Follow KVARTHA on Google news Follow Us!
ad

അസ്ഹരി തങ്ങള്‍ അറബ് സാഹിത്യത്തിലെ ബഹുമുഖ പ്രതിഭ

കേരളക്കരയില്‍ നിന്ന് അറബ് ലോകത്ത് അധ്യാപനത്തിലും സാഹിത്യത്തിലും തങ്കലിപികളാല്‍ എഴുതപ്പെട്ട നാമമാണ് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അസ്ഹരി(അസ്ഹരി തങ്ങള്‍). Article, Samastha, Sunni, Arabic,Azhari Thanagal
(www.kvartha.com 22.11.2015) കേരളക്കരയില്‍ നിന്ന് അറബ് ലോകത്ത് അധ്യാപനത്തിലും സാഹിത്യത്തിലും തങ്കലിപികളാല്‍ എഴുതപ്പെട്ട നാമമാണ് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അസ്ഹരി(അസ്ഹരി തങ്ങള്‍). കേരളക്കരയിലെ നിരവധി പണ്ഡിത തേജസുകള്‍ അറബ് സാഹിത്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവരില്‍ പ്രധാനികളിലൊരാളാണ് അസ്ഹരി തങ്ങള്‍. അസ്ഹരി തങ്ങളുടെ അറബി ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ അദ്ദേഹത്തിന്റെ അറബ് സാഹിത്യത്തിലെ അറിവും ആഴവും മനസ്സിലാക്കാനാകും. തങ്ങള്‍ രചിച്ച ഗ്രന്ഥങ്ങള്‍ അറബ് സാഹിത്യ ലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. അല്‍ അറബു വല്‍ അറബിയ്യ എന്ന് ഗ്രന്ഥം ഏറെ ശ്രദ്ധനേടിയിരുന്നു. അറബി ഭാഷയെ കുറിച്ചും അറബികളെ കുറിച്ചും വിശദമായ വിശകലനം ചെയ്യുന്ന ഗ്രന്ഥമാണിത്.
അറബി സാഹിത്യലോകവും ചരിത്ര പണ്ഡിതരും മുക്തകണ്ഡം പ്രശംസിച്ച ഗ്രന്ഥമാണ് മിന്‍ നവാബിഇ ഉലമാഇ മലൈബാര്‍. കേരളത്തിലെ പല മതപഠന കേന്ദ്രങ്ങളേയും മദ്രസാ പഠന രീതിയും കേരള പണ്ഡിതന്‍മാരെ കുറിച്ചും ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന് നേതൃത്വം നല്‍കിയ നേതാക്കളായ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍, ഗാന്ധിജി തുടങ്ങിയവരെ കുറിച്ചും പ്രതിപാദിക്കുന്ന ഈ അമൂല്യ ഗ്രന്ഥം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. അസഹരി തങ്ങള്‍ രചിച്ച മമ്പുറം തങ്ങളുടെ ചരിത്ര ഗ്രന്ഥവും അറബിയിലാണ്.

അധ്യാപനസാഹിത്യ സംഘാടന രംഗങ്ങളില്‍ തന്റേതായ കാല്‍വെപ്പുകള്‍ നടത്തിയ അസ്ഹരി തങ്ങള്‍ 1930ല്‍ തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്തിനടുത്ത് മരത്തംകോടാണ്് ജനനം. പ്രവാചകന്‍ നബി തിരുമേനിയുടെ 38-ാംമത് പേരമകനാണ്. തങ്ങളുടെ കുടുംബം ഹൈദറൂസ് ഖബീലയാണ്. അസ്ഹരി തങ്ങളുടെ പിതാവ് സയ്യിദ് മുഹമ്മദ് കൊച്ചു കോയ തങ്ങളാണ് കേരളത്തിലെ സയ്യിദന്‍മാരില്‍ ആദ്യമായി വെല്ലൂരിലെ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളേജില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കിയ പണ്ഡിതന്‍. പിതാവിന്റെ വഴിയെ ദര്‍സ് പഠനത്തിന് ശേഷം അസ്ഹരി തങ്ങളും വെല്ലൂരില്‍ ഉപരിപഠനത്തിന് പോയി. അവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കി ബാഖവി ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് ദര്‍സ് ജീവിതത്തിലേക്ക് പ്രവേശിച്ചു. അങ്ങനെ നിരവധി പ്രമുഖ മതപണ്ഡിതന്‍മാര്‍ അധ്യാപനം നടത്തിയ തലക്കടത്തൂരില്‍ ദര്‍സില്‍ സേവനം തുടങ്ങി.

