തരമൊരു പൂന്തോട്ടമുള്ളെതന്ന് പ്രൊഫ. എം സാബു പറഞ്ഞു. ഏട്ടു വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തില്‍ നിന്ന് പൂന്തോട്ടത്തിന് സാമ്പത്തിക സഹായം ലഭിച്ചത്.

പൂന്തോട്ട നിര്‍മാണത്തിന് പുറമേ കള്ളിമുള്‍ ചെടികളുടെ സംരക്ഷണത്തിനുള്ള വില്ലയും സ്ഥാപിച്ചു കഴിഞ്ഞു. ഏട്ട് ലക്ഷവും ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നവീകരണത്തിന് പതിനാല് ലക്ഷവും അനുവദിച്ചിട്ടുണ്ട്.


Keywords: Calicut University,  Garden, Malappuram, Kerala.
Previous Post Next Post