പഠനത്തോടുള്ള വല്ലാത്ത ആഗ്രഹം തങ്ങളെ വീണ്ടും വിദ്യാര്‍ത്ഥിയാക്കി. അങ്ങനെ ദയൂബന്ത് ദാറുല്‍ ഉലൂമില്‍ എത്തി. അവിടെ നിന്നും ഖാസിമി ബിരുദവും സ്വന്തമാക്കി. തുടര്‍ന്നും പഠിക്കാന്‍ മോഹവുമായി ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലെത്തി. അവിടെ നിന്ന് അസ്ഹരി ബിരുദവും കരസ്ഥമാക്കി. അതിന് ശേഷമാണ് തങ്ങളെ അസ്ഹരി തങ്ങള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. വീണ്ടും പഠിക്കാന്‍ കൊതിയായി അടുത്ത അന്വേഷണം നടത്തുന്നതിനിടെയാണ് ലിബിയയിലെ സനൂസി സര്‍വകലാശാലയില്‍ അധ്യാപകനായി നിയമിച്ചത്. തങ്ങളുടെ പ്രതിഭാധനത്വം മനസ്സിലാക്കി അവര്‍ നിര്‍ബന്ധപൂര്‍വം തങ്ങളെ ക്ഷണിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തോളം അവിടെ അധ്യാപനം നടത്തി. തുടര്‍ന്ന് റിയാദിലെ സര്‍വകലാശാലയില്‍ 23 വര്‍ഷക്കാലത്തെ സേവനത്തിന് ശേഷം അഞ്ച് വര്‍ഷത്തോളം നജ്ദിലും പിന്നീട് മക്കയിലെ ഖുലൈസാക്കിലും അധ്യാപനം നടത്തി.

കേരളക്കരയിലും വിദേശത്തുമായി പ്രഗത്ഭരായ നിരവധി ശിഷ്യമാര്‍ തങ്ങള്‍ക്കുണ്ട്. സമസ്ത പ്രസിഡന്റായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ വിയോഗ സേഷം കെ കെ അബബബക്കര്‍ ഹസ്‌റത്ത് പ്രസിഡന്റായി. രണ്ട് വര്‍ഷം ഉസ്താദിന്റെ വിയോഗ ശേഷം സമസ്ത കേരള ജംഇയത്തുല്‍ ഉലമ മുശാവറ അംഗമായിരുന്ന അസ്ഹരി തങ്ങള്‍ സമസ്ത അധ്യക്ഷ സ്ഥാനത്തേക്ക് വന്നു. ദീര്‍ഘ കാലം അധ്യക്ഷ പദവി അലങ്കരിച്ച അദ്ദേഹത്തെ പില്‍ക്കാലത്ത് ചില അഭിപ്രായ വിത്യാസത്തിന്റെ പേരില്‍ തദ്സ്ഥാനത്ത് നിന്ന് നീക്കി. പിന്നീട് കാളമ്പാടി മുഹമ്മദ് മുസ്ലലിയാരെ പ്രസിഡന്റായി നിയമിച്ചു. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. അസ്ഹരി തങ്ങള്‍ ബാക്കിവെച്ച അമൂല്യങ്ങളായ ഗ്രന്ഥങ്ങളിലൂടെയും ശിഷ്യന്‍മാരിലൂടെയും അനുയായികളിലൂടെയും അദ്ദേഹം എന്നും സ്മരിക്കപ്പെടും. +KVARTHA World News in Malayalam

Article, Samastha, Sunni, Arabic. Azhari Thanagal.

Keywords: Article, Samastha, Sunni, Arabic.Azhari Thanagal.